26 April Friday
ആർടിപിസിആർ നെഗറ്റീവാണെങ്കിലും 7 ദിവസം നിരീക്ഷണം ; എട്ടാംദിവസം വീണ്ടും പരിശോധന

ഒമിക്രോൺ വകഭേദം: വിമാനത്താവളങ്ങളിൽ കർശന പരിശോധന; സത്യവാങ്‌മൂലവും യാത്രാചരിത്രവും വേണം

വെബ് ഡെസ്‌ക്‌Updated: Sunday Nov 28, 2021

ന്യൂഡൽഹി

ഒമിക്രോൺ പശ്‌ചാത്തലത്തിൽ വിദേശങ്ങളിൽനിന്നുള്ളവർ ഇന്ത്യയിലേക്കുള്ള യാത്രയ്‌ക്ക്‌ മുമ്പ്‌ എയർസുവിധ പോർട്ടൽ വഴി സത്യവാങ്മൂലവും 14 ദിവസത്തെ യാത്രാവിശദാംശങ്ങളും അപ്‌ലോഡ്‌ ചെയ്യണം. ഇതടക്കം യാത്രക്കാർക്കുള്ള മാർഗനിർദേശങ്ങൾ കേന്ദ്രസർക്കാർ പുതുക്കി. യാത്രയ്‌ക്ക്‌ 72 മണിക്കൂർ മുമ്പ്‌ പരിശോധിച്ച്‌ ആർടിപിസിആർ നെഗറ്റീവ്‌ സർട്ടിഫിക്കറ്റ്‌ അപ്‌ലോഡ്‌ ചെയ്യണം. കൈമാറുന്ന വിവരങ്ങൾ സത്യസന്ധമാണെന്ന സത്യവാങ്മൂലവും നൽകണം. രോഗഭീഷണിയുള്ള രാജ്യങ്ങളിൽനിന്നുള്ള യാത്രക്കാർ കൂടുതൽ വിവരങ്ങൾ പിന്നീടുള്ള അന്വേഷണത്തിന്‌ നൽകണം.

രോഗസാധ്യതയുള്ള രാജ്യങ്ങളിൽനിന്ന്‌ വരുന്നവർ ഇന്ത്യയിലെത്തിയശേഷം നിർബന്ധമായും പരിശോധനയ്‌ക്ക്‌ വിധേയരാകണം. വിമാനത്താവളങ്ങളിൽ കോവിഡ്‌ പരിശോധനയ്‌ക്ക്‌ സാമ്പിളുകൾ കൈമാറണം. പരിശോധനാഫലം നെഗറ്റീവാണെങ്കിൽ വീടുകളിൽ ഏഴ്‌ ദിവസം നിരീക്ഷണത്തിൽ കഴിയണം. എട്ടാം ദിവസം വീണ്ടും പരിശോധനയ്‌ക്ക്‌ വിധേയരാകണം. പോസിറ്റീവായ യാത്രക്കാരുടെ സാമ്പിളുകൾ ജനിതക ശ്രേണീകരണത്തിന്‌ കൈമാറണം. അഞ്ച്‌ വയസ്സിനു താഴെയുള്ള കുട്ടികളെ യാത്രയ്‌ക്ക്‌ മുമ്പും ശേഷമുള്ള പരിശോധനകളിൽ നിന്നും  ഒഴിവാക്കിയിട്ടുണ്ട്‌. എന്നാൽ രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ അവരും പരിശോധനയ്‌ക്ക്‌ വിധേയരാകണം. 

വിമാനത്താവളങ്ങളിലെയും തുറമുഖങ്ങളിലെയും നിരീക്ഷണം കർശനമാക്കാൻ  കേന്ദ്ര ഉന്നത തലയോഗം നിർദേശിച്ചു. വിമാനസർവീസുകൾ പുനരാരംഭിക്കാനുള്ള തീരുമാനം പുനഃപരിശോധിക്കുമെന്നും അറിയിച്ചു. നിരീക്ഷണം ശക്തിപ്പെടുത്തി, അടച്ചിടൽ നടപടി  വ്യാപകമാക്കാനും കോവിഡ്‌കാല പെരുമാറ്റരീതികൾ കർശനമായി പാലിക്കാനും കേന്ദ്രം സംസ്ഥാനങ്ങളോട്‌ ആവശ്യപ്പെട്ടു. 

ചില സംസ്ഥാനങ്ങളിൽ ആർടിപിസിആർ പരിശോധനയിൽ കാര്യമായ കുറവുണ്ടായിട്ടുണ്ട്‌.  അത്‌ പരിഹരിക്കണം.  ഓരോദിവസവും ഹോട്ട്‌സ്‌പോട്ടുകളുടെ കൃത്യം കണക്കെടുക്കണം.  കോവിഡ്‌ വകഭേദത്തെക്കുറിച്ചുള്ള തെറ്റായ വാർത്തകൾ പ്രചരിക്കുന്നത്‌ തടയണം.  ജനങ്ങളെ ബോധവൽക്കരിക്കണം–- തുടങ്ങിയ നിർദേശങ്ങളും കേന്ദ്രം നൽകിയിട്ടുണ്ട്‌.

ഉന്നതതല യോഗത്തിൽ നിതിആയോഗ്‌ (ആരോഗ്യം) അംഗം ഡോ. വി കെ പോൾ, പ്രധാനമന്ത്രിയുടെ മുഖ്യ ശാസ്‌ത്ര ഉപദേഷ്ടാവ്‌ ഡോ. വിജയരാഘവൻ, ആരോഗ്യ, വ്യോമയാന മന്ത്രാലയങ്ങളിലെ മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top