കോഴിക്കോട്> ബാലുശേരി മഞ്ഞപ്പാലം കുന്നത്തുകണ്ടി സനലിന് കഴിഞ്ഞ മെയ് മുതലാണ് ഫോൺകോളുകൾ വന്നു തുടങ്ങിയത്. ഈസി മണി എന്ന ആപ്പിൽനിന്ന് എടുത്ത വായ്‌പ തിരിച്ചടയ്‌ക്കാനായിരുന്നു ഭീഷണി. വായ്‌പ അക്കൗണ്ടിൽ ക്രെഡിറ്റായതായി വ്യാജ രേഖകളും അയച്ചു നൽകി. വായ്‌പ എടുത്തിട്ടില്ലെന്ന് കാണിച്ച് ബാങ്ക് അക്കൗണ്ട് വിവരം പങ്കുവച്ചപ്പോൾ 2000 രൂപ അടച്ച് തീർപ്പാക്കാനായിരുന്നു നിർദേശം. ഇതിന് തയ്യാറാവാതെ വന്നതോടെ സമൂഹമാധ്യമ അക്കൗണ്ടിലെ ഫോട്ടോ മോർഫ് ചെയ്‌ത് സുഹൃത്തുക്കൾക്ക് അയച്ചു. രാവിലെ മുതൽ രാത്രിവരെ തുടർച്ചയായി കോളുകൾ വന്നതോടെ ഫോൺ ഫ്ളൈറ്റ് മോഡിലാക്കിയതായി സനൽ പറഞ്ഞു.
ഒറ്റപ്പെട്ട സംഭവമല്ല
എടുക്കാത്ത വായ്‌പ തിരിച്ചടയ്‌ക്കണമെന്ന ആവശ്യവുമായി തട്ടിപ്പു സംഘങ്ങളുടെ ഭീഷണി പെരുകുകയാണ്. പണം നൽകിയില്ലെങ്കിൽ സമൂഹമാധ്യമ അക്കൗണ്ടിലെ ചിത്രങ്ങൾ മോർഫ് ചെയ്‌ത് പങ്കുവയ്‌ക്കുമെന്നും ഭീഷണിപ്പെടുത്തുന്നു. ഇംഗ്ലീഷിലും ഹിന്ദിയിലും വാട്‌സ്‌ആപ്പിലും മെസഞ്ചറിലും മൊബൈൽ ഫോണിലും തുടർച്ചയായി ഭീഷണിയെത്തും. സൈബർ സെല്ലിൽ നിരവധി പരാതികളാണ് ദിവസവും ലഭിക്കുന്നത്.
ബാലുശേരി സ്വദേശിയായ അക്ഷയിന് കഴിഞ്ഞ ആഴ്‌ചയാണ് പണം തിരിച്ചടയ്‌ക്കാനാവശ്യപ്പെട്ട് സന്ദേശം വന്നത്. ലോൺ ഈസി ആപ്പിൽനിന്ന് എടുത്ത വായ്‌പയുടെ തിരിച്ചടവ് മുടങ്ങിയെന്നായിരുന്നു സന്ദേശം. നിരവധി വായ്‌പാ ആപ്പുകളിൽനിന്ന് ഇത്തരത്തിൽ ഭീഷണി സന്ദേശമെത്തുന്നുണ്ട്. ഒരാൾ വായ്‌പാ ആപ് ഡൗൺലോഡ് ചെയ്‌താൽ അയാളുടെ ഫോണിൽ നമ്പറുള്ള എല്ലാവർക്കും ലിങ്ക് വരും. ട്രങ്ക് കോളുകൾ വഴിയും ഭീഷണിയെത്തും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..