25 April Thursday

സർവ്വകലാശാലകൾ എങ്ങനെ പ്രവർത്തിക്കണം എന്ന് തീരുമാനിക്കേണ്ടത് നിയമസഭകൾ; ഗവർണർ പദവിക്കനുസരിച്ച് പെരുമാറണം: പി രാജീവ്

വെബ് ഡെസ്‌ക്‌Updated: Monday Sep 19, 2022

കൊച്ചി> സർവ്വകലാശാലകൾ എങ്ങനെ പ്രവർത്തിക്കണം എന്ന് തീരുമാനിക്കേണ്ടത് നിയമസഭകളാണെന്നും ഗവർണർ ഭരണഘടനാപരമായ ഉത്തരവാദിത്വവും മാന്യതയും കാണിക്കണമെന്നും നിയമമന്ത്രി പി രാജീവ് പറഞ്ഞു. 

ഭരണഘടനയുടെ ഏഴാം ഷെഡ്യൂൾ പ്രകാരമുള്ള സ്‌റേററ്റ്‌ ലിസ്‌റ്റിലെ മുപ്പത്തിരണ്ടാം ഇനമനുസരിച്ച്‌ സർവ്വകലാശാലകൾ പ്രവർത്തിക്കുന്നത് സംസ്ഥാന നിയമസഭകൾ പാസാക്കുന്ന  നിയമം അനുസരിച്ചാണ്. നിയമസഭകൾ പാസാക്കിയ നിയമം അനുസരിച്ചുള്ള അധികാരം മാത്രമാണ് സർവ്വകലാശാല ചാൻസലർക്കുള്ളത്. അവിടെ ഗവർണർക്ക് പ്രത്യേക അധികാരം ഇല്ല. ഗവർണറുടെ അധികാരം നിശ്ചയിക്കാൻ നിയമസഭകൾക്കാവില്ല. അത് സർക്കാർ  നിശ്ചയിച്ചിട്ടുമില്ല.

സർവ്വകലാശാലകൾക്കായി നിയമസഭകൾ പാസാക്കുന്ന നിയമത്തിൽ ഭേദഗതി നിർദേശിക്കാൻ കേന്ദ്രത്തിനും യുജിസിക്കും അവകാശമുണ്ട്. ചാൻസലർ, വെെസ് ചാൻസലർ, സർവ്വകലാശാല ഭരണസമിതികൾ എന്നിവ പ്രവർത്തിക്കേണ്ടത് നിയമസഭകൾ പാസാക്കിയ നിയമപ്രകാരമായിരിക്കണം. ജനങ്ങൾ നിയമസഭക്കാണ് ആ അധികാരം നൽകിയിട്ടുള്ളത്.

നിയമസഭ ഏകകണ്ഠമായി പാസാക്കിയ ബില്ലുകൾ അനന്തമായി നീട്ടികൊണ്ടുപോകാനുള്ള അധികാരമൊന്നും ഗവർണർക്കില്ല. ബില്ലുകൾ തിരിച്ചയക്കാനുള്ള അവകാശം ഉണ്ട്. അപ്പോൾ ബില്ലിലുള്ള പ്രശ്നങ്ങൾ നിയമസഭയുടെ ശ്രദ്ധയിൽ പെടുത്തുകയും വേണം. തുടർന്നും നിയമസഭ ആ ബില്ലുകൾ പാസാക്കുകയാണെങ്കിൽ ഗവർണർ അതംഗീകരിക്കേണ്ടിവരും. ഗവർണർ വ്യക്തിപരമായ സംതൃപ്തിയല്ല നിയമസഭയുടെ സംതൃപ്തിക്കനുസരിച്ചാണ് പ്രവർത്തിക്കേണ്ടതെന്ന് അടുത്തുവന്ന കോടതി വിധികളും വ്യക്തമാക്കുന്നുണ്ട്.

ജനാധിപത്യ സംവിധാനമല്ലേ ഇവിടെയുള്ളത്. ജനങ്ങൾ അർപ്പിച്ച വിശ്വാസമാണ് നിയമസഭയുടെ കരുത്ത്. അതനുസരിച്ചാണ്  പ്രവർത്തിക്കുന്നത്. ഗവർണർക്ക് എന്താണ് പുറത്തുവിടാനുള്ളതെന്ന് കാത്തിരുന്ന് കാണാമെന്നും പി രാജീവ് പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top