20 April Saturday

ഒളപ്പമണ്ണ സ്‌മാരകം 22ന് മുഖ്യമന്ത്രി നാടിന്‌ സമർപ്പിക്കും

സ്വന്തം ലേഖകൻUpdated: Sunday May 15, 2022

പെരിങ്ങോട്ടുകുറുശിയിൽ ഉദ്‌ഘാടനത്തിനൊരുങ്ങിയ ഒളപ്പമണ്ണ സ്‌മാരകം

കുഴൽമന്ദം > മഹാകവി ഒളപ്പമണ്ണയുടെ സ്മാരകമായി പെരിങ്ങോട്ടുകുറുശി പരുത്തിപ്പുള്ളിയിൽ നിർമിച്ച സാംസ്‌കാരിക കേന്ദ്രം 22ന് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും. പകൽ 3.30ന്‌ നടക്കുന്ന ചടങ്ങിൽ മന്ത്രി സജി ചെറിയാൻ അധ്യക്ഷനാകും. ഒന്നാം പിണറായി സർക്കാരിന്റെ കാലത്താണ്‌ സ്‌മാരകം നിർമിക്കാൻ തീരുമാനിച്ചത്‌. അന്തരിച്ച്‌ 21 വർഷത്തിനു ശേഷമാണ്‌ സ്‌മാരകം ഉയരുന്നത്‌.
 
ജില്ലയിലെ സാംസ്‌കാരിക നായകരുടെയും സാഹിത്യകാരന്മാരുടെയും ജീവിതം പുതുതലമുറയ്‌ക്ക്‌ പരിചയപ്പെടുത്താനും  പഠിക്കുന്നതിനുമായാണ്‌ മന്ത്രിയായിരുന്ന എ കെ ബാലൻ മുൻകൈയെടുത്ത്‌ സ്‌മാരകങ്ങൾ നിർമിക്കാൻ തീരുമാനിച്ചത്‌. കണ്ണമ്പ്രയിൽ  സംഗീതജ്ഞൻ എം ഡി രാമനാഥന്റെ സ്‌മാരകം ഉയർന്നു. പാലക്കാട്‌ നഗരത്തോടു ചേർന്ന്‌ വി ടി ഭട്ടതിരിപ്പാടിന്റെ  പേരിലുള്ള സാംസ്‌കാരിക കേന്ദ്രം നിർമാണം പൂർത്തിയാകുന്നു. കാവശേരിയിൽ പക്ഷിനിരീക്ഷകൻ ഇന്ദുചൂഡന്റെ പേരിലും സ്‌മാരകം ഉയരുകയാണ്‌. ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ പേരിലുള്ള സംഗീതഗ്രാമത്തിന്‌ നാലു കോടി രൂപയും അനുവദിച്ചിരുന്നു. 
കുഴൽമന്ദം - തിരുവില്വാമല റൂട്ടിൽ പെരുങ്ങോട്ടുകുറുശി പരുത്തിപ്പുള്ളിയിലാണ്‌ ഒളപ്പമണ്ണ സ്‌മാരകമായി മനോഹരമായ ഇരുനില കെട്ടിടം നിർമിച്ചത്‌. 2,500 ചതുരശ്ര അടി വിസ്‌തീർണമുള്ള കെട്ടിടത്തിൽ 150 പേർക്ക് ഇരിക്കാവുന്ന ഹാൾ, ഓഫീസ് മുറി, ലൈബ്രറി, വിശ്രമമുറി എന്നിവയുണ്ട്. 300 പേർക്ക് ഇരിക്കാവുന്ന ഓപ്പൺ ഓഡിറ്റോറിയവും സജ്ജമായി.
 
സാംസ്‌കാരിക വകുപ്പ് അനുവദിച്ച ഒരു കോടി രൂപ ഉപയോഗിച്ച്‌  ജലസേചന വകുപ്പ് കൈമാറിയ ഭൂമിയിലാണ് മന്ദിരം നിർമിച്ചത്.
പെരിങ്ങോട്ടുകുറുശി പഞ്ചായത്തിലെയും സമീപ പഞ്ചായത്തുകളിലേയും സാംസ്‌കാരിക പരിപാടികൾക്ക് ഓപ്പൺ ഓഡിറ്റോറിയം നൽകുന്നതിനുള്ള ക്രമീകരണം ഉണ്ടാകുമെന്ന്‌ പി പി സുമോദ്‌ എംഎൽഎ അറിയിച്ചു. സ്‌മാരകം നാടിന് സമർപ്പിക്കുന്നതോടെ പെരിങ്ങോട്ടുകുറുശി പഞ്ചായത്ത് വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയിൽ ഇടം പിടിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top