01 June Thursday

"സംസ്ഥാന സർക്കാരുകൾ നിലനിൽക്കുന്നതിന്‌ നന്ദി പറയേണ്ടത്‌ സുപ്രീംകോടതിയോട്‌'; കേന്ദ്രമന്ത്രി അനുരാഗ്‌ താക്കൂറിന്‌ പി രാജീവിന്റെ മറുപടി

വെബ് ഡെസ്‌ക്‌Updated: Saturday Mar 18, 2023

കൊച്ചി > രാജ്യത്ത്‌ സംസ്ഥാന സർക്കാരുകൾ നിലനിൽക്കുന്നതിന്‌ കടപ്പെട്ടിരിക്കുന്നത്‌ സുപ്രീംകോടതിയോടാണെന്ന്‌ മന്ത്രി പി രാജീവ്‌. കേന്ദ്രം ആർട്ടിക്കിൾ 356 ഉപയോഗിച്ച്‌ ജനാധിപത്യത്തെ അട്ടിമറിക്കുന്നില്ല എന്ന കേന്ദ്രമന്ത്രി അനുരാഗ്‌ താക്കൂറിന്റെ വാക്കുകളോടാണ്‌ രാജീവിന്റെ പ്രതികരണം. മാതൃഭൂമിയുടെ ശതാബ്‌ദി ആഘോഷത്തിൽ പങ്കെടുത്ത്‌ സംസാരിക്കുകയായിരുന്നു മന്ത്രി.

"അടിയന്തരാവസ്ഥക്കാലത്ത്‌ മാധ്യമങ്ങളോട്‌ മുട്ടിൽ നിൽക്കാൻ പറഞ്ഞപ്പോൾ മുട്ടിൽ ഇഴഞ്ഞു എന്ന്‌ അദ്വാനിതന്നെ പിന്നീട്‌ പറഞ്ഞിട്ടുണ്ട്‌. ഇപ്പോൾ മാധ്യമങ്ങളോട്‌ ആവശ്യപ്പെടാതെ തന്നെ മുട്ടിലിഴയുന്ന സ്ഥിതിയുണ്ട്‌. 1959 ലെ ജനാധിപത്യക്കുരുതി കേന്ദ്രമന്ത്രി അനുരാഗ്‌ താക്കൂർ പരാമർശിക്കുകയുണ്ടായി. ജനാധിപത്യം കുരുതികൊടുക്കുന്ന ഭരണഘടനാ വിരുദ്ധമായ, ഭരണഘടനയ്‌ക്ക്‌ അകത്ത്‌നിന്ന്‌ തന്നെ ഭരണഘടനയുടെ ആശയത്തിനെതിരായ പ്രയോഗമാണ്‌ 1959 ൽ നടന്നത്‌. അതിന്റെ തനിയാവർത്തനങ്ങളുണ്ടായി. അത്‌ അതേപോലെ പിന്നീട്‌ നടക്കാതിരുന്നതിന്‌ ബൊമ്മെ കേസ്‌ വിധിയിൽ സുപ്രീംകോടതിയോടാണ്‌ കടപ്പെട്ടിരിക്കുന്നത്‌.

അല്ലെങ്കിൽ ഇന്നത്തെ ഇന്ത്യയിൽ മിക്കവാറും സംസ്ഥാന സർക്കാരുകൾ ഉണ്ടാകുമായിരുന്നില്ല എന്ന യാഥാർത്ഥ്യബോധം നമുക്കെല്ലാവർക്കും ഉണ്ടാകേണ്ടതുണ്ട്‌. ഫോറിൻ എന്നൊരുവാക്ക്‌ മന്ത്രി സൂചിപ്പിക്കുകയുണ്ടായി. ഇന്ത്യൻ സംസ്‌കാരം പൊതുവേ ഫോറിൻ എന്നതിൽ ഉൾക്കൊള്ളുന്നതല്ല എന്ന്‌ അദ്ദേഹം പറയുന്നു. എന്നാൽ വസുധൈവ കുടുംബകം എന്നതാണ്‌ ഇന്ത്യൻ കാഴ്‌ചപ്പാട്‌, അതിൽ വിദേശം എന്നതിന്‌ വേറെ നിൽപ്പേ ഇല്ല. അതാണ്‌ ലോകമേ തറവാട്‌ എന്നുള്ളത്‌. രമണമഹർഷിയോട്‌ ഒരിക്കൽ ഒരാൾ ചോദിച്ചു അപരനോട്‌ എങ്ങനെയാണ്‌ പെരുമാറേണ്ടത്‌ എന്ന്‌. അതിന്‌ മഹർഷിയുടെ മറുപടി അപരൻ ഇല്ലല്ലോ എന്നായിരുന്നു. അതിരുകളില്ല എന്നതാണ്‌ ഇന്ത്യൻ സംസ്‌കാരം. എല്ലാം ഉൾക്കൊള്ളലിന്റേതാണ്‌. ആയിരം വർഷം ഇന്ത്യയെ അടക്കിഭരിച്ച ബുദ്ധമതം ഈശ്വരനെ അംഗീകരിക്കുന്നതായിരുന്നില്ല. വൈവിധ്യങ്ങളുടേതാണ്‌ നമ്മുടെ സംസ്‌കാരം. പുതിയ പുതിയ വ്യാഖ്യാനങ്ങളുടെ നിർമിതി ഇന്ത്യയുടെ സംസ്‌കാരവുമായി ചേർന്ന്‌ നിൽക്കുന്നതല്ല. അതൊരു രാഷ്‌ട്രീയ  പ്രയോഗമാണ്.

അതിനെ തുറന്ന്‌ കാണിക്കുക എന്നുള്ളത്‌ മാധ്യമങ്ങളുടെ ഉത്തരവാദിത്തമാണ്‌. നമ്മുടെ രാജ്യത്ത്‌ ആ സ്വാതന്ത്ര്യം മാധ്യമങ്ങൾക്ക്‌ നിർവഹിക്കാൻ കഴിയേണ്ടതുണ്ട്‌. എത്രയോ ആളുകൾ സ്വാതന്ത്ര്യം വിനിയോഗിക്കാൻ ശ്രമിച്ചതിന്റെ പേരിൽ ജയിലിലടക്കപ്പെടുന്നുണ്ട്‌. അക്കാദമീഷന്മാർ, മാധ്യമപ്രവർത്തകർ. ആരൊക്കെ ഏതൊക്കെ ജയിലിലുണ്ട്‌ എന്ന്‌ മാധ്യമങ്ങളിലൂടെയൊന്നും അറിയാൻ കഴിയാത്ത കാലമാണ്‌.

പിന്നൊന്ന്‌ നുണ നിർമിതികൾ. അത്‌ പ്രധാനമാണ്‌. ഇന്നുതന്നെ ഭീകര സംഘടനകളുടെ പട്ടികയിൽ കമ്യൂണിസ്‌റ്റ്‌ പാർട്ടി ഓഫ്‌ ഇന്ത്യ ഉണ്ട്‌ പറഞ്ഞ്‌ ചിലർ ഒരു ലിസ്‌റ്റുമായി വന്നു. എന്നാൽ യഥാർത്ഥ റിപ്പോർട്ടിൽ കമ്യൂണിസ്‌റ്റ്‌ പാർട്ടി ഓഫ്‌ ഇന്ത്യ (മാവോയിസ്‌റ്റ്‌) എന്നുകാണാം. എന്നാൽ പ്രചരിക്കുന്നതിൽ അത്‌ മാറി. ഒരു നുണ അപനിർമിക്കാൻ ശ്രമിക്കുമ്പോഴേക്കും ആയിരക്കണക്കിന്‌ നുണകൾ വരും. പണ്ട്‌ പറയുമായിരുന്നു സത്യം ചെരിപ്പിട്ട്‌ വരുമ്പോഴേക്കും നുണ ലോകംചുറ്റി എത്തുമെന്ന്‌. ഇപ്പോൾ സത്യം സോക്‌സ്‌ അന്വേഷിക്കാൻ തുടങ്ങുമ്പോഴേക്കും നുണ ആയിരം തവണ ലോകംചുറ്റി വരും. പണ്ടത്തെ കാലത്തെ നുണ ഒരു മര്യാദക്കാരനായിരുന്നു. ഇന്ന്‌ അത്‌ പോകുന്നവഴിയെല്ലാം പ്രസവിച്ചുകൊണ്ടിരിക്കുന്നു. പുറപ്പെടുന്ന നുണയല്ല തിരിച്ചുവരുമ്പോൾ ഉണ്ടാകുന്നത്‌. അത്‌ പല പുതിയ നുണകളായിട്ടാണ്‌ തിരിച്ചുവരുന്നത്‌. അതുകൊണ്ട്‌ മാധ്യമങ്ങളുടെ പുതിയകാലത്തെ ദൗത്യം ഏറെ ഗൗരവമുള്ളതാണ്‌' - മന്ത്രി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top