26 April Friday

പി സി ജോർജിനെതിരായ പീഡനക്കേസ്‌ : പരാതിക്കാരി അപ്പീൽ നൽകും

വെബ് ഡെസ്‌ക്‌Updated: Monday Jul 4, 2022


തിരുവനന്തപുരം
ലൈംഗിക പീഡന കേസിൽ മുൻ ചീഫ്‌ വിപ്പ്‌ പി സി ജോർജിന്‌ ജാമ്യം നൽകിയതിനെതിരെ പരാതിക്കാരി ഹൈക്കോടതിയിൽ അപ്പീൽ നൽകും. പി സി ജോർജ്‌ മോശമായി പെരുമാറുന്നതിന്റെ ശബ്ദരേഖയടക്കമുള്ള തെളിവുകളും ഹൈക്കോടതിക്ക്‌ നൽകുമെന്ന്‌ ഇവർ പറഞ്ഞു. ഫെബ്രുവരി 22ന്‌ തൈക്കാട്‌ ഗസ്റ്റ്‌ ഹൗസിൽ വിളിച്ചുവരുത്തി പീഡിപ്പിച്ചെന്ന പരാതിയിലാണ്‌ മ്യൂസിയം പൊലീസ്‌ ശനിയാഴ്‌ച ജോർജിനെ അറസ്റ്റ്‌ ചെയ്‌തത്‌. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ്‌ ക്ലാസ്‌ മജിസ്ട്രേട്ട്‌ കോടതി ജാമ്യം അനുവദിച്ചു. പരാതി നൽകാൻ നാലു മാസം വൈകിയെന്ന പ്രതിഭാഗത്തിന്റെ വാദം അംഗീകരിച്ചായിരുന്നു നടപടി.

അപ്രതീക്ഷിതമായുണ്ടായ പീഡനശ്രമത്തിൽ വിരണ്ടുപോയ യുവതി പിറ്റേ ദിവസം ചികിത്സ തേടി. ഇതിനിടെയാണ്‌ പി സി ജോർജിനൊപ്പമുള്ള ഫോൺ സംഭാഷണം പുറത്തു വന്നതും പ്രത്യേക അന്വേഷക സംഘം ഗൂഢാലോചന കേസിൽ മൊഴിയെടുക്കാൻ വിളിപ്പിച്ചതും. അന്വേഷക സംഘത്തിന്‌ നൽകിയ മൊഴിയിൽ പീഡനക്കാര്യമടക്കം പറഞ്ഞിരുന്നു. മജിസ്ട്രേട്ടിനു നൽകിയ രഹസ്യമൊഴിയിലും ഇക്കാര്യങ്ങളുണ്ടെന്നും പരാതി നൽകാൻ വൈകിയെന്ന്‌ പറയാനാകില്ലെന്നും പരാതിക്കാരി പറഞ്ഞു. സർക്കാർ അപ്പീൽ നൽകിയാൽ കക്ഷി ചേരുമെന്നും ഇവർ പറഞ്ഞു.

മുഖംരക്ഷിക്കാൻ 
തുരുമ്പിച്ച ആരോപണം
പീഡനക്കേസിൽ അറസ്റ്റിലായി പുറത്തിറങ്ങിയ പി സി ജോർജ്‌ എഴുതിത്തയ്യാറാക്കി വായിച്ച്‌, ഒരുവിഭാഗം മാധ്യമങ്ങൾ ഏറ്റുപിടിച്ച ‘ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ’ ഒരുവർഷം മുമ്പും ആരോപിച്ചത്‌. സംഘപരിവാർ അനുകൂല ഓൺലൈൻ ചാനലിന്‌ നൽകിയ അഭിമുഖത്തിലും ഇതേ കാര്യം ജോർജ്‌ പറഞ്ഞിരുന്നു. ഭരണം നിയന്ത്രിക്കുന്നത്‌ മറ്റൊരു ക്യാബിനറ്റ്‌ ആണെന്നും ഫാരിസ്‌ അബൂബക്കർ അടക്കമുള്ളവരാണ്‌ ഇതിനു പിന്നിലെന്നുമായിരുന്നു അന്നത്തെ ആരോപണം. ടെലിഫോൺ അഭിമുഖം മുന്നേറിയപ്പോൾ വിദേശ ചാരസംഘടനയാണ്‌ മന്ത്രിസഭയെ നിയന്ത്രിക്കുന്നതെന്നായി. തെരഞ്ഞെടുപ്പ്‌ നയിച്ചതും ഭരണം നടത്തുന്നതുമെല്ലാം ഇവരാണെന്നും അടിച്ചുവിട്ടു.   അന്ന്‌ ആരും ഏറ്റെടുക്കാതെ പോയ പച്ചക്കള്ളങ്ങളാണ്‌ പീഡനക്കേസിൽ അറസ്റ്റിലായി നാണംകെട്ടതോടെ പി സി ജോർജ്‌ മാധ്യമങ്ങൾക്കു മുന്നിൽ ആവർത്തിച്ചത്‌. പീഡനക്കേസുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ഒഴിവാക്കുക കൂടിയായിരുന്നു ലക്ഷ്യം. ഇതിനാവശ്യമായ എല്ലാ തെളിവും കൈവശമുണ്ടെന്നും എൻഐഎക്ക്‌ കൈമാറുമെന്നും പറഞ്ഞ ജോർജ്‌ ഇരുട്ടി വെളുത്തപ്പോഴേക്കും മലക്കംമറിഞ്ഞു. തെളിവുകൾ കൈമാറുമോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്‌ കൃത്യമായി മറുപടി പറഞ്ഞില്ല. ആരും ഏറ്റെടുക്കാത്ത ആരോപണം പുതിയ സാഹചര്യത്തിൽ ഉന്നയിച്ച്‌ ഇരവാദമാണ്‌ ലക്ഷ്യമെന്ന്‌ വ്യക്തം.

ഉമ്മൻചാണ്ടിക്കെതിരായ ലൈംഗികാരോപണം : മലക്കം മറിഞ്ഞ്‌ പി സി ജോർജ്‌
പീഡന കേസിൽ അറസ്റ്റിലായതോട ഉമ്മൻചാണ്ടിക്കെതിരെ പറഞ്ഞ കാര്യങ്ങളെല്ലാം വിഴുങ്ങി പി സി ജോർജ്. ഉമ്മൻചാണ്ടിയെയും പരാതിക്കാരിയെയും അരുതാത്ത സാഹചര്യത്തിൽ കണ്ടെന്നായിരുന്നു നേരത്തേ ജോർജ്‌ ചാനൽ അഭിമുഖത്തിലടക്കം പറഞ്ഞിരുന്നത്‌. മുഖ്യമന്ത്രിയുടെ ഓഫീസിൽ രാത്രി 10.30ന്‌ എത്തിയപ്പോൾ ജോപ്പനെ പുറത്ത്‌ കാവൽ നിർത്തിയിരിക്കുകയായിരുന്നു. ബലം പ്രയോഗിച്ച്‌ അകത്ത്‌ കയറിയപ്പോൾ കൈലി മുണ്ടുടുത്ത്‌ കസേരയിൽ ഇരിക്കുന്ന ഉമ്മൻചാണ്ടിയെയാണ്‌ കണ്ടതെന്നും തന്നെ കണ്ടപ്പോൾ അയ്യോ എന്നു പറഞ്ഞ്‌ ചാടി എഴുന്നേറ്റെന്നുമാണ്‌ ജോർജ്‌ പറഞ്ഞിരുന്നത്‌. ഇക്കാര്യങ്ങൾ വിജിലൻസ്‌ സംഘത്തോട്‌ പറഞ്ഞതാണ്‌ ഉമ്മൻചാണ്ടിക്ക്‌ തന്നോടുള്ള പിണക്കത്തിന്‌ കാരണമെന്നും ജോർജ്‌ പറഞ്ഞിരുന്നു.

നേരത്തേ ഉന്നയിച്ച ആരോപണങ്ങളിൽനിന്ന്‌ സൗകര്യപൂർവം ഒഴിഞ്ഞുമാറാനുള്ള ശ്രമമാണ്‌  ജോർജ്‌ ഇപ്പോൾ നടത്തുന്നത്‌. പരാതിക്കാരി പറഞ്ഞിട്ടാണ്‌ അന്ന്‌ ആരോപണം ഉന്നയിച്ചതെന്നും സിബിഐ അന്വേഷക സംഘത്തോട്‌ സഹകരിക്കില്ലെന്നുമാണ്‌ ജോർജിന്റെ പുതിയ നിലപാട്‌. ഉമ്മൻചാണ്ടിയെ ബനിയനും കൈലിമുണ്ടും ധരിച്ചാണ്‌ കണ്ടതെന്ന്‌ സാക്ഷി പറയണമെന്ന്‌ ആവശ്യപ്പെട്ടാണ്‌ പരാതിക്കാരി തന്നെ കാണാൻ വന്നതെന്നാണ്‌ ജോർജ്‌ അറസ്റ്റിലായശേഷം പറഞ്ഞത്‌. താൻതന്നെ നേരത്തേ വെളിപ്പെടുത്തിയ കാര്യങ്ങൾക്ക്‌ ഘടകവിരുദ്ധ നിലപാടാണ്‌ ജോർജ്‌ ഇപ്പോൾ സ്വീകരിക്കുന്നത്‌.

‘സംസാരിക്കുന്ന’ തെളിവ്
പീഡന കേസിൽ അറസ്റ്റിലായ പി സി ജോർജ്‌ കേസ്‌ റദ്ദാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ കോടതിയെ സമീപിക്കില്ല. ശക്തമായ തെളിവ് നൽകാൻ പരാതിക്കാരിക്ക്‌ കഴിയുമെന്ന സാഹചര്യത്തിലാണ്‌ ഈ തീരുമാനം. പരാതി നൽകിയതിലെ കാലതാമസം ഉന്നയിച്ചാണ് നിലവിൽ ജാമ്യം നേടിയത്‌. പരാതിക്കാരിയുടെ പേര്‌ വെളിപ്പെടുത്തിയതടക്കമുള്ള നടപടിയും ജോർജിന്റെ ഭാഗത്തുനിന്നുണ്ടായി. പരാതിക്കാരിയോട്‌ ജോർജ് മോശമായി സംസാരിക്കുന്നതിന്റെ ശബ്ദരേഖ പുറത്തുവന്നിട്ടുണ്ട്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top