20 April Saturday

അഡ്‌മിനിസ്ട്രേറ്റീവ്‌ 
ട്രിബ്യൂണലിലും 
സുനുവിന്‌ തിരിച്ചടി

വെബ് ഡെസ്‌ക്‌Updated: Friday Jan 13, 2023


തിരുവനന്തപുരം  
ബലാത്സംഗക്കേസിലടക്കം പ്രതിയായി പിരിച്ചുവിട്ട  ഇൻസ്പെക്ടർ പി ആർ സുനുവിന്റെ ഹർജി അഡ്‌മിനിസ്ട്രേറ്റീവ്‌ ട്രിബ്യൂണലും തള്ളി. പിരിച്ചുവിടുന്നതിനെതിരെ സുനു നൽകിയ ഹർജി നിലനിൽക്കില്ലെന്ന്‌ ജസ്റ്റിസ്‌ പി വി ആശ, ട്രിബ്യൂണൽ അംഗം ഡോ. പ്രദീപ്‌കുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച്‌ വിധിച്ചു.

16 തവണ വകുപ്പുതല നടപടികൾക്ക്‌ വിധേയനായ സുനുവിന്റെ പേരിൽ സ്ത്രീകൾക്കെതിരായ അക്രമം, തുടർച്ചയായ അച്ചടക്ക ലംഘനം, ബലാത്സംഗം തുടങ്ങിയ നിരവധി കേസുകൾ നിലനിൽക്കുന്നതായി പ്രോസിക്യൂഷനുവേണ്ടി ഗവ. പ്ലീഡർ അഡ്വ. എം രാഹുൽ വാദിച്ചു. സേനയുടെ അഭിമാനത്തിന്‌ കളങ്കം വരുത്തുന്ന സ്വഭാവദൂഷ്യങ്ങളാണ്‌ സുനുവിന്റേതെന്ന്‌ കണ്ടാണ്‌ സർക്കാർ നടപടിയെടുത്തതെന്നും പ്രോസിക്യൂഷൻ പറഞ്ഞു.

ക്രിമിനൽ കേസുകളിൽ നടപടി അവസാനിക്കാത്തതിനാൽ പിരിച്ചുവിടരുതെന്ന്‌ സുനു ആവശ്യപ്പെട്ടു. വേണ്ടത്ര വിശദീകരണം കേട്ടില്ലെന്ന വാദം ട്രിബ്യുണൽ അംഗീകരിച്ചില്ല. കാരണം കാണിക്കൽ നോട്ടീസ്‌ നൽകിയതാണ്‌. നേരിട്ട്‌ വിശദീകരണം നൽകാനുള്ള നിർദേശം സുനു ലംഘിച്ചു. വീഡിയോ കോൺഫറൻസ്‌ വഴി വിശദീകരണം പൊലീസ്‌ മേധാവി കേട്ടതായും ട്രിബ്യൂണൽ നിരീക്ഷിച്ചു. കുറ്റങ്ങൾ തെളിഞ്ഞ സാഹചര്യത്തിലാണ്‌ ഹർജി തള്ളി സർക്കാർ നടപടി കോടതി ശരിവച്ചത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top