26 April Friday

ഉമ്മൻചാണ്ടി തുടങ്ങി ; എറണാകുളത്ത്‌ എ ഗ്രൂപ്പ്‌ സംഘടിപ്പിച്ച രണ്ടു ചടങ്ങിലും സതീശനെയും തോമസിനെയും ഒഴിവാക്കി

വെബ് ഡെസ്‌ക്‌Updated: Sunday Sep 12, 2021


കൊച്ചി
ഡിസിസി അധ്യക്ഷന്മാരുടെ വീതംവയ്‌പോടെ മൂലയിലൊതുങ്ങിയ ‘എ’ ഗ്രൂപ്പിന്‌ ജീവൻനൽകാൻ ഉമ്മൻചാണ്ടി നേരിട്ടിറങ്ങി. എ ഗ്രൂപ്പിന്റെ ശക്തികേന്ദ്രമായ എറണാകുളത്ത്‌ ഉമ്മൻചാണ്ടിയെ പങ്കെടുപ്പിച്ച് എ ഗ്രൂപ്പ്‌ സംഘടിപ്പിച്ച രണ്ടു ചടങ്ങിലും പ്രതിപക്ഷനേതാവ് വി ഡി സതീശനെയും എ ഗ്രൂപ്പിൽനിന്ന് മൂന്നാംഗ്രൂപ്പിലേക്കു ചാടിയ കെപിസിസി വർക്കിങ് പ്രസിഡന്റ്‌ പി ടി തോമസിനെയും പങ്കെടുപ്പിച്ചില്ല.

പള്ളുരുത്തിയിൽ കെ ബാബുവിന്റെ എംഎൽഎ ഓഫീസ് ഉദ്‌ഘാടനത്തിലും വൈപ്പിനിൽ വീടിന്റെ താക്കോൽദാനത്തിലുമാണ് ഇവരെ ഒഴിവാക്കിയത്. പള്ളുരുത്തി കുമ്പളങ്ങി വഴിയിലാണ്‌ കെ ബാബുവിന്റെ ഓഫീസ്‌ തുറന്നത്‌. പുതുതായി ചുമതലയേറ്റ മൂന്നാംഗ്രൂപ്പിലെ ഡിസിസി പ്രസിഡന്റ്‌ മുഹമ്മദ്‌ ഷിയാസ്‌ മാത്രമാണ്‌ ഗ്രൂപ്പിന്‌ പുറത്തുനിന്ന്‌ പങ്കെടുത്തത്‌. ഗ്രൂപ്പിൽനിന്ന്‌ പി ടി തോമസ്‌ ഉൾപ്പെടെയുള്ള പ്രമുഖർ കളംമാറി പുതിയ ഗ്രൂപ്പിൽ ഇടംനേടിയത് ഉമ്മൻചാണ്ടിയെ പ്രകോപിപ്പിച്ചിരുന്നു. ഉമ്മൻചാണ്ടിയുടെ വിശ്വസ്തനായ കെ ബാബു പുതിയ ഡിസിസി പ്രസിഡന്റ്‌ ചുമതലയേറ്റ ചടങ്ങിൽ ഉമ്മൻചാണ്ടിയെപ്പോലുള്ള നേതാക്കളെ ഒഴിവാക്കി കോൺഗ്രസിനു മുന്നോട്ടുപോകാനാകില്ലെന്ന് പ്രസംഗിക്കുകയും ചെയ്തു.

മൂന്നാംഗ്രൂപ്പിനോടുള്ള ബാബുവിന്റെയും മറ്റ് എ ഗ്രൂപ്പ് നേതാക്കളുടെയും പ്രതിഷേധമാണ് സതീശനെയും പി ടിയേയും ഒഴിവാക്കിയതിനുപിന്നിൽ. ഡിസിസി വീതംവയ്‌പിൽ കെ ബാബു ഉമ്മൻചാണ്ടിക്ക്‌ അനുകൂലമായി നിലപാടെടുത്തപ്പോൾ വി ഡി സതീശനും കെ സുധാകരനും വേണ്ടിയായിരുന്നു പി ടി തോമസിന്റെ പ്രസ്‌താവനകൾ. തർക്കങ്ങൾ പറഞ്ഞ്‌ അവസാനിപ്പിച്ചുവെന്ന്‌ സംസ്ഥാനനേതൃത്വം പറഞ്ഞിട്ട്‌ നാളുകൾക്കുശേഷമാണ്‌ ഉമ്മൻചാണ്ടി ‘എ’ ഗ്രൂപ്പ്‌ നേതാവിന്റെ ഓഫീസ്‌ ഉദ്ഘാടനത്തിന്‌ എത്തിയതെന്നതും ശ്രദ്ധേയമാണ്‌. ഗ്രൂപ്പ്‌ യോഗം വിളിച്ചാൽ നടപടിയെടുക്കുമെന്ന്‌ കെ സുധാകരൻ കഴിഞ്ഞദിവസം മുന്നറിയിപ്പുനൽകിയിരുന്നു. ഗ്രൂപ്പ്‌ യോഗമാണെന്ന്‌ അറിയപ്പെടാതിരിക്കാനാണ്‌ ഓഫീസ്‌ ഉദ്‌ഘാടനമെന്ന പേരിൽ ചടങ്ങ്‌ സംഘടിപ്പിച്ചതെന്നാണ്‌ മറുഭാഗത്തിന്റെ കണ്ടെത്തൽ. വൈപ്പിൻ നായരമ്പലത്ത്‌ കോൺഗ്രസ്‌ നിർമിച്ച വീടിന്റെ താക്കോൽ കൈമാറ്റ ചടങ്ങിലും മൂന്നാംഗ്രൂപ്പിനെ അടുപ്പിച്ചില്ല. ഉമ്മൻചാണ്ടിയെത്തുന്നതറിഞ്ഞ്‌ പഴയ എ ഗ്രൂപ്പുകാർ ഒന്നാകെ സ്ഥലത്തെത്തിയിരുന്നു. എന്നാൽ തൊട്ടടുത്ത മണ്ഡലമാണ്‌ വി ഡി സതീശന്റേതെങ്കിലും ചടങ്ങിന്‌ വിളിച്ചില്ല. വൈപ്പിൻ മണ്ഡലത്തിലെ പാർടി കാര്യങ്ങൾ ഉൾപ്പെടെ നിയന്ത്രിച്ചിരുന്നത്‌ സതീശനായിരുന്നു. കോൺഗ്രസ്‌ ബ്ലോക്ക്‌ കമ്മിറ്റിയാണ്‌ താക്കോൽദാന ചടങ്ങ്‌ സംഘടിപ്പിച്ചത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top