28 March Thursday

ഒടുവില്‍ കണ്ടെത്തി: തിരുവോണം ബമ്പര്‍ വിജയി മരട് സ്വദേശി ജയപാലന്‍

സ്വന്തം ലേഖകൻUpdated: Monday Sep 20, 2021

ഫോട്ടോ: സുനോജ്‌ നൈനാൻ മാത്യു

കൊച്ചി > പന്ത്രണ്ടുകോടി രൂപയുടെ ഓണം ബമ്പർ ലഭിച്ചത്‌ ഓട്ടോഡ്രൈവറായ മരട്‌ തെക്ക്‌ പനോരമ നഗർ പൂപ്പനപ്പറമ്പിൽ പി ആർ ജയപാലന്‌. ഒന്നാംസമ്മാനാർഹമായ 12 കോടി രൂപയുടെ ടിക്കറ്റ് കനറാ ബാങ്കിന്റെ മരട് ശാഖയിൽ ജയപാലൻ കൈമാറി.  തൃപ്പൂണിത്തുറ മീനാക്ഷി ഏജൻസിയിൽനിന്ന്‌ പത്തിനാണ്‌ ടിക്കറ്റ് എടുത്തതെന്ന് ജയപാലൻ പറഞ്ഞു. കണ്ണൻ എന്ന അമ്പത്തഞ്ചുകാരനായ ജയപാലൻ മരട്‌ കോളനി ജങ്‌ഷനിൽ വർഷങ്ങളായി ഓട്ടോറിക്ഷ ഓടിക്കുകയാണ്‌.

ഒമ്പതാംതീയതി 5000 രൂപ ലോട്ടറി അടിച്ചിരുന്നു. 10ന്‌ തൃപ്പൂണിത്തുറ കിഴക്കേകോട്ട റോഡിലെ മീനാക്ഷി ലോട്ടറി ഏജൻസിയിൽ പോയി മാറി പണം വാങ്ങി. ഒരു ബമ്പർ ടിക്കറ്റും മറ്റ്‌ അഞ്ച്‌ സാധാരണ ലോട്ടറി ടിക്കറ്റുകളും എടുത്തു. ഫാൻസി നമ്പറായി തോന്നിയതുകൊണ്ടാണ്‌ സമ്മാനം കിട്ടിയ ടിക്കറ്റും എടുത്തത്‌. ഞായർ വൈകിട്ട് വാർത്ത കണ്ടതോടെ സമ്മാനം ലഭിച്ചതായി മനസ്സിലായി. രാത്രി അമ്മ ലക്ഷ്‌മിയോട്‌ വിവരം പറഞ്ഞു.

ടിക്കറ്റിന്റെ കോപ്പിയും ടിക്കറ്റ് കൈപ്പറ്റി ബാങ്ക് നൽകിയ രസീതും ജയപാലൻ തെളിവായി കാണിച്ചു. ലഭിക്കുന്ന പണംകൊണ്ട് പരമാവധി കടം വീട്ടണമെന്നാണ്‌ ആഗ്രഹം. മക്കളുടെ ഭാവി ശോഭനമാക്കണമെന്നും സഹോദരിമാരെ സഹായിക്കണമെന്നും ജയപാലൻ പറഞ്ഞു. ചോറ്റാനിക്കര പടിയാർ മെമ്മോറിയൽ ഹോമിയോ മെഡിക്കൽ കോളേജിലെ ജീവനക്കാരിയായ മണിയാണ്‌ ഭാര്യ. മൂത്തമകൻ വൈശാഖ്‌ ഇലക്‌ട്രീഷ്യനും രണ്ടാമത്തെ മകൻ വിഷ്‌ണു ഹോമിയോ ഡോക്ടറുമാണ്‌.

ഓണം ബമ്പർ നേടിയ ഓട്ടോ ഡ്രൈവർ ജയപാലൻ അമ്മ ലക്ഷ്‌മി, 
മകൻ വൈശാഖ് എന്നിവർക്കൊപ്പം സന്തോഷം പങ്കിടുന്നു

ഓണം ബമ്പർ നേടിയ ഓട്ടോ ഡ്രൈവർ ജയപാലൻ അമ്മ ലക്ഷ്‌മി, 
മകൻ വൈശാഖ് എന്നിവർക്കൊപ്പം സന്തോഷം പങ്കിടുന്നു


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top