19 April Friday
തിരുവോണം ബമ്പർ

25 കോടി ബമ്പറടിച്ചത് തലസ്ഥാനത്തെ ഓട്ടോക്കാരന്

വെബ് ഡെസ്‌ക്‌Updated: Sunday Sep 18, 2022


തിരുവനന്തപുരം
സംസ്ഥാനത്തെ ലോട്ടറി ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുക തേടിയെത്തിയത്‌ തലസ്ഥാനത്തെ ഓട്ടോഡ്രൈവറെ. ശ്രീവരാഹം സ്വദേശി ബി അനൂപിനാണ്‌ കേരള ഭാഗ്യക്കുറിയുടെ തിരുവോണം ബമ്പറായ 25 കോടി ലഭിച്ചത്‌.

ഞായറാഴ്‌ച പകൽ രണ്ടിനായിരുന്നു നറുക്കെടുപ്പ്‌. സമ്മാനാർഹ ടിക്കറ്റ്‌ ടിജെ 750605 തിരുവനന്തപുരത്താണ്‌ വിറ്റതെന്ന്‌ അറിഞ്ഞതോടെ ടിക്കറ്റ്‌ വിറ്റ പഴവങ്ങാടിയിലെ ഭഗവതി ലോട്ടറി ഏജൻസീസിൽ മാധ്യമങ്ങളെത്തി. സമ്മാനാർഹമായ ടിക്കറ്റ്‌ എടുത്ത്‌ വേണ്ടെന്ന വച്ച യുവതിയുടെ പ്രതികരണവും വന്നു. സിസിടിവി ദൃശ്യം പരിശോധിച്ച്‌ തുടങ്ങിയതോടെ ആകാംക്ഷ ഏറി. ടിക്കറ്റ്‌ വിറ്റ ഷോറൂമിലെ ജീവനക്കാരായ ഗൗതമനിൽനിന്നും ദിവ്യയിൽനിന്നും എന്തെങ്കിലും സൂചന ലഭിക്കുമോ അന്വേഷണമായി പിന്നീട്‌. ശനിയാഴ്‌ച രാത്രി ഏഴിനും എട്ടിനുമിടയിൽ ടിക്കറ്റ്‌ എടുക്കാൻ എത്തിയയാളാണ്‌ സമ്മാനാർഹനെന്ന്‌ സ്ഥിരീകരിച്ചു.  ഇതിനിടെ ഷോറൂമിൽ ലഡുവിതരണമായി. മൂന്നരയായതോടെ ഭാഗ്യവാൻ അനൂപാണെന്ന്‌ തെളിഞ്ഞു. പത്തുമിനിറ്റിനകം അനൂപും ഭാര്യ മായയും ഷോറൂമിലെത്തി.

ജീവിതത്തിൽ പലജോലികൾ ചെയ്‌ത അനൂപ്‌ ഓട്ടോഡ്രൈവറാണിപ്പോൾ. അതും നിർത്തി മലേഷ്യയിൽ ഷെഫായി പോകാനിരിക്കെയായിരുന്നു ലോട്ടറി ടിക്കറ്റിലെ അവസാന പരീക്ഷണം. അനൂപ്‌ വിദേശത്തേക്ക്‌ പോകുന്നതിനോട്‌ വീട്ടിൽ ആർക്കും താൽപ്പര്യമുണ്ടായിരുന്നില്ല. മായ ആറുമാസം ഗർഭിണിയാണ്‌. അമ്മ അംബികയ്‌ക്കും അനൂപ്‌ നാട്ടിൽ തുടരുന്നതിനോടാണ്‌ താൽപ്പര്യം. അനൂപിന്റെ മകന്‌ അദ്വൈതിന്‌ രണ്ടരവയസ്സാണ്‌.

ലോട്ടറി അടിച്ചതോടെ കുടുംബം സന്തോഷത്തിലാണ്‌. സെൽഫിയെടുക്കാനും മധുരം പങ്കിടാൻ എത്തിയവരും ഏറെ. 4300 തിരുവോണം ബമ്പറാണ്‌ ഭഗവതിയുടെ പഴവങ്ങാടി ഷോറൂമിൽനിന്ന്‌ വിറ്റുപോയത്‌. ലോട്ടറി ഓഫീസിൽനിന്ന്‌ ശനി വൈകിട്ട്‌ 6.30ഓടെ എത്തിച്ച്‌  വിൽപ്പന നടത്തിയ ടിക്കറ്റിനായിരുന്നു ഒന്നാം സമ്മാനം. ഇരുനമ്പറിന്‌ ഭാഗ്യനഷ്ടമായവരും 82 ടിക്കറ്റ്‌ എടുത്ത ബാങ്ക്‌ ജീവനക്കാരനും ഭാഗ്യപരീക്ഷണം തുടരുമെന്നറിയിച്ചു.


രണ്ടാംസ്ഥാനം കോട്ടയത്തിന്‌
കേരള ഭാഗ്യക്കുറി തിരുവോണം ബമ്പർ രണ്ടാംസ്ഥാനം ടിജി   270912 ടിക്കറ്റിന്‌.   കോട്ടയം മീനാക്ഷി ഏജൻസിയിലെ    ഭരണങ്ങാനം ചിറ്റിനപ്പള്ളിൽ ജോസഫ്‌ (പാപ്പച്ചൻ)ആണ് ടിക്കറ്റ് വിറ്റത്. സമ്മാനാർഹനെ കണ്ടെത്തിയിട്ടില്ല.  ഒന്നാം സമ്മാനം നേടിയ  ടിക്കറ്റ്‌  വിറ്റ ഏജന്റിന്‌ 2.5 കോടി ലഭിക്കും. 

പത്തുപേർക്ക്‌ മൂന്നാംസ്ഥാനമുണ്ട്‌. ടിഎ 292922, ടിബി479040, ടിസി204579, ടിഡി545669, ടിഇ115479, ടിജി571986, ടിഎച്ച്‌562506, ടിജെ384189, ടികെ395507, ടിഎൽ555868 എന്നീ ടിക്കറ്റുകൾക്കാണ്‌ മൂന്നാംസ്ഥാനം. ഒരുകോടി വീതമാണ്‌ സമ്മാനത്തുക.  അവസാന അഞ്ച്‌ അക്കത്തിനുള്ള ഒരു ലക്ഷം രൂപ 41917 എന്ന നമ്പർ അർഹമായി.  നറുക്കെടുപ്പ്‌  ഗോർഖി ഭവനിൽ മന്ത്രി കെ എൻ ബാലഗോപാലാണ്‌ നിർവഹിച്ചത്‌. 500 രൂപയായിരുന്നു ടിക്കറ്റ്‌ വില. 67,50,000 ടിക്കറ്റാണ്‌ അച്ചടിച്ചത്‌. 66,55,914  ടിക്കറ്റ്‌ വിറ്റുപോയി. ചടങ്ങിൽ കേരള ഭാഗ്യക്കുറിയുടെ പൂജ ബമ്പർ ടിക്കറ്റ് ധനമന്ത്രി കെ എൻ ബാലഗോപാൽ ഗതാഗതമന്ത്രി ആന്റണി രാജുവിന് നൽകി  പ്രകാശിപ്പിച്ചു. 10 കോടിയാണ്‌ ഒന്നാം സമ്മാനം. ടിക്കറ്റ്‌ വില 250 രൂപ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top