27 April Saturday

നാണുവേട്ടന് നാടിന്റെ യാത്രാമൊഴി; ദേശാഭിമാനിയെ നെഞ്ചോടുചേർത്ത അഞ്ചുപതിറ്റാണ്ട്‌

സ്വന്തം ലേഖകൻUpdated: Monday Feb 6, 2023

മഞ്ചേരി > അഞ്ചുപതിറ്റാണ്ട്‌ വാർത്തകൾ വീട്ടുമുറ്റത്തെത്തിച്ച നാണുവേട്ടന്‌ നാട്‌ വിടനൽകി. ദേശാഭിമാനി ഏജന്റായും പൊതുപ്രവർത്തകനായും നാടിന്റെ പ്രിയപ്പെട്ടവനായിരുന്നു മണ്ണാടി നാരായണൻനായർ എന്ന നാണുവേട്ടൻ. 1952 ലാണ്‌ ദേശാഭിമാനി ഏജന്റാവുന്നത്‌. കോഴിക്കോട് ദേശാഭിമാനിയിൽനിന്ന് പത്രം കൊണ്ടുവന്ന് നാട്ടിൽ വിതരണം ചെയ്‌താണ്‌ തുടക്കം. ഏറനാട്ടിലെ ആദ്യ ഏജന്റ് ഗോവിന്ദവാരിയരിൽനിന്നാണ് പത്രവിതരണം ഏറ്റെടുത്തത്. പിന്നീട് സ്വന്തം ഏജൻസി തുടങ്ങി. വലിയ വെള്ളപ്പൊക്കമുണ്ടായ കാലത്തുപോലും വിതരണം മുടക്കിയില്ല. ഏറെ സാഹസപ്പെട്ട്‌ അക്കാലത്ത് പത്രം വായനക്കാരിലെത്തിച്ചു.

മഞ്ചേരി, കൊണ്ടോട്ടി, എടവണ്ണ, പാണായി പ്രദേശങ്ങളിലായിരുന്നു വിതരണം. തുടക്കത്തിൽ 50 പത്രം, പിന്നീട് 350 വരെയായി. ഒന്നര അണയായിരുന്നു ആദ്യകാലത്ത്‌ വില. അന്നുതൊട്ട്  വരിക്കാരുടെ പേരെഴുതിയ വലിയ പുസ്‌തകം അന്ത്യംവരെ സൂക്ഷിച്ചു. പത്രം വാങ്ങാൻ വൈകിട്ട് മഞ്ചേരിയിൽനിന്ന് കോഴിക്കോട്ടേക്ക് ബസ് കയറും. രാവിലെ ആറിന് പത്രവുമായി തിരികെയെത്തി സൈക്കിളിൽ വീടുകളിലേക്ക്‌.
അന്ന് കോഴിക്കോട് ജില്ലാ സെക്രട്ടറിയായിരുന്ന ഇ കെ നായനാരാണ് നാണുവിന് താമസത്തിനും ഭക്ഷണത്തിനുമെല്ലാം സൗകര്യമൊരുക്കിയത്. ആദ്യകാലത്ത് അദ്ദേഹത്തിനുമാത്രമാണ് മഞ്ചേരിയിൽ ടാക്‌സി കാർ ഉണ്ടായിരുന്നത്.

പാർടി നേതാക്കൾക്കുവേണ്ടിയാണ് ആ വാഹനം ഏറെയും ഓടിയത്‌. ടി കെ ഹംസ, ശിവദാസമേനോൻ എന്നിവരുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വളയംപിടിച്ചത്‌ നാണുവേട്ടനായിരുന്നു. ഇ കെ നായനാർ, സി എച്ച് കണാരൻ, കേളുവേട്ടൻ, കുഞ്ഞാലി, സെയ്താലിക്കുട്ടി, പാലോളി മുഹമ്മദ്കുട്ടി, നടൻ മമ്മുട്ടി എന്നിവർക്കായും കാർ ഓടി. കേളുവേട്ടൻ, സി എച്ച് കണാരൻ, കുഞ്ഞാലി, സെയ്താലിക്കുട്ടി, പാലോളി മുഹമ്മദ്കുട്ടി, ഇ എൻ മോഹൻദാസ് തുടങ്ങിയ നേതാക്കളുമായി അടുത്ത ബന്ധമായിരുന്നു. നടൻ മമ്മൂട്ടിയുമായും ആത്മബന്ധം. 2000ത്തിൽ മഞ്ചേരി നഗരസഭാ കൗൺസിലറായി. പത്രിക സമർപ്പിച്ച ദിവസം ഫോണിൽ വിജയാശംസ നേർന്നവരിൽ നായനാരും മമ്മുട്ടിയുമുണ്ടായിരുന്നു.  വാർധക്യസഹജമായ അവശതകളെ തുടർന്നാണ്‌ ഏജൻസി മറ്റൊരാളെ ഏൽപ്പിച്ചത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top