20 April Saturday

രമേശ് ചെന്നിത്തലയെ നീക്കി ഉമ്മൻചാണ്ടി തലപ്പത്ത്; ചെന്നിത്തല പ്രതിപക്ഷ നേതാവായി തുടരും; മുല്ലപ്പള്ളിയും തുടരും

എം പ്രശാന്ത്‌Updated: Tuesday Jan 19, 2021


ന്യൂഡൽഹി
നിയമസഭാ തെരഞ്ഞെടുപ്പിന്‌ മാസങ്ങൾമാത്രം ശേഷിക്കെ പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തലയെ ഒഴിവാക്കി ഉമ്മൻചാണ്ടിയെ യുഡിഎഫ് തലപ്പത്ത് നിയോഗിച്ചു.  തദ്ദേശതെരഞ്ഞെടുപ്പിൽ കോൺഗ്രസിനുണ്ടായ കനത്ത തിരിച്ചടിയുടെ ഉത്തരവാദിത്തം ചെന്നിത്തലയുടെ തലയിലിട്ടാണ് ആന്റണിയുടെ സാന്നിധ്യത്തിൽ ഉമ്മൻചാണ്ടിയെ അവരോധിച്ചത്. ഡൽഹിയിൽ നടത്തിയ രണ്ടു ദിവസത്തെ നാടകത്തിൽ ഐ ഗ്രൂപ്പുകാർ കടുത്ത അമർഷത്തിലാണ്.

കേരളത്തിൽനിന്നുള്ള മുതിർന്ന നേതാവ്‌ എ കെ ആന്റണിയുടെയും ലീഗടക്കമുള്ള സഖ്യകക്ഷികളുടെ നിലപാടുമാണ് ഉമ്മൻചാണ്ടിക്ക് അനുഗ്രഹമായത്. പ്രതിപക്ഷ നേതാവെന്ന നിലയിൽ രമേശ്‌ ചെന്നിത്തലയുടെയും കെപിസിസി പ്രസിഡന്റെന്ന നിലയിൽ മുല്ലപ്പള്ളി രാമചന്ദ്രന്റെയും പ്രകടനം വളരെ ദയനീയമാണെന്നാണ് ഹൈക്കമാൻഡ്‌
വിലയിരുത്തൽ.


 

തെരഞ്ഞെടുപ്പ് നയിക്കാൻ ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിൽ പത്തംഗ തെരഞ്ഞെടുപ്പ്‌ മേൽനോട്ടസമിതി രൂപീകരിക്കും. തന്ത്രങ്ങൾ രൂപീകരിക്കൽ, പ്രചാരണം തുടങ്ങിയ കാര്യങ്ങളെല്ലാം ഇവരുടെ മേൽനോട്ടത്തിലാകും.   നിലവിൽ ചെന്നിത്തലയുടെ പ്രതിപക്ഷ നേതാവ് സ്ഥാനവും മുല്ലപ്പള്ളിയുടെ പ്രസിഡന്റ് സ്ഥാനവും ഇളകില്ല. എന്നാൽ, ചില ഡിസിസി തലപ്പത്ത് മാറ്റമുണ്ടാകും.

ഉമ്മൻചാണ്ടിക്ക്‌ പുറമെ സംഘടനാചുമതലയുള്ള ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി താരിഖ് അൻവർ, ചെന്നിത്തല, മുല്ലപ്പള്ളി, കെ മുരളീധരൻ, വി എം സുധീരൻ, കെ സുധാകരൻ, കൊടിക്കുന്നിൽ സുരേഷ്, ശശി തരൂർ തുടങ്ങിയവരാണ് സമിതിയിലുണ്ടാകുക.  കോൺഗ്രസിന്‌ ഇക്കുറി മുഖ്യമന്ത്രി സ്ഥാനാർഥി ഉണ്ടാവില്ലെന്ന്‌ ചർച്ചകൾക്കു‌ശേഷം എ കെ ആന്റണി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top