26 April Friday

ബില്ലുകൾ തടയുന്നത് ഭരണഘടനയോടുള്ള വെല്ലുവിളി: മന്ത്രി പി രാജീവ്‌

പ്രത്യേക ലേഖകൻUpdated: Saturday Oct 1, 2022

കൊച്ചി> നിയമസഭ പാസാക്കിയ ബില്ലുകൾ ഒപ്പിടാതെ ഗവർണർമാർ അനന്തമായി നീട്ടിക്കൊണ്ടുപോകുന്നത്‌ ഭരണഘടനയോടുള്ള വെല്ലുവിളിയാണെന്ന്‌ നിയമമന്ത്രി പി രാജീവ്‌ പറഞ്ഞു.  ‘ഇന്ത്യൻ ഫെഡറലിസവും ഗവർണർ പദവിയും ’ വിഷയത്തിൽ ഓൾ ഇന്ത്യ ലോയേഴ്‌സ്‌ യൂണിയനും ഇ എം എസ്‌ പഠനഗവേഷണകേന്ദ്രവും എറണാകുളത്ത്‌ സംഘടിപ്പിച്ച സെമിനാർ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ബില്ലുകൾ ഗവർണറുടെ പരിഗണനയ്‌ക്ക്‌ വരുമ്പോൾ അംഗീകരിക്കുകയോ പുനഃപരിശോധനയ്‌ക്ക്‌ തിരിച്ചയക്കുകയോ ചെയ്യാം. അത്യപൂർവ സന്ദർഭങ്ങളിൽ രാഷ്‌ട്രപതിയുടെ പരിഗണനയ്‌ക്ക്‌ അയക്കുകയോ  പരിശോധനയ്‌ക്കായി തടഞ്ഞുവയ്‌ക്കുകയോ ചെയ്യാം. ഇതാണ്‌ ഭരണഘടനയുടെ 200–-ാംവകുപ്പ്‌ അനുശാസിക്കുന്നത്‌. ഇതിൽ എത്രയുംവേഗം തീരുമാനമെടുക്കണമെന്ന്‌ ഭരണഘടനാ അസംബ്ലി നിർവചിച്ചിട്ടുണ്ട്‌.
നിയമസഭ പാസാക്കിയ ബില്ലിന്റെ കാര്യത്തിൽ എത്രയുംവേഗം തീരുമാനമെടുക്കുകയാണ്‌ ഗവർണറുടെ ഉത്തരവാദിത്വം. രാഷ്‌ട്രപതിക്ക്‌ അയച്ച്‌ വൈകിപ്പിച്ചതിനെ പരാമർശിച്ച്‌ ‘പോസ്‌റ്റ്‌മാന്റെ പണിയല്ല ഗവർണറുടേത്‌’ എന്ന്‌ മദ്രാസ്‌ ഹൈക്കോടതിയും വ്യക്തമാക്കിയിട്ടുണ്ട്‌.  ഗവർണർമാർക്ക്‌ പ്രത്യേക വിവേചനാധികാരമില്ലെന്നും സംസ്ഥാന മന്ത്രിസഭയുടെ തീരുമാനം നടപ്പാക്കുകയാണ്‌ ഗവർണറുടെ ഉത്തരവാദിത്വമെന്നും ഭരണഘടനാ അസംബ്ലിയും സുപ്രീംകോടതി വിധികളും വ്യക്തമാക്കിയിട്ടുണ്ട്‌.  

ഭരണനിർവഹണകാര്യത്തിൽ ഗവർണറുടെ വ്യക്തിപരമായ പ്രീതിക്കല്ല, മന്ത്രിസഭയുടെ പ്രീതിക്കാണ്‌  പ്രാധാന്യമെന്നും ഗവർണറുടെ തീരുമാനം ജുഡീഷ്യറിയുടെ പുനഃപരിശോധനയ്‌ക്ക്‌ വിധേയമാണെന്നും   സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ടെന്നും- പി രാജീവ്‌ പറഞ്ഞു.
പഠന ഗവേഷണ കേന്ദ്രം ചെയർമാൻ സി എൻ മോഹനൻ അധ്യക്ഷനായി.  ‘ ഇന്ത്യൻ ഫെഡറലിസവും ഗവർണർ പദവിയും’ എന്ന വിഷയം ലോക്‌സഭ മുൻ സെക്രട്ടറി ജനറൽ പി ഡി ടി ആചാരി അവതരിപ്പിച്ചു.  നിയമസഭ മുൻ സെക്രട്ടറി  ഡോ. എൻ കെ ജയകുമാർ, ഡോ. സെബാസ്‌റ്റ്യൻപോൾ, അഡ്വ. തമ്പാൻ തോമസ്‌, സി എം ദിനേശ്‌മണി, സി ബി ദേവദർശനൻ എന്നിവർ സംസാരിച്ചു. എഐഎൽയു സംസ്ഥാന സെക്രട്ടറി സി പി പ്രമോദ്‌ മോഡറേറ്ററായി. എഐഎൽയു  ഹൈക്കോടതി യൂണിറ്റ്‌ സെക്രട്ടറി സി ഇ ഉണ്ണികൃഷ്‌ണൻ സ്വാഗതവും ജില്ലാ സെക്രട്ടറി കെ കെ നാസർ നന്ദിയും പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top