കൽപ്പറ്റ> വയനാട്ടിലും ലോൺ ആപ്പ് തട്ടിപ്പിൽ ഇരകളായത് നിരവധിപേർ. മീനങ്ങാടി അരിമുളയിൽ ഗൃഹനാഥന്റെ ആത്മഹത്യക്ക് പിന്നിൽ ലോൺ ആപ്പിന്റെ ഭീഷണിയെന്ന് ബന്ധുക്കൾ ആരോപിച്ചതോടെയാണ് തട്ടിപ്പിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നത്. ഇതുസംബന്ധിച്ച് ജില്ലാ പൊലീസ് മോധാവി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
മാസങ്ങൾക്കുള്ളിൽ സമൂഹ മാധ്യമങ്ങൾ വഴിയുള്ള തട്ടിപ്പുകളുടെ നിരവധി പരാതികളാണ് ജില്ലാ സൈബർ ക്രൈം പൊലീസ് സ്റ്റേഷനിൽ ലഭിച്ചത്. ഈ വർഷം ലോൺ ആപ്പിൽ കുടുങ്ങിയവരുടെ ഇരുപതിലധികം പരാതി ലഭിച്ചു. ഉപാധികളില്ലാതെ ലോൺ തരാമെന്നുപറഞ്ഞ് മൊബൈലിൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യാൻ പ്രേരിപ്പിച്ച് ആവശ്യമായ പണം ഇവർ നൽകുന്നു. ആപ്ലിക്കേഷൻ തുറക്കുമ്പോൾ അനുവാദം ചോദിക്കുന്ന സ്ഥലത്ത് സമ്മതമാണ് എന്ന് രേഖപ്പെടുത്തുന്നതോടെയാണ് പണിവരുന്നത്. തുടർന്ന് സർവീസ് ചാർജ് ആയി വലിയ തുക ഇവർ ഈടാക്കും. ദിവസങ്ങൾക്കുള്ളിൽ തന്നെ കടമെടുത്ത തുകയുടെ വലിയ ശതമാനം പലിശ കണക്കാക്കി ഇവർ തിരിച്ചുചോദിക്കും.
ഫോണിൽ ഇത്തരം ലോൺ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുന്നതോടെ ലോൺ എടുക്കാൻ ശ്രമിക്കുന്ന ആളുടെ മൊബൈൽ ഫോൺ തട്ടിപ്പുകാരുടെ നിയന്ത്രണത്തിലാവുന്നു. തുടർന്ന് ഫോണിലെ നമ്പറുകൾ, സ്വകാര്യ ഫയലുകൾ തുടങ്ങിയവ തട്ടിപ്പുകാർക്ക് ലഭിക്കുന്നു. അടവ് മുടങ്ങിയാൽ ഇതര സംസ്ഥാന നമ്പറുകളിൽനിന്ന് ലോണെടുത്തവർക്ക് കോളുകൾ വന്നുകൊണ്ടിരിക്കും. ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത ഫോണിലെ വിവരങ്ങൾ ചോർത്തുന്ന ഇവർ ഫോട്ടോകൾ എടുത്ത് അശ്ലീല ചിത്രങ്ങളുടെ കൂടെ എഡിറ്റ്ചെയ്ത് നമ്പറുകളിലേക്ക് അയച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി വലിയ തുക തിരിച്ചടവായി വാങ്ങുന്നു.
കഴിഞ്ഞ വർഷം പുൽപ്പള്ളി സ്വദേശിനിയുടെ ഏഴ് ലക്ഷം ഇത്തരത്തിൽ ലോൺ അടവിന്റെ പേരിൽ നഷ്ടപ്പെട്ടിരുന്നു. 2021ൽ സമാന കേസിൽ പടിഞ്ഞാറത്തറ സ്വദേശിയുടെ പണം നഷ്ടപ്പെട്ടതിൽ വാരണാസിയിൽനിന്ന് പ്രതികളെ പിടികൂടിയിരുന്നു. നിയമപരമല്ല്ലാത്ത ലോൺ ആപ്പ് വഴിയാണ് ലോൺ നൽകി തട്ടിപ്പ് നടത്തുന്നത്. വ്യാജ സിം കാർഡുകൾ, ബാങ്ക് അക്കൗണ്ടുകൾ എന്നിവ ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..