28 March Thursday

നിലപാട് മാറ്റി : അട്ടിമറിസാധ്യതയെന്ന് കേന്ദ്രം, റെയിൽവേ ഇരുട്ടിൽ

സ്വന്തം ലേഖകൻUpdated: Monday Jun 5, 2023

ന്യൂഡൽഹി
രാജ്യം കണ്ട ഏറ്റവും വലിയ ട്രെയിൻദുരന്തങ്ങളിലൊന്ന്‌ സംഭവിച്ച്‌ രണ്ടുദിവസം പിന്നിട്ടിട്ടും യഥാർഥ കാരണം കണ്ടെത്താനാകാതെ ഇരുട്ടിൽത്തപ്പി ഇന്ത്യൻ റെയിൽവേയും കേന്ദ്ര സർക്കാരും. ആദ്യദിനത്തിൽ അട്ടിമറി സാധ്യത പൂർണമായും നിരാകരിച്ച റെയിൽവേ,അട്ടിമറിസാധ്യത സംശയിക്കുന്നതായി ഞായറാഴ്ച  നിലപാട് മാറ്റി.

അപകടകാരണം വ്യക്തമാകാത്തതിനാല്‍ സിബിഐ അന്വേഷണത്തിന്‌ റെയിൽവേ ബോർഡ്‌ ശുപാർശ ചെയ്‌തതായി മന്ത്രി അശ്വിനി വൈഷ്‌ണവ്‌ ഭുവനേശ്വറിൽ മാധ്യമങ്ങളോട്‌ പറഞ്ഞു. അപകടത്തിന്റെ മൂലകാരണവും കുറ്റക്കാരായവരെയും കണ്ടെത്തിയെന്ന് കേന്ദ്രമന്ത്രി അവകാശപ്പെട്ടതിന് തൊട്ടുപിന്നാലെയാണിത്. ഇലക്‌ട്രോണിക്‌ ഇന്റർലോക്കിങ്ങിലും പോയിന്റ്‌ മെഷീനിലും മാറ്റം വരുത്തിയതാണ്‌ അപകടമുണ്ടാക്കിയതെന്നും മന്ത്രി പറഞ്ഞു.

അപകടകാരണം എൻജിൻ ഡ്രൈവറുടെ പിഴവല്ലെന്ന നിലപാടിലാണ്‌ റെയിൽവേ ബോർഡ്‌. ഇലക്‌ട്രോണിക്‌ ഇന്റർലോക്കിങ്‌ സംവിധാനത്തിൽ തിരിമറി നടന്നിട്ടുണ്ടാകാമെന്ന്‌ റെയിൽവേ ബോർഡ്‌ അംഗം ജയ വർമ സിൻഹയും മാധ്യമങ്ങളോട്‌ പറഞ്ഞു.   കാരണം കൃത്യമായി മനസ്സിലാക്കാൻ റെയിൽസുരക്ഷാ കമീഷണറുടെ റിപ്പോർട്ട്‌ ലഭിക്കേണ്ടതുണ്ടെന്നും അവർ പറഞ്ഞു. എന്നാൽ, ലൂപ്പ്‌ ലൈനിലേക്ക്‌ പാളം തിരിച്ചുവച്ചിരിക്കെ, പ്രധാന പാളത്തിലേക്ക്‌ പച്ച സിഗ്നൽ നൽകുക അസാധ്യമാണെന്ന്‌ വിദഗ്‌ധരെ ഉദ്ധരിച്ച്‌ ബിബിസി റിപ്പോർട്ട്‌ ചെയ്തു.

മരണമെത്ര, ആരൊക്കെ... അറിയില്ല

അപകടത്തിൽ മരിച്ചവരുടെ എണ്ണത്തിൽ ഒഡിഷ സർക്കാർ കുറവുവരുത്തി. 288 മരണമെന്നായിരുന്നു ആദ്യ റിപ്പോർട്ട്‌. ചില മൃതദേഹങ്ങൾ ഒന്നിലേറെ തവണ എണ്ണിയെന്നും 275 ആണ്‌ കൃത്യമായ മരണസംഖ്യയെന്നും ചീഫ്‌സെക്രട്ടറി പി ജെ ജെന അറിയിച്ചു. 1175 പേർക്ക്‌ പരിക്കുണ്ട്‌. മരിച്ചതിൽ 187 പേരെ  തിരിച്ചറിഞ്ഞിട്ടില്ല. എന്നാല്‍ മരണസംഖ്യ 293 ആയെന്ന് അനൗദ്യോ​ഗിക റിപ്പോര്‍ട്ടുണ്ട്.
മൃതദേഹങ്ങൾ തിരിച്ചറിയാനായി ചിത്രങ്ങൾ സർക്കാർ വെബ്‌സൈറ്റിൽ അപ്‌ലോഡ്‌ ചെയ്യുകയാണ്‌. ഡിഎൻഎ പരിശോധന നടത്തും. മോർച്ചറികളിൽ തിരിച്ചറിയാത്ത മൃതദേഹങ്ങൾ കൂട്ടിയിട്ടിരിക്കുന്നു. 187 മൃതദേഹം ഭുവനേശ്വറിലേക്ക്‌ മാറ്റി. പരിക്കും ചതവുമേറ്റ മൃതദേഹങ്ങൾ അഴുകിത്തുടങ്ങി. തറയിൽ കൂട്ടിയിട്ടിരിക്കുന്ന മൃതദേഹങ്ങൾ കൂടുതൽ അഴുകാതിരിക്കാൻ ഐസും ഫോർമാലിനും വിതറിയിരിക്കുകയാണ്‌. മൃതദേഹങ്ങൾ വാഹനങ്ങളിലേക്ക്‌ വലിച്ചെറിയുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെ വൻ വിമർശമാണ് അധികൃതര്‍ നേരിടുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top