29 March Friday

കുഞ്ഞാലിക്കുട്ടിക്ക് പിന്നാലെ മുഈന്‍ അലിയും ഇ ഡിക്ക് മുന്നിലേക്ക്

സ്വന്തംലേഖകന്‍Updated: Tuesday Sep 14, 2021

കോഴിക്കോട് > മുഖപത്രമായ ചന്ദ്രികയിലെ കള്ളപ്പണ ഇടപാട് അന്വേഷണത്തില്‍ മുസ്ലിംലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയും പാണക്കാട് മുഈന്‍ അലിയെയും എന്‍ഫോഴ്‌സ്മെന്റ് ഡയറക്‌ടറേറ്റ് ചോദ്യംചെയ്യും. കൊച്ചിയിലെ ഇഡി ഓഫീസില്‍ 16--നാണ് കുഞ്ഞാലിക്കുട്ടിയെ ചോദ്യംചെയ്യുക. 17ന് മുഈന്‍ അലിയേയയും.

കുഞ്ഞാലിക്കുട്ടിക്ക് പിന്നാലെ മുഈന്‍ അലിയെയും വിളപ്പിച്ചത് ലീഗിനെ വിഷമവൃത്തത്തിലാക്കിയിട്ടുണ്ട്. മുഈന്‍ അലി  ചന്ദ്രികയുമായി ബന്ധപ്പെട്ട് കുഞ്ഞാലിക്കുട്ടിക്കെതിരെ നേരത്തെ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ഇത് ലീഗിനകത്ത് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. കുഞ്ഞാലിക്കുട്ടി ആഗ്രഹിച്ചിട്ടും മുഈന്‍ അലിക്കെതിരെ നടപടി സാധ്യമായില്ല. സംസ്ഥാന പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങളുടെ മകനായ മുഈന്‍ അലിക്കായി പാണക്കാട് കുടുംബം ശക്തമായി രംഗത്തെത്തിയതായിരുന്നു കാരണം. തുടര്‍ന്ന് പരസ്യപ്രതികരണത്തില്‍ നിന്ന് പിന്മാറിയെങ്കിലും മുഈന്‍ ലീഗ് നേതൃത്വവുമായി ഒത്തുതീര്‍പ്പിലെത്തിയിട്ടില്ലെന്നാണ് വിവരം.

ചന്ദ്രികയിലെ പ്രതിസന്ധി തീര്‍ക്കാന്‍ ഹൈദരലി തങ്ങള്‍ നിയോഗിച്ച മുഈന്റെ കൈയില്‍ ശക്തമായ തെളിവുകളുണ്ടെന്ന ഭീതി നേതൃത്വത്തെ അലട്ടുന്നു. ഈ സാഹചര്യത്തില്‍ അദ്ദേഹം ഇ ഡിക്ക് നല്‍കുന്ന വിവരങ്ങള്‍ ലീഗ് രാഷ്ട്രീയത്തില്‍ ചലനമുണ്ടാക്കും. 26ന് ചേരുന്ന സംസ്ഥാന പ്രവര്‍ത്തകസമിതിയെയടക്കം സ്വാധീനിക്കുന്നതാകും മുഈന്റെ മൊഴി. മുന്‍ മന്ത്രി കെ ടി ജലീല്‍ തെളിവ് നല്‍കിയതിന് പിന്നാലെയാണ് ഇ ഡി കുഞ്ഞാലിക്കുട്ടിയെ ചോദ്യംചെയ്യാന്‍ വിളിപ്പിച്ചത്. 

പാലാരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം നിക്ഷേപിച്ചതടക്കമുള്ള വിഷയങ്ങള്‍ ഇ ഡിക്ക് മുന്നിലുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top