26 April Friday

പ്രതിപക്ഷ സമരാഭാസം ; പ്രകടമായത്‌ പുച്ഛവും ദുർവാശിയും

ജി രാജേഷ്‌ കുമാർUpdated: Tuesday Mar 21, 2023


തിരുവനന്തപുരം
സഭയ്‌ക്കുള്ളിലും പുറത്തും അരങ്ങേറിയ സമരാഭാസങ്ങളിലൂടെ പ്രകടമാകുന്നത്‌  നിയമസഭയോടുള്ള പ്രതിപക്ഷത്തിന്റെ പുച്ഛമനോഭാവവും ദുർവാശിയും. സഭാനാഥനായ സ്‌പീക്കറുടെ കാഴ്‌ച മറയ്‌ക്കുക, വ്യക്തിപരമായി ആക്ഷേപിക്കുക, ഭീഷണിപ്പെടുത്തുക, സഭയ്‌ക്ക്‌ പുറത്ത്‌ കേട്ടുകേൾവിപോലുമില്ലാത്ത നിലയിൽ സ്‌പീക്കറുടെ കോലം കത്തിക്കാൻപോലും തയ്യാറാകുക, വനിതകൾ അടക്കം സുരക്ഷാ ഉദ്യോഗസ്ഥർക്കുനേരെ അസഭ്യവർഷം ചൊരിയുക തുടങ്ങിയവയാണ്‌ പ്രതിപക്ഷ പരാക്രമങ്ങൾ. 

സഭയ്‌ക്കകത്തും പുറത്തും ഒട്ടേറെ സമരങ്ങളും പ്രതിഷേധങ്ങളും നടന്നിട്ടുണ്ട്‌. എന്നാൽ, സ്‌പീക്കറുടെ ഓഫീസ്‌ പ്രതിപക്ഷം ഉപരോധിച്ചത്‌ നടാടെയാണ്‌. ചേമ്പറിലേക്ക്‌ എത്തിയ സ്‌പീക്കറെ തടഞ്ഞു. കൈയേറ്റംചെയ്യാൻ നോക്കി. ഇതിൽനിന്ന്‌ സ്‌പീക്കറെ രക്ഷിക്കാൻ ശ്രമിച്ച വാച്ച്‌ വാർഡ്‌ അംഗങ്ങളെ തല്ലിച്ചതച്ചു. കൈകാലുകൾ അടിച്ചുപൊട്ടിച്ചു. സ്വന്തം അംഗരക്ഷകരെ ആക്രമിക്കുന്നവരായി പ്രതിപക്ഷം മാറി.  നിയമസഭ നടത്താൻ അനുവദിക്കില്ലെന്ന ചേതോവികാരമാണ്‌ പ്രതിപക്ഷത്തെ നയിക്കുന്നത്‌.

അഡീഷണൽ ചീഫ്‌ മാർഷൽ മൊയ്‌തീൻ ഹുസൈനുനേരെ ‘താൻ നോക്കിക്കോ’ എന്ന പ്രതിപക്ഷ നേതാവിന്റെ ഭീഷണിക്കുശേഷമായിരുന്നു പ്രതിപക്ഷ എംഎൽഎമാരുടെ കൈയാങ്കളികൾ. കേരള നിയമസഭ ഒട്ടേറെ സമരങ്ങൾക്ക്‌ വേദിയായിട്ടുണ്ട്‌. എന്നാൽ, സഭാനാഥനായ സ്‌പീക്കർ ഇരിപ്പിടത്തിലുള്ളപ്പോൾ, സഭയുടെ നടുത്തളത്തിൽ സമാന്തര സഭ സംഘടിപ്പിക്കുന്നതിന്‌ നേതൃത്വം നൽകിയ ആദ്യപ്രതിപക്ഷ നേതാവായി വി ഡി സതീശൻ അധഃപതിച്ചു. മുമ്പൊരിക്കലും സ്‌പീക്കറെ ചേമ്പറിലേക്ക്‌ പ്രവേശിക്കുന്നത്‌ തടയാനുള്ള ശ്രമം കേരള നിയമസഭയിലുണ്ടായിട്ടില്ല. അടിസ്ഥാനരഹിത ആക്ഷേപങ്ങൾ ഉന്നയിച്ച്‌ നടപടികൾ സ്‌തംഭിപ്പിക്കാനുള്ള ശ്രമം സ്‌പീക്കർ അംഗീകരിക്കാത്തതിനെ തുടർന്നായിരുന്നു നടുത്തളത്തിലെ സമാന്തര സഭാ നടപടികൾ. സ്‌പീക്കറുടെ ഡയസ്സിനുള്ളിലേക്ക്‌ ചാടിക്കടക്കാനും ശ്രമിച്ചു. ചട്ടങ്ങളും കീഴ്‌വഴക്കങ്ങളുമെല്ലാം ലംഘിച്ച അനുയായികളെ ന്യായീകരിക്കാൻ പ്രതിപക്ഷനേതാവിന്‌ ലജ്ജയുണ്ടായില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top