16 April Tuesday

കേന്ദ്രത്തിന്‌ പ്രതിപക്ഷത്തിന്റെ പരോക്ഷ പിന്തുണ: മുഖ്യമന്ത്രി

സ്വന്തം ലേഖകൻUpdated: Tuesday May 30, 2023

തിരുവനന്തപുരം> കേരളത്തെ ഏതുവിധേന ശ്വാസം മുട്ടിക്കാമെന്നാലോചിക്കുന്ന കേന്ദ്രസർക്കാരിനെ കേരളത്തിലെ പ്രതിപക്ഷം പരോക്ഷമായി പിന്തുണയ്‌ക്കുകയാണെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. എൻജിഒ യൂണിയൻ വജ്രജൂബിലി സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പൊതുയോഗം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അഭിപ്രായം പറയാൻ സമയമായിട്ടില്ലെന്നാണ്‌ കേരളത്തിലെ പ്രതിപക്ഷ നേതാവ്‌ പറയുന്നത്‌. ഇപ്പോഴല്ലെങ്കിൽ പിന്നെയെപ്പോഴാണ്‌  അഭിപ്രായം പറയുക? കേരളത്തിന്‌ നൽകേണ്ടതെല്ലാം നൽകിയെന്ന്‌ കേന്ദ്ര മന്ത്രി പറയുന്നതും അഭിപ്രായം പറയാനായില്ലെന്ന്‌ പ്രതിപക്ഷ നേതാവ്‌ പറയുന്നതും തമ്മിൽ വ്യത്യാസമില്ല.

കേരളത്തിനെതിരായി എന്തെല്ലാം ചെയ്യാമെന്നാണ്‌ ഒരു മന്ത്രി പുങ്കവൻ ആലോചിക്കുന്നത്‌. വാർത്താസമ്മേളനം വിളിച്ചവതരിപ്പിച്ച കണക്ക്‌  എവിടെ നിന്ന്‌ കിട്ടിയതാണ്‌? എന്തും പറയാമെന്ന മട്ടിലുള്ള കണക്കാണ്‌ അവതരിപ്പിക്കുന്നത്‌. കണക്കിൽ നേരും നെറിയും പുലർത്താൻ തയ്യാറാകണം. സംസ്ഥാനത്തെ വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടാനാണ്‌ കേന്ദ്രം ശ്രമിക്കുന്നത്‌. ശമ്പളം കൊടുക്കുന്നത്‌ പോലും എങ്ങിനെയെന്ന്‌ കാണട്ടെയെന്ന്‌ ചിന്തിക്കുന്നോയെന്ന്‌ സംശയിക്കേണ്ടിയിരിക്കുന്നു.

സ്വാതന്ത്ര്യ സമരത്തിൽ ഒരു പങ്കുമില്ലാത്ത, ബ്രിട്ടീഷുകാരോട്‌ മാപ്പിരന്നവർ രാജ്യത്തെ മതരാഷ്ട്രമാക്കി മാറ്റാനുള്ള ശ്രമമാണിപ്പോൾ നടത്തുന്നത്‌.  മതനിരപേക്ഷതയുടെ ഉത്തുംഗ ശൃംഗമായി നിലകൊള്ളേണ്ട പാർലമെന്റ്‌ സൗധത്തിന്റെ ഉദ്‌ഘാടന ചടങ്ങ്‌ ഒരു വിഭാഗത്തിന്റെ  മതചടങ്ങുകൾ നടത്താനുള്ള വേദിയാക്കി.  പാർലമെന്റിനെപ്പോലും ഈ അവസ്ഥയിലെത്തിച്ചത്‌ ഓരോ ചുവടും മതരാഷ്ട്രത്തിലേക്കെന്ന സൂചനയാണ്‌.  
ഭരണഘടനാ സംവിധാനങ്ങളെയെല്ലാം കാൽക്കീഴിൽ കൊണ്ടുവരാനുള്ള ശ്രമമാണ്‌ നടക്കുന്നത്‌. സുപ്രീംകോടതിക്ക്‌ പോലും ഇതിനെ വിമർശിക്കേണ്ടി വരുന്നു. മത ന്യുനപക്ഷങ്ങൾക്കെതിരെ അക്രമം നടത്തുന്നവർക്ക്‌ കേന്ദ്രസർക്കാർ പിന്തുണ നൽകുകയാണ്‌. മത നിരപേക്ഷത രാജ്യത്തിനാവശ്യമില്ലെന്ന സന്ദേശം നൽകാൻ സംഘപരിവാർ ശ്രമിക്കുമ്പോൾ കേവലം നിരീക്ഷകരും നിഷ്‌പക്ഷരുമായിരിക്കാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top