തിരുവനന്തപുരം
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ കുടുംബത്തെ ബാധിക്കുന്ന ഗുരുതര ആരോപണങ്ങൾ അടങ്ങുന്ന രേഖകൾ എഐസിസി ആസ്ഥാനത്തും എത്തിച്ചിരുന്നതായി അദ്ദേഹം തന്നോട് പറഞ്ഞിട്ടുണ്ടെന്ന് ഖാദി ബോർഡ് വൈസ് ചെയർമാൻ പി ജയരാജൻ. ഉമ്മൻചാണ്ടിയുടെ ആത്മകഥയിലെ പുറത്തുവന്ന പരാമർശങ്ങളെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ആത്മകഥയിൽ ഇതുസംബന്ധിച്ച് പറയുന്നത് വസ്‌തുതയാണ്. അന്ന് സിപിഐ എം നിയമസഭാ കക്ഷി സെക്രട്ടറിയായിരുന്ന തനിക്ക് എംഎൽഎ ഹോസ്റ്റലിൽ ചില രേഖകൾ ലഭിച്ചു. ഉമ്മൻചാണ്ടിയുടെ കുടുംബത്തെ ബാധിക്കുന്ന ഗുരുതര ആരോപണങ്ങൾ അടങ്ങുന്നതായിരുന്നു രേഖകൾ. നിയമസഭയിൽ വിഷയം ഉന്നയിക്കണമെന്നായിരുന്നു അതിലെ ആവശ്യം.
വിഷയം സിപിഐ എം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയനെ അറിയിച്ചു. വ്യക്തിയുടെ കുടുംബത്തിലെ പ്രശ്‌നം രാഷ്ട്രീപ്രശ്‌നമാക്കി മാറ്റേണ്ടതില്ല എന്ന ഉറച്ച നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. ഇത്തരം വൃത്തികെട്ട കളികളുടെ ഭാഗമാകേണ്ട എന്നും പറഞ്ഞു.
ഇക്കാര്യം നിയമസഭയിൽവച്ച് ഉമ്മൻചാണ്ടിയോട് സംസാരിച്ചു. ഇത്തരത്തിലുള്ള രേഖകൾ പലയിടത്തും എത്തിക്കുന്നതായും എഐസിസി ആസ്ഥാനത്തും എത്തിച്ചതായും അന്ന് ഉമ്മൻചാണ്ടി പറഞ്ഞു. അതുകൊണ്ടുതന്നെ കോൺഗ്രസിനുള്ളിലെ ചേരിതിരിവിന്റെ ഫലമായാണ് രേഖകൾ പ്രചരിപ്പിച്ചതെന്നാണ് അനുമാനിക്കുന്നത്. എന്നാൽ, കുടുംബപ്രശ്‌നം രാഷ്ടീയമുതലെടുപ്പിനായി ഉപയോഗിക്കാൻ പാടില്ല എന്ന മൂല്യാധിഷ്‌ഠിത നിലപാടാണ് സിപിഐ എം സ്വീകരിച്ചതെന്നും പി ജയരാജൻ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..