26 April Friday
ദേശീയ അവയവദാന ദിനം ഇന്ന്‌

നാലുപേർക്ക് പുതുജീവനേകി അമൽ യാത്രയായി

സ്വന്തം ലേഖികUpdated: Sunday Nov 27, 2022



കൊച്ചി
ഏകമകന്റെ വിയോഗം പകർന്ന തീരാദുഃഖത്തിലും അവയവദാനത്തിന് സമ്മതം നൽകി മാതാപിതാക്കൾ. തൃശൂർ വല്ലച്ചിറ സ്വദേശി വിനോദിന്റെയും മിനിയുടെയും മകൻ അമൽ കൃഷ്ണ (17) യാത്രയായത് നാലുപേർക്ക് പുതുജീവനേകി. തലവേദനയെയും ഛർദിയെയും തുടർന്ന് നവംബർ 17ന്‌ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച അമലിന് മസ്‌തിഷ്‌കാഘാതം സംഭവിക്കുകയായിരുന്നു. ഗുരുതരാവസ്ഥയിലായ അമലിനെ 22-ന് പുലർച്ചെ കൊച്ചി ആസ്റ്റർ മെഡ്സിറ്റിയിലേക്ക്‌ മാറ്റി. തലച്ചോറിന്റെ ഇടതുഭാഗത്തെ പ്രവർത്തനം നിലച്ചനിലയിലാണ് ആസ്റ്ററിൽ എത്തിച്ചത്. 25ന്‌ രാവിലെ മസ്തിഷ്‌കമരണം സ്ഥിരീകരിച്ചു. പീഡിയാട്രിക് ഐസിയു കൺസൾട്ടന്റ് ഡോ. ആകാൻഷ ജെയിൻ, പീഡിയാട്രിക് ന്യൂറോളജി വിഭാഗം സീനിയർ സ്‌പെഷ്യലിസ്റ്റ് ഡോ. ഡേവിഡ്സൺ ദേവസ്യ എന്നിവർ മാതാപിതാക്കളും ബന്ധുക്കളുമായി അവയവദാനത്തെക്കുറിച്ച്‌ സംസാരിച്ചു. തുടർന്ന് അവർ അമലിന്റെ അവയവങ്ങൾ ദാനംചെയ്യാൻ തയ്യാറാവുകയായിരുന്നു.

കരൾ, ആസ്റ്റർ മെഡ്സിറ്റിയിൽത്തന്നെ ചികിത്സയിലുള്ള കോലഞ്ചേരി സ്വദേശിയായ അറുപത്താറുകാരനിലും ഒരു വൃക്ക എറണാകുളം സ്വദേശിയായ 55 വയസ്സുകാരിക്കും മാറ്റിവച്ചു. മറ്റൊരു വൃക്ക കോട്ടയം ഗവ. മെഡിക്കൽ കോളേജ്‌ ആശുപത്രിയിലേക്കും നേത്രപടലം ഗിരിധർ ഐ ഹോസ്പിറ്റലിലേക്കുമാണ് നൽകിയത്. നടപടിക്രമങ്ങൾക്കുശേഷം 26-ന് രാവിലെ മൃതദേഹം വിട്ടുനൽകി. ചേർപ്പ് ഹയർ സെക്കൻഡറി സ്കൂൾ പ്ലസ്ടു വിദ്യാർഥിയായിരുന്നു അമൽ.

ആസ്റ്റർ മെഡ്സിറ്റി ഇന്റഗ്രേറ്റഡ് ലിവർ കെയർ വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. മാത്യു ജേക്കബ്‌, യൂറോളജി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. ടി എ കിഷോർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ്‌ അവയവദാന ശസ്ത്രക്രിയകൾക്ക് നേതൃത്വം നൽകിയത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top