കോട്ടയം > കെ ജി ജോർജിന് പകരം പി സി ജോർജിന്റെ "വിയോഗത്തിൽ' ദുഃഖം രേഖപ്പെടുത്തിയ കെപിസിസി പ്രസിഡന്റ് കെ സുധാകരനെ, താൻ മരിച്ചിട്ടില്ല, ജീവിച്ചിരിപ്പുണ്ട് എന്നറിയിച്ച് പി സി ജോർജ്. സൈബറിടങ്ങളിൽ ചിരിപടർത്തിയ സംഭവമായി മാറി സുധാകരന്റെ അബദ്ധവും ജോർജിന്റെ മറുപടിയും.
സംവിധായകൻ കെ ജി ജോർജിന്റെ വിയോഗത്തെക്കുറിച്ച് ചാനൽ റിപ്പോർട്ടർ ചോദിച്ചപ്പോഴാണ് കെ സുധാകരൻ അബദ്ധം വിളമ്പിയത്. ""ഓർക്കാൻ ഒരുപാടുണ്ട് അദ്ദേഹത്തെക്കുറിച്ച്. നല്ലൊരു പൊതുപ്രവർത്തകനായിരുന്നു. നല്ലൊരു രാഷ്‌ട്രീയ നേതാവായിരുന്നു. കഴിവും പ്രാപ്‌തിയുമുള്ളയാളാണ്. അദ്ദേഹത്തെക്കുറിച്ച് ഞങ്ങൾക്കാർക്കും മോശം അഭിപ്രായമില്ല. ഞങ്ങൾക്ക് അദ്ദേഹത്തോട് സഹതാപമുണ്ട്, വിയോഗത്തിൽ ദുഃഖമുണ്ട്'' - ഇതായിരുന്നു സുധാകരന്റെ മറുപടി.
സുധാകരൻ പറഞ്ഞത് പി സി ജോർജിനെക്കുറിച്ചാണെന്ന് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി അഭിപ്രായമുയർന്നു. വൈകിട്ടോടെ "പൂഞ്ഞാർ ആശാൻ പി സി ജോർജ്' എന്ന തന്റെ എഫ്‌ബി പേജിൽ ജോർജ് വീഡിയോ ഇട്ടു. താൻ മരിച്ചിട്ടില്ലെന്നും സുധാകരനെ ആരോ തെറ്റിദ്ധരിപ്പിച്ചതിൽ വിഷമമുണ്ടെന്നുമായിരുന്നു ജോർജ് പറഞ്ഞത്. സംഭവം നിരവധി ട്രോളുകൾക്കും വഴിവച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..