ശൂരനാട് > ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിലെ ഇരുപത്തിയെട്ടാം ഓണമഹോത്സവത്തിന് കാർത്തികപ്പള്ളി, മാവേലിക്കര, കായംകുളം താലൂക്കുകളിലെ 52 കരകളിലെ കെട്ടുത്സവ സമിതികളുടെ നേതൃത്വത്തിൽ ഒരുക്കം പൂർണം. ചരിത്ര പ്രസിദ്ധമായ ഓച്ചിറ കെട്ടുത്സവം ചൊവ്വാഴ്‌ച നടക്കും.
വൈവിധ്യമായ അളവുകളിൽ ഒരു ജോഡി കാളകളുടെ രൂപങ്ങൾ കെട്ടിയുണ്ടാക്കി ആഘോഷപൂർവം എഴുന്നള്ളിച്ച് അതിനെ പടനിലത്ത് നിരത്തുന്ന കെട്ടുത്സവം ഒരു ദേശത്തിന്റെയാകെ സാംസ്‌കാരിക ചരിത്രവും പൈതൃകവും പേറുന്ന ഉത്സവമാണ്. സ്വർണം, വെള്ളി തുടങ്ങിയ ലോഹങ്ങളിൽ തീർക്കുന്ന ചെറിയ കെട്ടുകാഴ്‌ചകൾ മുതൽ മാനം മുട്ടെ ഉയരമുള്ള ഏഷ്യയിലെ ഏറ്റവും വലിയ കെട്ടുകാഴ്‌ചകൾ വരെ ഓച്ചിറയിൽ അണിനിരക്കും. കരകളിലെ നാനാജാതി മതസ്ഥരും ഒരേ മനസ്സോടെ ഒത്തുചേർന്ന് നടത്തുന്ന ഓച്ചിറ കെട്ടുത്സവത്തിന് ഓണാട്ടുകരയുടെ കാർഷിക സംസ്‌കാരവുമായും സമൃദ്ധിയുമായും ഹൃദ്യമായ ബന്ധമുണ്ട്.
അണിഞ്ഞൊരുങ്ങി വെഞ്ചാമരവും, കുഞ്ചലമാലയും ചാർത്തി ആർപ്പു വിളികളുടെ ആരവങ്ങളോടെ ജനസാഗരത്തെ സാക്ഷിയാക്കി മാനംമുട്ടെ ഉയരമുള്ള കെട്ടുകാഴ്‌ചകൾ പടനിലത്ത് എത്തുന്നത് മനംകവരുന്ന കാഴ്ചയാണ്. മാബ്രക്കന്നേൽ കെട്ടുത്സവ സമിതിയുടെ പടുകൂറ്റൻ കെട്ടുകാഴ്‌ച ഓണാട്ടുകതിരവൻ, ഞക്കനാൽ പടിഞ്ഞാറേക്കരയുടെ കാലഭൈരവൻ, കൊറ്റമ്പള്ളി കരയുടെ തിരുമുഖവേടൻ, മേമന യുവജന സമിതിയുടെ ഓച്ചിറ ഒന്നാമൻ തുടങ്ങിയ കെട്ടുകാഴ്‌ചകളെല്ലാം എഴുന്നള്ളത്തിന് സജ്ജമായിക്കഴിഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..