23 April Tuesday

മുമ്പേയതാ മാലാഖമാർ, ഭയം വേണ്ട ; ഇന്ന്‌ നേഴ്‌സസ്‌ ദിനം

വി കെ അനുശ്രീUpdated: Tuesday May 12, 2020


തിരുവനന്തപുരം
കോവിഡ്‌ വൈറസിനെതിരായ പോരാട്ടത്തിലെ മുന്നണിപ്പോരാളികളാണ്‌  നേഴ്‌സുമാർ. സമൂഹവ്യാപനത്തിന്റെ പടിവാതിലിൽനിന്ന്  കാസർകോട്‌ ജില്ലയെ തിരിച്ചുപിടിച്ചതിൽ പ്രധാന പങ്കും‌ കാഞ്ഞങ്ങാട്‌ ജില്ലാ ആശുപത്രിയിലെയും കാസർകോട്‌‌ ജനറൽ ആശുപത്രിയിലെയും നേഴ്‌സുമാരുടേതുതന്നെ.

കോവിഡ്‌ മുക്തജില്ലയെന്ന ആശ്വാസം  പൊയ്‌പ്പോയെങ്കിലും അനുഭവങ്ങളുടെ കരുത്തിൽ ഏത്‌ വെല്ലുവിളിയും നേരിടാൻ സുസജ്ജരാണ്‌ ഇവർ. ‘കേട്ടുകേൾവി മാത്രമുള്ള വ്യാധി ഇത്ര പെട്ടെന്ന് ഇവിടേക്കെത്തുമെന്ന്‌‌ കരുതിയില്ല. രാജ്യത്തെ തന്നെ മൂന്നാമത്തെ കോവിഡ്‌ രോഗിയെ ഫെബ്രുവരി ആദ്യമാണ്‌ പ്രവേശിപ്പിച്ചത്‌,’ കാഞ്ഞങ്ങാട്‌ ജില്ലാ ആശുപത്രിയിലെ നേഴ്‌സിങ്‌ സൂപ്രണ്ട്‌ രജനി പറഞ്ഞു.

ജില്ലയിലെ ഏക ഐസൊലേഷൻ സംവിധാനമെന്ന നിലയിൽ ആദ്യ ദിനങ്ങൾ ശ്രമകരമായിരുന്നു. പേ വാർഡിന്റെ മുകളിലത്തെ നില കോവിഡ്‌ വാർഡാക്കി. മാർച്ച്‌ മൂന്നിന്‌ അടുത്തയാൾക്ക്‌ രോഗം സ്ഥിരീകരിച്ചു. ആകെയുള്ളത്‌ 72 നേഴ്‌സുമാർ. ഗർഭിണികൾ, മുലയൂട്ടുന്നവർ തുടങ്ങി ഹൈ റിസ്കിലുള്ളവരെ കോവിഡ്‌ ഡ്യൂട്ടിയിൽനിന്ന്‌ ഒഴിവാക്കി. 12 മുറിയിൽ 19പേർവരെ നിരീക്ഷണത്തിലായി.

പിന്നീട്‌‌ രോഗികളുടെ കുത്തൊഴുക്കുണ്ടായി. അടുത്തുള്ള ലക്ഷ്‌മി മേഖൻ ആശുപത്രിയുടെ രണ്ട്‌ നിലയും പടന്നക്കാടുള്ള പഴയ കേന്ദ്രസർവകലാശാല കെട്ടിടവും ഐസൊലേഷൻ വാർഡാക്കി. രണ്ടിടത്തും ജില്ലാ ആശുപത്രിയിൽ നിന്നുള്ള ഡോക്ടറും ഹെഡ്‌ നേഴ്‌സ് ഉൾപ്പെടെയുള്ള നേഴ്‌സിങ്‌ സംഘവും പ്രവർത്തനങ്ങൾക്ക്‌ ചുക്കാൻ പിടിച്ചു.

‘ആദ്യം എത്തിയവർ വാർഡിൽനിന്ന്‌ ഇറങ്ങി ഓടിയ സംഭവംവരെയുണ്ടായി. പേ വാർഡ്‌ ചുമതലയുള്ള മിനി പി ജോസഫ്‌, അണുബാധ നിയന്ത്രണ ചുമതലയുള്ള അച്ചാമ്മ, ഹെഡ്‌ നേഴ്‌സുമാരായ‌ റോസമ്മ, ഷീജ എന്നിവരുടെ നേതൃത്വത്തിൽ രാപ്പകലില്ലാതെ ജോലി. ജനറൽ ആശുപത്രിയിലും മെഡിക്കൽ കോളേജിലും സൗകര്യങ്ങൾ ഒരുക്കിയതും ഇവരുടെ മേൽനോട്ടത്തിലാണ്‌. 

‘ഇതിനിടയിലും ആശുപത്രിയിലെ മറ്റ്‌ സേവനങ്ങൾ  മുടങ്ങിയില്ല. ലോക്ക്‌ഡൗണായതോടെ ക്യാൻസർ രോഗികൾ കൂടുതലായെത്തി. ജില്ലയിലെ കീമോ സൗകര്യമുള്ള ഏക ആശുപത്രികൂടിയാണിത്‌. നാല്‌ കീമോ ബെഡ്ഡുള്ളിടത്ത്‌ ദിവസം 20 രോഗികൾവരെ എത്തി. ഷിഫ്‌റ്റ്‌ നോക്കാതെ പുലർച്ചെ നാലുവരെ നേഴ്‌സുമാർ ജോലി ചെയ്തു. ശ്രമകരമായ സാഹചര്യത്തിലും ത്യാഗപൂർണമായി പ്രവർത്തിക്കുന്ന ഇവർതന്നെയാണ്‌ പുതിയ വെല്ലുവിളികൾ നേരിടാനുള്ള കരുത്തും‌’ രജനി പറഞ്ഞു.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top