26 April Friday

ഗോത്ര വിഭാഗങ്ങള്‍ക്ക് സേവനങ്ങള്‍ ഓണ്‍ലൈനില്‍; സ്മാര്‍ട്ട് കാര്‍ഡും നല്‍കും

വെബ് ഡെസ്‌ക്‌Updated: Friday Feb 19, 2021

തിരുവനന്തപുരം > സംസ്ഥാനത്തെ പട്ടികവര്‍ഗക്കാര്‍ക്കുള്ള വിവിധ സര്‍ക്കാര്‍ സേവനങ്ങളും ആനുകൂല്യങ്ങളും ഓണ്‍ലൈനായി നല്‍കുന്ന പുതിയ പദ്ധതിയുടെയും വ്യക്തിഗത സ്മാര്‍ട്ട് കാര്‍ഡ് നല്കുന്നതിന്റെയും ഉദ്ഘാടനം വകുപ്പ് മന്ത്രി എ കെ ബാലന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു.

ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് പട്ടികവര്‍ഗ സമൂഹങ്ങളുടെ വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സുതാര്യവും കാര്യക്ഷമവുമായി നടപ്പിലാക്കുന്നതിന്റെ നാഴികക്കല്ലാണ് ഈ പദ്ധതികളെന്ന് മന്ത്രി പറഞ്ഞു.

സംസ്ഥാന ധനകാര്യ വകുപ്പിന്റെ ഐ റ്റി വിഭാഗത്തിന്റെയും ഡല്‍ഹി കേന്ദ്രമായ നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്ററിന്റെയും സാങ്കേതിക സഹായത്തോടെ സര്‍വീസ് പ്ലസ് എന്ന സംവിധാനമുപയോഗിച്ചാണ് ഓണ്‍ലൈന്‍ സേവനങ്ങള്‍ നല്കുന്നത്. ഇതോടു കൂടി ദുര്‍ഘട പ്രദേശങ്ങളില്‍ അധിവസിക്കുന്ന പട്ടികവര്‍ഗക്കാര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ക്കും രേഖകള്‍ക്കുമായി സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങേണ്ട സാഹചര്യം ഒഴിവായിക്കിട്ടും. ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ട് ലിങ്ക് ചെയ്യുന്നതോടെ സാമ്പത്തികാനൂല്യങ്ങള്‍ നേരിട്ട് ബാങ്ക് അക്കൗണ്ടില്‍ എത്തുന്ന സാഹചര്യവും സംജാതമാകും.

പട്ടികവര്‍ഗ പ്രമോട്ടര്‍മാരുടെ സഹായത്തോടെയാണ് പദ്ധതി ഊരുകളില്‍ നടപ്പിലാക്കുന്നത്. ഇതോടൊപ്പം എല്ലാ പട്ടികവര്‍ഗക്കാര്‍ക്കും മൈക്രോചിപ്പ് ഘടിപ്പിച്ച സ്മാര്‍ട്ട് കാര്‍ഡ് നല്കുന്നതാണ്. സര്‍ക്കാര്‍ പദ്ധതികള്‍ക്കും സേവനങ്ങള്‍ക്കും അപേക്ഷിക്കുവാനും അര്‍ഹത നിര്‍ണയിക്കാനും ഈ സ്മാര്‍ട്ട് കാര്‍ഡ് സഹായമാകും. ജാതി വരുമാന സര്‍ട്ടിഫിക്കറ്റുകള്‍ ഉള്‍പ്പെടെ വിവിധങ്ങളായ ആവശ്യങ്ങള്‍ക്ക് ആധികാരിക രേഖയായി കാര്‍ഡ് ഉപയോഗിക്കാം. പട്ടികവര്‍ഗ വികസന വകുപ്പ് കഴിഞ്ഞ രണ്ട് വര്‍ഷമായി നടത്തിയ വിപുലമായ സോഷ്യോ ഇക്കണോമിക്ക് സര്‍വ്വേയുടെ ഡാറ്റാബാങ്കുമായി യോജിപ്പിച്ചാണ് രണ്ട് പദ്ധതികളും നടപ്പിലാക്കുന്നത്.

പട്ടികവര്‍ഗ വികസ വകുപ്പ് ഡയറക്ടര്‍ ഡോ. പി പുഗഴേന്തി അധ്യക്ഷനായ ഉദ്ഘാടന ചടങ്ങില്‍ ഡല്‍ഹിയില്‍ നിന്നും എന്‍ ഐ സി ഡയറക്ടര്‍ ജനറല്‍ നീതാ വര്‍മ്മ, ഐ റ്റി മിഷന്‍ ഡയറക്ടര്‍ എസ് ചന്ദ്രശേഖര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top