27 April Saturday

ഒടിടി റിലീസ്‌ 6 മാസത്തിന് 
ശേഷമാക്കണം: ഫിയോക്

വെബ് ഡെസ്‌ക്‌Updated: Monday May 29, 2023


കൊച്ചി
തിയറ്ററിൽ എത്തുന്ന മലയാള സിനിമകളുടെ ഒടിടി റിലീസ്‌ ആറു മാസത്തിനുശേഷമാക്കാൻ നിയമനിർമാണമുൾപ്പെടെ നടപടികൾക്ക്‌ സർക്കാരിനോട്‌ ആവശ്യപ്പെടുമെന്ന്‌ തിയറ്റർ ഉടമാ സംഘടന ഫിയോക്‌. ഇപ്പോൾ 42 ദിവസത്തെ ഇടവേളയ്‌ക്കുശേഷമാണ്‌ ഒടിടി റിലീസ്‌ എങ്കിലും തിയറ്ററുകളിൽ ആളെത്തുന്നില്ല. വരുമാനമില്ലാതായ തിയറ്ററുകൾ ജപ്‌തിയിലും അടച്ചുപൂട്ടൽ ഭീഷണിയിലുമാണ്‌. മലയാളം വെബ്‌ സിരീസുകളുടെ വരവോടെ തിയറ്ററുകൾ കടുത്ത പ്രതിസന്ധിയിലാകും. വെബ്‌ സിരീസുകളിൽ തുടർച്ചയായി അഭിനയിക്കുന്ന നടീനടന്മാർക്കെതിരെ നടപടി ആലോചിക്കേണ്ടിവരുമെന്നും ഫിയോക്‌ പ്രസിഡന്റ്‌ കെ വിജയകുമാർ പറഞ്ഞു.

ഒടിടി റിലീസ്‌ കൂടുതൽ കർശന വ്യവസ്ഥകളോടെ വേണമെന്നാണ്‌ തിയറ്റർ ഉടമകളുടെ ആവശ്യം. 42 ദിവസ ഇടവേളപോലും അപര്യാപ്‌തമാണ്‌. പ്രേക്ഷകർ അതുവരെ കാത്തിരിക്കുന്നതിനാൽ തിയറ്ററിലേക്ക്‌ വരുന്നില്ല. അതുമൂലം മികച്ച കാഴ്‌ചാനുഭവമുള്ള സിനിമകൾപോലും തിയറ്ററിൽ പരാജയപ്പെടുന്നു. ആദ്യ അഞ്ചുമാസം പിന്നിടുമ്പോൾ തിയറ്ററുകൾക്ക്‌ ആശ്വാസമായത്‌ രണ്ട്‌ സിനിമ മാത്രമാണ്‌. 10 തിയറ്ററുകൾ വരുമാനമില്ലാതെ ജപ്‌തി ഭീഷണി നേരിടുന്നു. മൂന്നെണ്ണം പൂട്ടിപ്പോയി.

അടുത്തദിവസം സാംസ്‌കാരികമന്ത്രിയുമായി സംഘടനാ ഭാരവാഹികൾ കൂടിക്കാഴ്‌ച നടത്തുന്നുണ്ട്‌. ഒടിടി റിലീസ്‌ വ്യവസ്ഥകൾ കർശനമാക്കി നിയമനിർമാണം വേണമെന്നത്‌ പ്രധാന ആവശ്യമായി ഉന്നയിക്കും–-കെ വിജയകുമാർ പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top