24 April Wednesday

ഓണത്തിന് ദുരിതയാത്ര ; സ്‌പെഷ്യൽ ട്രെയിൻ നാമമാത്രം

എസ്‌ സിരോഷUpdated: Wednesday Aug 10, 2022


പാലക്കാട്‌
ഓണത്തിന്‌ മൂന്നാഴ്‌ച ശേഷിക്കെ ദക്ഷിണ റെയിൽവേ ആകെ പ്രഖ്യാപിച്ചത്‌ അഞ്ച്‌ ട്രെയിനും പത്ത്‌ സർവീസും മാത്രം. ഇതിൽ മംഗളൂരു –താംബരം -ജങ്ഷൻ സ്‌പെഷ്യൽ പാലക്കാടുവരെയുള്ളവർക്കേ ഗുണം ചെയ്യൂ. യാത്രക്കാർ കൂടുതലുള്ള മുംബൈ, ഡൽഹി, കൊൽക്കത്ത എന്നിവിടങ്ങളിലേക്ക്‌ പ്രത്യേക ട്രെയിനില്ല. ചെന്നൈയിലേക്ക്‌ രണ്ടും താംബരത്തേക്ക്‌ ഒന്നും മംഗളൂരു, ബംഗളൂരു എന്നിവിടങ്ങളിലേക്ക്‌ ഓരോ ട്രെയിൻ വീതവുമാണ്‌ അനുവദിച്ചത്‌.

നിലവിലുള്ള കേരള എക്സ്പ്രസ്, ചെന്നൈ മെയിൽ, നേത്രാവതി എക്‌സ്‌പ്രസ്‌ തുടങ്ങി പ്രധാന ട്രെയിനുകളിലൊക്കെ ഓണം സീസണിൽ ടിക്കറ്റ്‌ കിട്ടാനില്ല. കഴിഞ്ഞ രണ്ടു വർഷം കോവിഡിന്റെ ദുരിതംകാരണം മറുനാടൻ മലയാളികൾ കൂടുതലായി ഓണത്തിന്‌ നാട്ടിൽ എത്തിയിട്ടില്ല. ഇത്തവണ കോവിഡ്‌ നിയന്ത്രണത്തിൽ ഇളവ്‌ വന്നതോടെ നാട്ടിലെത്താൻ മോഹിച്ചവരെയാണ്‌ യാത്രാക്ലേശം വലക്കുന്നത്‌. നേരത്തേ ട്രെയിനുകൾ അനുവദിക്കാതെ അവസാനഘട്ടത്തിൽ പ്രത്യേക നിരക്കിൽ സ്പെഷ്യൽ ട്രെയിനുകൾ ഓടിച്ച്  തൽക്കാലിന്റെയും പ്രീമിയം തൽക്കാലിന്റെയും പേരിൽ യാത്രക്കാരെ കൊള്ളയടിക്കലാണ്‌ റെയിൽവേ ലക്ഷ്യമിടുന്നത്‌. 

ബംഗളൂരു, മുംബൈ, ന്യൂഡൽഹി, കൊൽക്കത്ത, ചെന്നൈ എന്നിവിടങ്ങളിൽ നിന്നാണ്‌ കൂടുതൽ മലയാളികൾ നാട്ടിലേക്ക്‌ എത്താനുള്ളത്‌. ന്യൂഡൽഹിയിൽ നിന്നുള്ള പ്രധാന ട്രെയിനായ കേരള എക്‌സ്‌പ്രസിൽ സെപ്‌തംബർ അഞ്ചുമുതൽ 11 വരെ ടിക്കറ്റ്‌ ആർഎസിയിൽ എത്തി. 2, 3, 4 തീയതികളിൽ വെയിറ്റിങ് ലിസ്‌റ്റാണ്‌. ചെന്നൈ–-ട്രിവാൻഡ്രം മെയിൽ, ചെന്നൈ–-ട്രിവാൻഡ്രം സൂപ്പർ ഫാസ്‌റ്റ്‌ എന്നീ ട്രെയിനുകളിലും ഇനി ടിക്കറ്റ്‌ കിട്ടുക പ്രയാസം.

മുംബൈ ലോകമാന്യ തിലക്‌ നേത്രാവതിയിൽ രണ്ടുമുതൽ 11 വരെ ആർഎസിയാണ്‌. മുംബൈ വഴിയുള്ള സമ്പർക്കക്രാന്തി, വെരാവൽ, യശ്‌വന്ത്‌പുർ–-കൊച്ചുവേളി എക്‌സ്‌പ്രസുകളിലും ഇതേ അവസ്ഥ തന്നെ. പാലക്കാട്ടുനിന്ന്‌ ചെന്നൈവരെ സ്ലീപ്പർ ടിക്കറ്റിന്‌ 350 രൂപയാണ്‌ നിരക്ക്‌.  തൽക്കാൽ ആണെങ്കിൽ 455ഉം പ്രീമിയം തൽക്കാലിൽ 1060 രൂപയും നൽകണം. എസി ത്രീ ടയറാണെങ്കിൽ 915 സാധാരണ നിരക്കും 1250 തൽക്കാലും 2649 രൂപ പ്രീമിയം തൽക്കാലുമാണ്‌.  സ്വകാര്യവൽക്കരണത്തിന്റെ ഭാഗമായാണ്‌ എക്സ്പ്രസ് ട്രെയിനുകളിൽ തൽക്കാൽ സീറ്റുകൾ വർധിപ്പിച്ചത്. ആകെ സീറ്റിന്റെ 20  ശതമാനമാണ്‌ തൽക്കാൽ നൽകുക. എന്നാൽ ഇത്‌ 35 ശതമാനംവരെ ആകാറുണ്ട്‌.


 

ഓണം സ്‌പെഷ്യൽ ട്രെയിൻ
എറണാകുളം ജങ്ഷൻ–-ചെന്നൈ സെൻട്രൽ സ്‌പെഷ്യൽ (06046) എറണാകുളത്തുനിന്ന്‌ സെപ്‌തംബർ ഒന്നിന്‌ രാത്രി പത്തിന്‌ പുറപ്പെട്ട്‌ അടുത്ത ദിവസം പകൽ 12ന്‌ ചെന്നൈയിലെത്തും. തിരിച്ചുള്ള ട്രെയിൻ (06045) രണ്ടിന്‌ പകൽ 3.10ന്‌ പുറപ്പെട്ട്‌ മൂന്നിന്‌ പുലർച്ചെ മൂന്നിന്‌ എറണാകുളത്തെത്തും.
താംബരം–-മംഗളൂരു ജങ്ഷൻ സ്‌പെഷ്യൽ (06041) രണ്ടിന്‌ പകൽ 1.30ന്‌ താംബരത്തുനിന്ന്‌ പുറപ്പെട്ട്‌ മൂന്നിന്‌ രാവിലെ 6.45ന്‌ മംഗളൂരുവിലെത്തും. തിരിച്ച്‌ (06042) മൂന്നിന്‌ രാവിലെ 10ന്‌ മംഗളൂരുവിൽനിന്ന്‌ തുടങ്ങി നാലിന്‌ പുലർച്ചെ നാലിന്‌ താംബരത്തെത്തും.

താംബരത്തുനിന്ന്‌ കൊച്ചുവേളിയിലേക്കും ട്രെയിൻ സർവീസുണ്ട്‌. നാലിന്‌ പകൽ 2.15ന്‌ പുറപ്പെട്ട്‌ (06043) അഞ്ചിന്‌ പകൽ 12ന്‌ കൊച്ചുവേളിയിലെത്തും. കൊച്ചുവേളിയിൽനിന്ന്‌ (06044) അഞ്ചിന്‌ പകൽ 2.30ന്‌ പുറപ്പെട്ട്‌ ആറിന്‌ പുലർച്ചെ 5.25ന്‌ താംബരത്തെത്തും. നാഗർകോവിൽ –-ചെന്നൈ എഗ്‌മോർ സ്‌പെഷ്യൽ (06048) 11ന്‌ വൈകിട്ട്‌ 5.50ന്‌ നാഗർകോവിലിൽനിന്ന്‌ യാത്രതിരിച്ച്‌ 12ന്‌ പകൽ 12.30ന്‌ ചെന്നൈയിൽ എത്തും.

കൊച്ചുവേളി–-എസ്‌എംവിടി ബംഗളൂരു സ്‌പെഷ്യൽ ട്രെയിൻ (06037) കൊച്ചുവേളിയിൽനിന്ന്‌ 11ന്‌ വൈകിട്ട്‌ അഞ്ചിന്‌ പുറപ്പെട്ട്‌ 12ന്‌ രാവിലെ 10.10ന്‌ ബംഗളൂരുവിലെത്തും. തിരിച്ച്‌  ബംഗളൂരുവിൽനിന്ന്‌ 12ന്‌ പകൽ മൂന്നിന്‌ പുറപ്പെട്ട്‌ 13ന്‌ രാവിലെ 6.35ന്‌ കൊച്ചുവേളിയിലെത്തും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top