25 April Thursday

കോവിഡ് വ്യാപനം; വ്യാജ പ്രചാരണങ്ങളില്‍ ഭയപ്പെടരുതെന്ന് മന്ത്രി മുഹമ്മദ് റിയാസ്

വെബ് ഡെസ്‌ക്‌Updated: Wednesday Jan 19, 2022

കോഴിക്കോട്> കോവിഡ് വ്യാപനം സംബന്ധിച്ച വ്യാജ പ്രചാരണങ്ങളില്‍ ജനങ്ങള്‍ ഭയപ്പെടരുതെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഇക്കാര്യത്തില്‍ ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പ് അധികൃതരും ശ്രദ്ധ ചെലുത്തണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

മരുന്നില്ല, ആശുപത്രികളില്‍ സൗകര്യങ്ങള്‍ ഇല്ല തുടങ്ങിയ രീതിയിലൊക്കെ വ്യാജ പ്രചാരണങ്ങള്‍ നടക്കുന്നുണ്ട്. ഇതിലൊന്നും ആശങ്ക വേണ്ട. കോഴിക്കോട് ആദ്യഘട്ട വ്യാപനമുണ്ടായപ്പോഴും മുഴുവന്‍ വിഭാഗവും ഒന്നിച്ചു നിന്ന് മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. സര്‍ക്കാരിന്റെ ഭാഗമായി ഇനിയും അത്തരത്തില്‍ ഒറ്റക്കെട്ടായി തന്നെ മികച്ച പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

വ്യാപനം വര്‍ധിച്ചാല്‍ നേരിടാനുള്ള എല്ലാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ടെന്നു ജില്ലാ മെഡിക്കല്‍ ഓഫീസര്‍  ഡോ വി ഉമര്‍ ഫാറൂഖ് അറിയിച്ചു.  കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി, ബീച്ച് ആശുപത്രി എന്നിവിടങ്ങളില്‍ കിടക്കകളുടെ എണ്ണം കൂട്ടാന്‍ തീരുമാനിച്ചിട്ടുണ്ട്. ഫറോക്ക് ഇഎസ്‌ഐ ആശുപത്രി, ഗവ ഹോമിയോ മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍  സെക്കണ്ടറി എഫ്എല്‍ടിസികള്‍ തുടങ്ങുമെന്നും ഡിഎംഒ പറഞ്ഞു.

സര്‍ക്കാര്‍ ആശുപത്രികളില്‍ 58 ശതമാനവും സ്വകാര്യ ആശുപത്രികളില്‍ നിലവില്‍ 26 ശതമാനവും കിടക്കകളിലാണ് രോഗികള്‍ ഉള്ളത്. ഓക്‌സിജന്‍ നല്‍കുന്നതിനുള്ള സൗകര്യവും ഐസിയുവും വെന്റിലേറ്ററും സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ ലഭ്യമാണെന്നും ആശങ്കപ്പെടേണ്ട ഒരു സാഹചര്യവും ഇല്ലെന്നും മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.  സിറ്റി പോലീസ് കമ്മീഷണര്‍, ജില്ലാ പോലീസ് സൂപ്രണ്ട്, ജില്ലാപഞ്ചായത്ത് സെക്രട്ടറി, കോര്‍പറേഷന്‍ സെക്രട്ടറി, യോഗത്തില്‍ പങ്കെടുത്തു. ജില്ലയില്‍ ആകെ സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച് യോഗം വിലയിരുത്തി.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top