ഒല്ലൂർ > കോൺഗ്രസ് ഭരിക്കുന്ന ഒല്ലൂർ (ചീരാച്ചി) സഹകരണ ബാങ്കിലെ വഴിവിട്ട ഇടപാടുകൾക്കെതിരെ പരാതി ലഭിച്ചിട്ടും ഡിസിസി നേതൃത്വം അനങ്ങിയില്ല. ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂരിന്റെ ഗ്രൂപ്പുകാരനാണ് സംഘം പ്രസിഡന്റ് സനോജ് കാട്ടൂക്കാരൻ. സഹകരണ ബാങ്കിലെ വഴിവിട്ട വായ്‌പകളെക്കുറിച്ചും കമ്മീഷൻ പറ്റുന്നതിനെക്കുറിച്ചും കോൺഗ്രസ് പ്രവർത്തകർ തന്നെ ഡിസിസിക്കു പരാതി നൽകിയിരുന്നു. എന്നാൽ ഗ്രൂപ്പു താൽപര്യം കണക്കിലെടുത്ത് ഡിസിസി യാതൊരു നടപടിയും സ്വീകരിച്ചില്ല. മാത്രമല്ല, ബാങ്ക് പ്രസിഡന്റായിരിക്കെ തന്നെ കോർപറേഷൻ കൗൺസിലിലേക്കും സനോജ് കാട്ടൂക്കാരന് സീറ്റ് നൽകി. കൗൺസിലർ സ്ഥാനത്തേക്ക് മത്സരിക്കുന്ന തെരഞ്ഞെടുപ്പിൽ ലക്ഷങ്ങൾ ചെലവഴിച്ചിരുന്നു. സഹകരണ ബാങ്കിടപാടുകളുമായി ഇതിന് ബന്ധമുണ്ടെന്നാണ് സൂചന.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ജോസ് വള്ളൂർ ഒല്ലൂരിൽ മത്സരിച്ചപ്പോൾ, ഐ ഗ്രൂപ്പുകാരായ ഒല്ലൂർ ബ്ലോക്ക് പ്രസിഡൻ്റ് ജെയ്‌ജു സെബാസ്‌റ്റ്യൻ, ഒല്ലൂർ മണ്ഡലം പ്രസിഡൻ്റായിരുന്ന സനോജ് എന്നിവരടങ്ങുന്ന സംഘമാണ് സാമ്പത്തിക കാര്യങ്ങൾ നിയന്ത്രിച്ചിരുന്നത്. കോൺഗ്രസ് നേതാക്കളായിട്ടും മണ്ഡലത്തിലെ എ ഗ്രൂപ്പുകാരെ മാറ്റി നിർത്തി. ഇതിനെതിരായും കോൺഗ്രസ് നേതാക്കൾ കെപിസിസിക്ക് പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല.
ഒല്ലൂർ സഹകരണ ബാങ്കിൽ സനോജിന്റെ ഭരണസമിതി കാലത്തുമാത്രം 42 കോടി രൂപയാണ് ബാങ്കിന്റെ നഷ്ടമെന്നാണ് സഹകരണവകുപ്പ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുള്ളത്. വായ്‌പാ ക്രമക്കേടുകളും കണ്ടെത്തി. ബാങ്കിന് വന്ന നഷ്ടം ഭരണസമിതി അംഗങ്ങളിൽനിന്ന് ഈടാക്കാനുള്ള സർച്ചാർജ് സർച്ചാർജ് നടപടി പൂർത്തീകരിക്കുന്നതോടെ ഓരോ ഭരണസമിതി അംഗങ്ങളിൽ നിന്ന് ഈടാക്കേണ്ട സംഖ്യ തീരുമാനമാവും. ഇതോടെ നിലവിലെ ഭരണ സമിതി അംഗങ്ങൾ കുടുങ്ങും.
ഒല്ലൂർ സഹകരണ ബാങ്കിലേക്ക് ഒക്‌ടോബർ 15ന് തെരഞ്ഞെടുപ്പു നടക്കാനിരിക്കയാണ്. ബാങ്കിനെ നഷ്‌ടത്തിലേക്ക് കൂപ്പുക്കുത്തിച്ച ഭരണസമിതിക്കെതിരെ കോൺഗ്രസിൽ തന്നെ വൻ പ്രതിഷേധം ഉയർന്നിട്ടുണ്ട്. തെരഞ്ഞെടുപ്പിൽ നിലവിലെ ഭരണസമിതി അംഗങ്ങൾ മാറണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..