08 December Friday

രക്തസാക്ഷി സന്ദീപിന്റെ കുടുംബത്തിന് വീട്‌ നിർമിച്ച്‌ സിപിഐ എം; 23ന് എം വി ഗോവിന്ദൻ 
താക്കോൽ കൈമാറും

വെബ് ഡെസ്‌ക്‌Updated: Thursday Sep 21, 2023

ചാത്തങ്കേരിയിലെ രക്തസാക്ഷി പി ബി സന്ദീപ് കുമാറിന്റെ കുടുംബത്തിനായി സിപിഐ എം നിർമിച്ച 
വീടിന്റെ അവസാനവട്ട നിർമാണ പ്രവർത്തനങ്ങൾ ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു പരിശോധിക്കുന്നു

തിരുവല്ല > സിപിഐ എം ലോക്കൽ  സെക്രട്ടറിയായിരിക്കെ ആർഎസ്‌എസുകാർ അരുംകൊല ചെയ്‌ത രക്തസാക്ഷി പി ബി സന്ദീപ് കുമാറിന്റെ കുടുംബത്തിന് സിപിഐ എം നിർമിച്ചു നൽകുന്ന വീട്  23ന് കൈമാറും.

രാവിലെ 9.30ന് സിപിഐ എം  സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ സന്ദീപിന്റെ കുടുംബാംഗങ്ങളെ വീടിന്റെ താക്കോൽ ഏൽപ്പിക്കും. ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു, സംസ്ഥാന കമ്മിറ്റിയംഗം രാജു ഏബ്രഹാം തുടങ്ങിയ നേതാക്കൾ താക്കോൽ കൈമാറ്റ ചടങ്ങിൽ പങ്കെടുക്കും. 
സന്ദീപിന്റെ വീടിന്റെ അവസാന പണികൾ ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു വിലയിരുത്തി. 2021 ഡിസംബർ രണ്ടിന് രാത്രി എട്ടോടെ ചാത്തങ്കേരിയിൽവച്ചാണ് സന്ദീപിനെ കൊലപ്പെടുത്തുന്നത്.  തൊട്ടടുത്ത ദിവസം വീട്ടിലെത്തിയ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സന്ദീപിന്റെ കുടുംബത്തെ സംരക്ഷിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. ഭാര്യയും പറക്കമുറ്റാത്ത രണ്ട് കുഞ്ഞുങ്ങളും അച്ഛനും അമ്മയും അടങ്ങുന്ന കുടുംബത്തെ സംരക്ഷിക്കാനുള്ള ബാധ്യത പാർട്ടി ഏറ്റെടുത്തു. 2022 ജനുവരി 15,16 തീയതികളിൽ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലയിലുടനീളം സന്ദീപ് കുടുംബ സഹായ ഫണ്ട് സ്വരൂപിച്ചു.
 
രണ്ട്  കോടി രൂപയാണ് പാർട്ടി പ്രവർത്തകർ സമാഹരിച്ചത്. 2022 ഫെബ്രുവരി 21ന് കുടുംബ സഹായ ഫണ്ട് കോടിയേരി ബാലകൃഷ്‌ണൻ കുടുംബാംഗങ്ങളെ ഏൽപ്പിച്ചു. ഭാര്യയുടെയും രണ്ട്  മക്കളുടെയും പേരിൽ 25 ലക്ഷം രൂപ വീതവും അച്ഛനും അമ്മയ്ക്കും 10 ലക്ഷം രൂപ വീതവും ഉൾപ്പെടെ 95 ലക്ഷം രൂപ കുടുംബാംഗങ്ങളുടെ പേരിൽ ബാങ്കിൽ നിക്ഷേപിച്ചു. 50 ലക്ഷം രൂപ മുടക്കി നിർമിച്ച വീടിന്റെ ശിലാസ്ഥാപനം 2022 ആഗസ്‌ത് 31ന് കേന്ദ്രകമ്മിറ്റിയംഗം ഇ പി ജയരാജനാണ്  നിർവഹിച്ചത്.  ഒരു വർഷത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കി.  50 ലക്ഷം രൂപ മുടക്കി നിർമിക്കുന്ന സന്ദീപ് സ്മാരക നിർമാണം ഉടൻ തുടങ്ങും.
 
സിപിഐ എം തിരുവല്ല ഏരിയ സെക്രട്ടറി അഡ്വ. ഫ്രാൻസിസ് വി ആന്റണി ചെയർമാനും പെരിങ്ങര ലോക്കൽ സെക്രട്ടറി പ്രമോദ് ഇളമൺ കൺവീനറുമായ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് നിർമാണം പൂർത്തിയാക്കിയത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
-----
-----
 Top