27 April Saturday

സമ്പൂര്‍ണ 'ഇ' പഠനം ഇവിടെ മാത്രം; ചരിത്രനേട്ടത്തിനരികെ കേരളം

സ്വന്തം ലേഖകൻUpdated: Monday Jul 26, 2021

തിരുവനന്തപുരം > പൊതുവിദ്യാലയങ്ങളിലെ എല്ലാ വിദ്യാർഥികൾക്കും ഓൺലൈൻ പഠനത്തിനുള്ള ഡിജിറ്റൽ ഉപകരണങ്ങൾ ആഗസ്‌തിൽ ലഭ്യമാകും.  എല്ലാവർക്കും സ്വന്തമായി പാഠപുസ്‌തകമുള്ളതുപോലെ ഡിജിറ്റൽ പഠനോപകരണങ്ങളുമുള്ള ആദ്യ സംസ്ഥാനമായി ഇതോടെ  കേരളം മാറും.

ഗുണമേന്മാ വിദ്യാഭ്യാസം അവകാശമാണെന്ന്‌ പ്രഖ്യാപിച്ച്‌ എല്ലാ കുട്ടികൾക്കും ഡിജിറ്റൽ ഉപകരണങ്ങൾ ഉറപ്പാക്കലാണ്‌ ലക്ഷ്യം. രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ നൂറുദിനത്തിനകം ഈ ചരിത്രനേട്ടം യാഥാർഥ്യമാക്കാനുള്ള ജനകീയ യജ്ഞത്തിലാണ്‌ വിദ്യാഭ്യാസതൽപ്പര സമൂഹമൊന്നാകെ. സംസ്ഥാനതലംമുതൽ സ്‌കൂൾതലംവരെ ജനകീയ സമിതികളും പ്രവർത്തിക്കുന്നു.

എല്ലാ കുട്ടികൾക്കും ഡിജിറ്റൽ പഠനോപകരണങ്ങൾ ലഭ്യമാകുന്നതോടെ പൊതുവിദ്യാഭ്യാസ വകുപ്പ്‌ ജി സ്യൂട്ട്‌ പ്ലാറ്റ്‌ഫോമിൽനിന്ന്‌ സ്‌കൂൾതലത്തിൽ ഓൺലൈൻ ക്ലാസുകൾ ആരംഭിക്കും. ഇതിന്റെ ട്രയൽ 35 വിഎച്ച്‌എസ്‌ഇ സ്‌കൂളിനെ പങ്കെടുപ്പിച്ച്‌ പുരോഗമിക്കുകയാണ്‌.  വൊക്കേഷണൽ ഹയർ സെക്കൻഡറി ക്ലാസുകളിലായിരിക്കും ആദ്യം ആരംഭിക്കുക. തുടർന്ന്‌, പ്ലസ്‌ ടുവിനും പിന്നാലെ എസ്‌എസ്‌എൽസിക്കും.
ഉപകരണലഭ്യത ഉറപ്പാക്കാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക നിധിയിലേക്ക്‌ സംഭാവന സ്വീകരിക്കാനും അതുവഴി കുട്ടികൾക്ക്‌ പഠനോപകരണങ്ങൾ എത്തിക്കാനുമുള്ള പോർട്ടൽ ഉടൻ സജ്ജമാകും.

ഓരോ വിദ്യാലയത്തിലും എത്ര കുട്ടികൾക്ക് ഡിജിറ്റൽ പഠനസൗകര്യം ലഭ്യമാണെന്നും എത്രപേർക്ക് ഇനിയും ഉപകരണങ്ങൾ ലഭ്യമാക്കണമെന്നുമുള്ള കണക്കെടുപ്പ്‌ തിങ്കളാഴ്‌ച പൂർത്തിയാകും. ജില്ലകളിലെ അന്തിമ കണക്ക്‌ വൈകിട്ടോടെ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സമ്പൂർണ പോർട്ടലിൽ ലഭ്യമാകും.

പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോം

സ്‌കൂൾതലത്തിൽ ഓൺലൈൻ ക്ലാസുകൾക്ക്‌ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കൈറ്റ്‌ സജ്ജമാക്കിയ ജി സ്യൂട്ട്‌ താൽക്കാലികമായിരിക്കും.

സ്വതന്ത്ര സോഫ്‌റ്റ്‌വെയറിന്റെ സഹായത്തോടെ പുതിയ ഡിജിറ്റൽ ലേണിങ്‌ മാനേജ്‌മെന്റ്‌ പ്ലാറ്റ്‌ഫോം വികസിപ്പിക്കുന്ന പ്രവർത്തനം കൈറ്റ്‌ ആരംഭിച്ചു. 2022 ജനുവരി 31നകം ഇത്‌ തുടങ്ങും. നവംബർ ഒന്നുമുതൽ വിവിധ ദൃശ്യശ്രാവ്യ  ചാനലുകളിലൂടെ വിദ്യാഭ്യാസ പരിപാടികളുടെ സംപ്രേഷണത്തിനും ആലോചനയുണ്ട്‌.

ഡിജിറ്റൽ ക്ലാസുകൾ കൈകാര്യം ചെയ്യാൻ അധ്യാപകർക്കും രക്ഷിതാക്കൾക്കും മാർഗരേഖ നൽകും


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top