23 April Tuesday

മുത്താണ്‌ ഖമറുദ്ദീൻ , വഞ്ചനയും തട്ടിപ്പുമില്ലെന്ന്‌ കുഞ്ഞാലിക്കുട്ടി ; സംരക്ഷിച്ച്‌ ലീഗ്‌ നേതൃത്വം

വെബ് ഡെസ്‌ക്‌Updated: Friday Sep 11, 2020


മലപ്പുറം
ജ്വല്ലറി നിക്ഷേപത്തട്ടിപ്പ്‌ കേസിൽ എം സി ഖമറുദ്ദീൻ എംഎൽഎയെ പൂർണമായും സംരക്ഷിച്ച്‌ മുസ്ലിംലീഗ്‌ സംസ്ഥാന നേതൃത്വം.  150 കോടി രൂപ തട്ടിയ കേസിൽ, സാമ്പത്തിക തട്ടിപ്പോ, വഞ്ചനയോ ഇല്ലെന്ന്‌ ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി വാർത്താസമ്മേളനത്തിൽ ന്യായീകരിച്ചു.

ഇത്രയും വിവാദമായിട്ടും, മുസ്ലിംലീഗ്‌ സംസ്ഥാന പ്രവർത്തക സമിതി അംഗമായ ഖമറുദ്ദീനെതിരെ സംഘടനാതലത്തിലും  നടപടിയില്ല.  യുഡിഎഫ്‌ ജില്ലാ ചെയർമാൻ സ്ഥാനത്തുനിന്ന്‌ നീക്കിയെന്നാണ്‌ പറയുന്നത്‌. എന്നാൽ ചെയർമാൻ സ്ഥാനം ഒഴിയാൻ എംഎൽഎ ആയപ്പോൾ തന്നെ ഖമറുദ്ദീൻ ഒരുങ്ങിയിരുന്നു.

ആറു‌മാസത്തിനുള്ളിൽ കടബാധ്യതകൾ കൊടുത്തുതീർക്കണമെന്ന്‌ എംഎൽഎയോട്‌ ഫോണിലൂടെ ആവശ്യപ്പെട്ടതായി പാണക്കാട്‌ ഹൈദരലി ശിഹാബ്‌ തങ്ങൾ പറഞ്ഞു. ആർക്കെല്ലാം തുക മടക്കി നൽകണം, കടബാധ്യത എത്രയുണ്ട് എന്നതിനെപ്പറ്റി  30നുള്ളിൽ   വിവരം നൽകണം. ഖമറുദ്ദീന്റെ  ആസ്തിയും  ബന്ധുക്കളുടെയും മറ്റ്‌ അഭ്യുദയകാംക്ഷികളുടെയും സഹായവും ഉപയോഗിച്ച്‌ ആറുമാസത്തിനകം കടംവീട്ടണം–- ഒത്തു തീർപ്പ്‌ ഫോർമുല ഇങ്ങനെ നീളുന്നു.

സംഭവത്തിൽ പാർടിക്ക്‌ ഉത്തരവാദിത്തമില്ല. എന്നാൽ ധാർമിക ഉത്തരവാദിത്തമുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. പാർടി എംഎൽഎയായതുകൊണ്ടാണ്‌ ഇടപെട്ടത്‌. പണം തിരിച്ചുകിട്ടാൻ  സൗകര്യമൊരുക്കും. കേസ് വേണ്ടവർക്ക് കേസുമായി പോകാം.  മധ്യസ്ഥചർച്ചക്ക്‌ ലീഗ്‌ കാസർകോട്‌ ജില്ലാ ജില്ലാ ട്രഷറർ കല്ലട്ര മാഹിനെ നിയോഗിച്ചു. വ്യാഴാഴ്‌ച രാവിലെ ഹൈദരലി ശിഹാബ് തങ്ങളെ കാണാൻ ഖമറുദ്ദീൻ പാണക്കാട്ട്‌ എത്തിയിരുന്നു. എന്നാൽ തട്ടിപ്പിനിരയായവരും പാണക്കാട്ടെത്തുമെന്ന്‌  സൂചനയുണ്ടായതിനാൽ സംഘർഷം ഭയന്ന്‌ എംഎൽഎക്ക്‌ അനുമതി നിഷേധിച്ചു.

എൻ എ നെല്ലിക്കുന്ന്‌ എംഎൽഎ, കാസർകോട്‌ ജില്ലാ പ്രസിഡന്റ്‌ ടി ഇ അബ്ദുള്ള, ജനറൽ സെക്രട്ടറി എ അബ്ദുറഹ്‌മാൻ എന്നിവരുമായി  പാണക്കാട്‌ ഹൈദരലി ശിഹാബ്‌ തങ്ങളും പി കെ കുഞ്ഞാലിക്കുട്ടിയും  കെ പി എ മജീദും നടത്തിയ ചർച്ചക്ക്‌ ശേഷമാണ്‌ വാർത്താസമ്മേളനം വിളിച്ചത്‌.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top