കൊച്ചി> ജില്ലയിൽ കനത്ത മഴ തുടരുന്നു. ചില പ്രദേശങ്ങളിൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്‌തു. രണ്ടുദിവസമായി തുടരുന്ന കനത്ത മഴയിൽ കരുമാല്ലൂരിൽ വെളിയത്തുനാട് കിഴക്ക് പാടശേഖരസമിതിയുടെ കീഴിലുള്ള 25 ഏക്കറോളം പാടശേഖരം വെള്ളത്തിനടിയിലായി. കഴിഞ്ഞദിവസങ്ങളിലാണ് ഇവിടെ ഞാറുനട്ടത്. പല്ലാരിമംഗലം കുടമുണ്ടയിൽ പാലം വെള്ളത്തിനടിയിലായി. പെരുമ്പാവൂരിൽ കനത്ത മഴയിൽ ശ്മശാനത്തിലെ മണ്ണിടിഞ്ഞുവീണ് വീട് ഭാഗികമായി തകർന്നു. വെങ്ങോല പഞ്ചായത്ത് വലിയ കുളത്തിനുസമീപം പൂമല വാർഡിൽ നസ്രേത്ത് സന്തോഷ് വർഗീസിന്റെ വീടിനുമുകളിലേക്കാണ് മണ്ണിടിഞ്ഞ് ഷീറ്റ് മേഞ്ഞ ഭാഗം തകർന്നത്. ശക്തമായ കാറ്റിലും മഴയിലും തൃക്കാക്കരയിൽ രണ്ടിടത്ത് മരങ്ങൾ റോഡിലേക്ക് വീണ് മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. ഭാരത മാതാ കോളേജിനുസമീപം സീപോർട്ട്–-എയർപോർട്ട് റോഡിലേക്ക് കൂറ്റൻ അക്വാഷ്യ മരം കടപുഴകിവീണു.
പാലാരിവട്ടം സിവിൽ ലൈൻ റോഡ് പടമുകൾ പള്ളിക്കുസമീപം വലിയ മരക്കൊമ്പ് റോഡിലേക്ക് ഒടിഞ്ഞുവീണ് റോഡരികിൽ നിർത്തിയിട്ടിരുന്ന കാർ ഭാഗികമായി തകർന്നു. കാക്കനാട് തെങ്ങോട് ഹൈസ്കൂളിലെ മൺതിട്ട ഇടിഞ്ഞു. മൂവാറ്റുപുഴയിൽ പെയ്‌ത കനത്ത മഴയിൽ നെഹ്‌റു പാർക്കിൽ ഗവ. ടൗൺ യുപി സ്‌കൂളിന്റെ മതിൽ ഇടിഞ്ഞുവീണ് പെട്ടിക്കട തകർന്ന് ലോട്ടറിവിൽപ്പനക്കാരന് പരിക്കേറ്റു. ആലുവ ചൂർണിക്കര കമ്പനിപ്പടി മാന്ത്രക്കൽ റെയിൽവേ തുരങ്കവും സമീപപ്രദേശങ്ങളും വെള്ളക്കെട്ടിലായി. കാലടിയിലും കാഞ്ഞൂർ പഞ്ചായത്തിലെ പുതിയേടത്തും വെള്ളക്കെട്ട് രൂക്ഷമായി. വൈപ്പിൻകരയിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളക്കെട്ടിലായി.
എന്നാൽ, മുൻവർഷങ്ങളെ അപേക്ഷിച്ച് കൊച്ചി നഗരത്തിൽ വെള്ളക്കെട്ട് ഒഴിവായി. കനത്ത മഴ തുടർച്ചയായി പെയ്‌തിട്ടും കൊച്ചിയിൽ സ്ഥിരം വെള്ളക്കെട്ടുണ്ടാകുന്ന സ്ഥലങ്ങളിൽപ്പോലും വെള്ളം വേഗം ഇറങ്ങിപ്പോകുന്നതാണ് കണ്ടത്. ഓപ്പറേഷൻ ബ്രേക്‌ത്രൂ ഫലംകണ്ടതിന്റെ സന്തോഷത്തിലാണ് നഗരവാസികൾ. ഓപ്പറേഷൻ ബ്രേക്‌ത്രൂ പദ്ധതിക്കായി 10 കോടി രൂപയാണ് സംസ്ഥാന സർക്കാർ ചെലവഴിച്ചത്. മഴയ്ക്കുമുമ്പുതന്നെ കാനകളും തോടുകളും വൃത്തിയാക്കിയതും കൊച്ചിക്ക് ആശ്വാസമായി.
വെള്ളിയാഴ്‌ച പകലും രാത്രിയും തുടർച്ചയായി മഴ പെയ്‌തത് ചില ഇടങ്ങളിൽ വെള്ളക്കെട്ടുണ്ടാക്കി. ഇടപ്പള്ളി, വൈറ്റില, പനമ്പിള്ളി നഗർ എന്നിവിടങ്ങളിലാണ് വെള്ളക്കെട്ടുണ്ടായത്. മഴ കുറഞ്ഞതോടെ മുൻവർഷങ്ങളെക്കാൾ വേഗത്തിൽ പല ഇടങ്ങളിലും വെള്ളമിറങ്ങുകയും ചെയ്‌തു.
അതേസമയം, എറണാകുളം കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ പതിവുപോലെ വെള്ളം കയറി. വെള്ളക്കെട്ടായതിനാൽ ആളുകൾ സ്റ്റാൻഡിനു പുറത്തുനിന്നാണ് ബസുകളിൽ കയറിയത്. മുല്ലശേരി കനാലിൽ വെള്ളമുയർന്നതോടെ പരിസരപ്രദേശങ്ങളിലും വെള്ളക്കെട്ടുണ്ടായി. ഗാന്ധിനഗർ അഗ്നി രക്ഷാസേന എത്തി വെള്ളം പമ്പുചെയ്ത് നീക്കി. കാരിക്കാമുറി ഭാഗത്തുണ്ടായ വെള്ളക്കെട്ടും അഗ്നി രക്ഷാസേന നീക്കി. അപകടങ്ങൾ ഒഴിവാക്കാൻ വലിയ വൃക്ഷങ്ങൾക്കടിയിൽ വാഹനങ്ങൾ നിർത്തിയിടരുതെന്ന് അധികൃതർ അറിയിച്ചു. ഇരുചക്രവാഹനയാത്രക്കാരും ജാഗ്രത പുലർത്തണം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..