18 December Thursday

‘‘തുമ്പി നിൻമോഹം പൂവണിഞ്ഞുവോ, ചുണ്ടിൽ നിൻരാഗം തേൻ പകർന്നുവോ’’

വെബ് ഡെസ്‌ക്‌Updated: Tuesday Mar 14, 2023

കീരവാണിക്കും സംവിധായകൻ ഐ വി ശശിക്കുമൊപ്പം കവിയും 
ഗാനരചയിതാവുമായ പി കെ ഗോപി


കോഴിക്കോട്‌
‘‘തുമ്പി നിൻമോഹം പൂവണിഞ്ഞുവോ, ചുണ്ടിൽ നിൻരാഗം തേൻ  പകർന്നുവോ’’... മരതഗമണി എന്ന കീരവാണി മലയാളത്തിനുവേണ്ടി ആദ്യമായി ചിട്ടപ്പെടുത്തിയ പാട്ട്‌ രചിച്ചത്‌ കവിയും ഗാനരചയിതാവുമായ പി കെ ഗോപി.  സംഗീതത്തിന്റെ പൂക്കിരീടം കീരവാണി ശിരസ്സിലണിയുമ്പോൾ തന്നിലും അതിന്റെ അനുഭൂതി എത്തുന്നതായി ഗോപി പറയുന്നു.  

സംഗീതം മാത്രം ഉള്ളിൽ കൊണ്ടുനടന്ന അന്നത്തെ ചെറുപ്പക്കാരനൊപ്പമുള്ള ഓരോ നിമിഷവും ആനന്ദകരമായിരുന്നു. 1991ലാണ്‌ ഐ വി ശശി സംവിധാനംചെയ്‌ത നീലഗിരി എന്ന ചിത്രത്തിനായി അഞ്ചുഗാനങ്ങൾ എഴുതിയത്‌.  മദിരാശിയിലെ വുഡ്‌ലാൻഡ്‌സ്‌ ഹോട്ടലിൽവച്ച്‌ സംവിധായകൻ കഥാസന്ദർഭം പറയുമ്പോൾ തറയിൽ തുണിപ്പായയിൽ ചമ്രം പടിഞ്ഞിരുന്ന്‌, കണ്ണടച്ച്‌ ഹാർമോണിയത്തിൽ വിരലോടിച്ച്‌ മരതഗമണി കേൾക്കും. ഞൊടിയിടയിൽ ട്യൂൺ പിറക്കും.
ട്യൂൺ കാസറ്റിലേക്ക്‌ പകർന്ന്‌ എന്നെ എൽപ്പിച്ചു. ഒരുവാക്കുപോലും മാറ്റേണ്ടിവന്നില്ല. പി കെ ഗോപി പറഞ്ഞു. മേലേ മാനത്തേര്‌ നീലക്കുന്നിന്റെ ചാരെ..., കറുകനാമ്പും കവിതമൂളും..., മഞ്ഞുവീണ പുൽത്താരയിൽ–-ഈ വെണ്ണിലാവിനുന്മാദമേ... തുടങ്ങിയ ഈ ചിത്രത്തിലെ ഗാനങ്ങൾ കീരവാണിയുടെ മെലഡികളിൽപ്പെടും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top