18 December Thursday

ആയിരങ്ങളിൽ തുടക്കം, ഒടുക്കം ലക്ഷങ്ങളുടെ കടക്കാരൻ

ശ്രീരാജ് ഓണക്കൂര്‍Updated: Sunday Sep 17, 2023

കൊച്ചി> ‘അയ്യായിരം രൂപ തരാം. ആധാർ കാർഡും പാൻകാർഡും മാത്രം തന്നാൽ മതി. പണം ഉടൻ അക്കൗണ്ടിൽ’–- ഇത്തരം സന്ദേശങ്ങളിലൂടെയാണ്‌ ഓൺലൈൻ വായ്പത്തട്ടിപ്പുകാർ ഇരയെ കണ്ടെത്തുന്നത്‌. അനായാസം പണം കിട്ടുമെന്നതാണ് ഓൺലെെൻ വായ്പ ആപ്പുകളിലേക്ക് ആളുകളെ ആകർഷിക്കുന്നത്. ചിലർ ബാങ്ക് സ്റ്റേറ്റ്മെന്റും ആവശ്യപ്പെടാറുണ്ട്. അയ്യായിരമെന്നു പറഞ്ഞാലും കൈയിൽ കിട്ടുന്നത്‌ മൂവായിരം രൂപയാണ്‌. ബാക്കി വായ്പ പ്രോസസിങ്‌ ചാർജാണെന്നു പറയും. തുക ഏഴുദിവസത്തിനകം 5500 രൂപയായി മടക്കിനൽകണം. അതായത്‌ 2500 രൂപ വായ്പഎടുക്കുന്നയാൾ കൂടുതൽ അടയ്‌ക്കണം. ഏഴുദിവസത്തേക്ക്‌ 75 ശതമാനംവരെ പലിശ നൽകണമെന്ന്‌ സാരം.

ആറാംദിവസംമുതൽ വിളി

ഏഴുദിവസത്തേക്കാണ്‌ വായ്പയെങ്കിൽ ആറാംദിവസംമുതൽ തട്ടിപ്പുസംഘം ഫോൺവിളി തുടങ്ങും. പണം അടച്ചില്ലെങ്കിൽ ഭീഷണിയാകും. ഹിന്ദിയിലായിരിക്കും മിക്കവാറും സംസാരം. തട്ടിപ്പുസംഘത്തിന്റെ ആപ് ഫോണിൽ ഇൻസ്‌റ്റാൾ ചെയ്യുമ്പോൾ നമ്മുടെ ഫോണിലെ വിവരങ്ങൾ എടുക്കാൻ അനുമതി നൽകണം. ഇതുവഴി ഫോണിലെ കോൺടാക്ട്‌ ലിസ്‌റ്റും ഫോട്ടോകളും സംഘത്തിന്റെ കൈയിലെത്തും. ഇത്‌ ഉപയോഗിച്ചുള്ള ഭീഷണിയാണ്‌ പിന്നെ.

ഈ അവസ്ഥയിലെത്തുംമുമ്പ്‌ ചില തട്ടിപ്പുസംഘങ്ങൾ മറ്റൊരു ഓഫർ വയ്‌ക്കും. പുതിയ വായ്പ. പതിനായിരമായിരിക്കും തുക. ഇതും മുഴുവനല്ല. ഏഴുദിവസത്തിനകം 11,000 രൂപ അടയ്‌ക്കാൻ ആവശ്യപ്പെടും. ഇത്തരത്തിൽ മൂന്നുലക്ഷം രൂപവരെ കടത്തിലായവരുണ്ട്‌.

ഭീഷണി പലവിധം

വായ്പ എടുത്തയാളുടെ ഫോട്ടോ ഉപയോഗിച്ച്‌ പല രീതിയിലാണ്‌ ഭീഷണി. വിവിധ കേസുകളിൽ പ്രതിയാണെന്ന്‌ പരിചയക്കാരുടെയും ബന്ധുക്കളുടെയും മൊബൈലിലേക്ക്‌ സന്ദേശം അയക്കും. പീഡനക്കേസ്‌ പ്രതിയാണെന്നും എച്ച്‌ഐവി രോഗിയാണെന്നും സന്ദേശം പ്രചരിപ്പിക്കും. സ്‌ത്രീകളാണെങ്കിൽ ‘കാൾ ഗേൾ’ ആണെന്നു പറഞ്ഞ്‌ ചിത്രവും നമ്പറും സഹിതം സന്ദേശങ്ങൾ അയക്കും. ചിലപ്പോൾ സമൂഹമാധ്യമങ്ങളിലുള്ള ചിത്രങ്ങളും ദുരുപയോഗം ചെയ്യും. അപമാനം ഭയന്ന്‌ പലരും പരാതി നൽകാറില്ല. അപമാനിതരായതിൽ മനംനൊന്ത്‌ ചിലർ ആത്മഹത്യ തെരഞ്ഞെടുക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top