19 April Friday

ഉദ്യോഗസ്ഥ കരാർ കൂട്ടുകെട്ടിൽ ശക്തമായ നടപടി : പി എ മുഹമ്മദ് റിയാസ്

വെബ് ഡെസ്‌ക്‌Updated: Friday Oct 8, 2021


തിരുവനന്തപുരം
പൊതുമരാമത്ത് വകുപ്പിൽ ഉദ്യോഗസ്ഥ–--കരാർ കൂട്ടുകെട്ട് ഉള്ളതായി മന്ത്രി പി എ മുഹമ്മദ് റിയാസ് നിയമസഭയിൽ  പറഞ്ഞു. ഒരു പ്രവൃത്തിയുടെ പകർപ്പ് ഉപയോഗിച്ച് മറ്റൊന്നിന്‌ അനുമതി നൽകുക, അനാവശ്യമായ റീ എസ്റ്റിമേറ്റ് തയ്യാറാക്കുക തുടങ്ങിയവ കരാറുകാരെ സഹായിക്കാൻ ചിലർ ചെയ്യുന്നു. എന്നാൽ, സത്യസന്ധരായ ഉദ്യോഗസ്ഥരും കരാറുകാരുമുണ്ട്. അഴിമതി ആരു ചെയ്താലും നടപടിയെടുക്കും.

കരാറുകാരുടെ പ്രശ്നങ്ങൾ അവരു‌ടെ സംഘടനയാണ് ശ്രദ്ധയിൽപെടുത്തേണ്ടത്. അല്ലാതെ ശുപാർശയുമായി വിടുന്നത്‌ എംഎൽഎമാർ ഉപേക്ഷിക്കണമെന്നും മന്ത്രി അഭ്യർഥിച്ചു.

റോഡ്‌ പൊളിക്കുന്നത് തടയാൻ പോർട്ടൽ
ടാർ ചെയ്തയുടൻ റോഡ്‌ പൊളിക്കുന്നത് തടയാൻ പോർട്ടൽ ആരംഭിക്കുന്നത്‌ പരിഗണനയിലെന്ന്‌ മന്ത്രി പി എ മുഹമ്മദ് റിയാസ്  പറഞ്ഞു. വകുപ്പുകൾ തമ്മിലുള്ള ഏകോപനമില്ലായ്‌മയാണ്‌ ഇത്തരം പ്രശ്‌നങ്ങൾക്ക്‌ കാരണം. പോർട്ടൽവഴി വ്യത്യസ്ത പ്രവൃത്തികൾ രജിസ്റ്റർ ചെയ്യാനും ഏകോപനം ഉണ്ടാക്കാനുമാകും. വാട്ടർ അതോറിറ്റി, കെഎസ്ഇബി, എൽഎസ്ജിഡി വകുപ്പുകളുടെ നിർമാണങ്ങൾ പോർട്ടലിൽ രജിസ്റ്റർ ചെയ്താൽ ഓരോ പ്രവൃത്തിയെക്കുറിച്ചും എല്ലാ വകുപ്പും തിരിച്ചറിയുമെന്നും അദ്ദേഹം പറഞ്ഞു.

റോഡ്‌ അറ്റകുറ്റപ്പണിക്ക്‌ റണ്ണിങ്‌ കോൺട്രാക്ട്  
പൊതുമരാമത്ത് റോഡുകളു‌ടെ അറ്റകുറ്റപ്പണികൾ സമയബന്ധിതമായി നിർവഹിക്കാൻ റണ്ണിങ് കോൺട്രാക്ട് സംവിധാനം നടപ്പാക്കാൻ തീരുമാനിച്ചതായി മന്ത്രി പി എ മുഹമ്മദ് റിയാസ് നിയമസഭയിൽ പറഞ്ഞു.

എസ്‌റ്റിമേറ്റിനും ടെൻഡറിനും കാത്തിരിക്കാതെ ഓരോ മേഖലയ്‌ക്കും നിശ്ചയിച്ച  കരാറുകാരനെക്കൊണ്ട്‌ അറ്റകുറ്റപ്പണി എടുപ്പിക്കുന്നതാണ്‌ റണ്ണിങ് കോൺട്രാക്ട്. കരാറിൽ അറ്റകുറ്റപ്പണി (ഡിഎൽപി) ഉൾപ്പെടാത്ത റോഡുകളാണ്‌ ഇതിലേക്ക്‌ കൊണ്ടുവരിക. ഈ കോൺട്രാക്ടറുടെയും ചുമതലപ്പെട്ട എൻജിനിയറുടെയും ഫോൺ നമ്പർ പ്രദർശിപ്പിക്കും. എംഎൽഎമാർക്ക്‌ പദ്ധതി സ്‌ക്രൂട്‌നി ചെയ്യാനുള്ള അധികാരമുണ്ടാകും.

നിലവിൽ അറ്റകുറ്റപ്പണിക്ക്‌ എസ്‌റ്റിമേറ്റ്‌ തയ്യാറാക്കി ടെൻഡർ പൂർത്തിയാക്കണം. ഇതിന്‌ സമയമെടുക്കും. റണ്ണിങ് കോൺട്രാക്ടിൽ ഇതൊഴിവാക്കാം. ഓരോ മേഖലയ്‌ക്കും ഓരോ കരാറുകാരനെ നിശ്ചയിക്കും. പിഡബ്ല്യുഡി മെയിന്റനൻസ്‌ വിഭാഗത്തിനാണ്‌ ചുമതല.

ദേശീയപാതയിലെ അറ്റകുറ്റപ്പണി പ്രശ്‌നം പരിഹരിക്കാൻ ഉന്നതതല യോഗം അടുത്ത ദിവസം നടക്കും. ദേശീയപാതാ ഉദ്യോഗസ്ഥരും എംഎൽഎമാരും പങ്കെടുക്കും.   പാതയോരങ്ങളിൽ വർഷങ്ങളായി നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങൾ നീക്കാൻ നടപടിയെക്കുന്നതായും മന്ത്രി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top