16 April Tuesday

‘കോലീബി’ വഞ്ചന ; സഖ്യങ്ങൾ സുതാര്യമാകണം ; ഒ രാജഗോപാലിന്റെ ആത്മകഥ പുറത്തിറങ്ങി

ദിനേശ്‌ വർമUpdated: Monday Oct 18, 2021

photo credit o rajagopal facebook


തിരുവനന്തപുരം
സംസ്ഥാനത്ത്‌ ഇടതുപക്ഷത്തിനെതിരെ കോൺഗ്രസ്‌–-ലീഗ്‌–-ബിജെപി സഖ്യം രൂപപ്പെടുത്തിയതിന്റെ പ്രത്യാഘാതങ്ങൾ ഓർമിപ്പിച്ച്‌ മുതിർന്ന ബിജെപി നേതാവ്‌ ഒ രാജഗോപാലിന്റെ ആത്മകഥ ‘ജീവിതാമൃതം’ പുറത്തിറങ്ങി. ധാരണ സുതാര്യമായിരുന്നില്ലെന്നും അത്തരം വഞ്ചന കേരളത്തിലോ ബിജെപിയിലോ ആവർത്തിക്കരുതെന്നും പുസ്തകത്തിൽ ഓർമിപ്പിക്കുന്നു.

1991ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന്‌ തുടർ വിജയസാധ്യത മുൻകൂട്ടി കണ്ടാണ്‌ സഖ്യം രൂപപ്പെട്ടതെന്ന്‌ രാജഗോപാൽ എഴുതുന്നു.
കെ ജി മാരാർ, രാമൻപിള്ള എന്നിവരുടെയുൾപ്പെടെ വിജയം ബിജെപി ലക്ഷ്യമിട്ടപ്പോൾ ഭരണമായിരുന്നു കോൺഗ്രസിന്റെ ലക്ഷ്യം. എന്നാൽ, രാജീവ്‌ഗാന്ധി കൊല്ലപ്പെട്ടതോടെ അന്തരീക്ഷം മാറി. രഹസ്യമായി സഖ്യമുണ്ടാക്കിയതാണ്‌ പ്രശ്നം. ഏത്‌ സഖ്യവും സുതാര്യവും ജനങ്ങൾ അറിയുന്നതുമാകണം. ‘ഇന്ന്‌ പുനരാലോചിക്കുമ്പോൾ ആദ്യം തോന്നുന്നത്‌ ഞങ്ങളുടെ ആത്മാർഥത വഞ്ചിക്കപ്പെട്ടെന്നതാണ്‌. അവ്യക്തമായിട്ടാണെങ്കിലും ഉഭയസമ്മതപ്രകാരം രൂപപ്പെട്ട ധാരണ പൂർണമായും നടപ്പാക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരായി. അത്‌ നടപ്പാക്കി. ഞങ്ങൾക്ക്‌ അതുസംബന്ധിച്ച്‌ ഉറപ്പ്‌ നൽകിയവർ ഞങ്ങളെ വഞ്ചിക്കുകയായിരുന്നു. മേലിൽ ഇത്തരം വഞ്ചനയ്‌ക്ക്‌ നിന്നുകൊടുക്കരുത്‌.’–- പുസ്തകത്തിൽ പറയുന്നു. ഗോവ ഗവർണർ പി എസ്‌ ശ്രീധരൻപിള്ള ഞായറാഴ്‌ച തിരുവനന്തപുരത്ത്‌ പുസ്തകം പ്രകാശിപ്പിച്ചു. 

ഒ രാജഗോപാലിനെതിരെ സംഘപരിവാർ സൈബർ ആക്രമണം
മുതിർന്ന ബിജെപി നേതാവ്‌ ഒ രാജഗോപാലിനെതിരെ സംഘപരിവാറിന്റെ രൂക്ഷമായ സൈബർ ആക്രമണം. ആത്മകഥ പ്രകാശനത്തെപ്പറ്റിയുള്ള ഫെയ്‌സ്‌ബുക്ക്‌ പോസ്റ്റിനെ തുടർന്നാണ്‌ കൂട്ട ആക്രമണം. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ വെറും ആശംസാ പ്രസംഗകനായതാണ്‌ പ്രവർത്തകരെ ചൊടിപ്പിച്ചത്‌. അശ്ലീല പദങ്ങളടക്കം ഉപയോഗിച്ചാണ്‌ അധിക്ഷേപം.  സുരേന്ദ്രന്‌ എതിരെയും വിമർശമുണ്ട്‌.  ‘അതിലെ പ്രധാന പണി സുരേന്ദ്രനെതിരെ ആയിരിക്കു’മെന്നും കമന്റുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top