തിരുവനന്തപുരം
കള്ള് ഷാപ്പുകളുടെ വിൽപ്പന പൂർണമായി ഓൺലൈനിലൂടെ നടത്തി എക്‌സൈസ് വകുപ്പ്. സംസ്ഥാനതലത്തിൽ ആദ്യ റൗണ്ടിൽത്തന്നെ 87.19 ശതമാനം ഷാപ്പുകളുടെയും വിൽപ്പന പൂർത്തിയാക്കി. മേഖലാ ജോയിന്റ് എക്സൈസ് കമീഷണർമാരുടെ നേതൃത്വത്തിൽ 25, 26 തീയതികളിലായിരുന്നു ഓൺലൈൻ വിൽപ്പന. 797 ഗ്രൂപ്പ് കള്ള് ഷാപ്പുകളും വിറ്റുപോയി. 11.9 കോടി രൂപ ലഭിച്ചു.
അപേക്ഷകർക്ക് വിൽപ്പന യുട്യൂബിലൂടെ തത്സമയം കാണാനും സംവിധാനം ഏർപ്പെടുത്തിയിരുന്നു. 2023-–-24 വർഷത്തെ അബ്കാരി നയത്തിലാണ് ഷാപ്പുകളുടെ വിൽപ്പന റേഞ്ച്, ഗ്രൂപ്പ് അടിസ്ഥാനത്തിൽ ഓൺലൈനിൽ നടത്താൻ തീരുമാനിച്ചത്. കേരളത്തിൽ 914 ഗ്രൂപ്പിലായി 5170 കള്ള് ഷാപ്പാണുള്ളത്. ആകെ ലഭിച്ച 4589 അപേക്ഷയിൽ 4231 അപേക്ഷയ്‌ക്കാണ് അംഗീകാരം ലഭിച്ചിരുന്നത്. ശേഷിക്കുന്ന 117 ഗ്രൂപ്പ് കള്ള് ഷാപ്പുകളുടെ രണ്ടാം റൗണ്ട് വിൽപ്പനയും ഓൺലൈനായി നടക്കും. ഇത് 50 ശതമാനം റെന്റലിനാകും നടക്കുക. സുതാര്യവും നിഷ്പക്ഷവുമായി, ബാഹ്യ ഇടപെടലുകൾക്ക് പഴുതു കൊടുക്കാതെ, സാമ്പത്തികച്ചെലവ് പരമാവധി കുറച്ചു നടത്തിയ ഈ വിൽപ്പന മാതൃകാപരമാണെന്ന് എക്‌സൈസ് മന്ത്രി എം ബി രാജേഷ് പറഞ്ഞു. പ്രവർത്തനത്തിന് നേതൃത്വം നൽകിയ എക്സൈസ് ഉദ്യോഗസ്ഥരെ മന്ത്രി അഭിനന്ദിച്ചു. ഓൺലൈനാക്കിയതിനാൽ ജില്ലാതലത്തിൽ ജീവനക്കാരുടെ സേവനം ദൈനംദിന പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാൻ കഴിഞ്ഞെന്നും മന്ത്രി പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..