28 March Tuesday

ബജറ്റ്‌ ചർച്ചയ്‌ക്ക്‌ തുടക്കം ; പ്രതിപക്ഷനീക്കം 
കേന്ദ്രത്തെ വെള്ളപൂശാൻ

വെബ് ഡെസ്‌ക്‌Updated: Monday Feb 6, 2023


തിരുവനന്തപുരം
സംസ്ഥാനത്തെ ക്ഷേമ, വികസന പ്രവർത്തനങ്ങൾ മുടക്കാനുള്ള പ്രതിപക്ഷനീക്കം തുറന്നുകാട്ടി ബജറ്റ്‌ ചർച്ചയ്‌ക്ക്‌ തുടക്കം. സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കുന്ന കേന്ദ്ര ബിജെപി സർക്കാരിനെ വെള്ളപൂശാനുള്ള പ്രതിപക്ഷ ശ്രമം ചർച്ചയിൽ പങ്കെടുത്ത ഭരണപക്ഷാംഗങ്ങൾ എടുത്തുപറഞ്ഞു. കിഫ്‌ബി പിരിച്ചുവിടണമെന്നതടക്കം ചർച്ചയിൽ ആവശ്യപ്പെട്ട  പ്രതിപക്ഷാംഗങ്ങൾ കേന്ദ്ര സർക്കാർ സ്വീകരിക്കുന്ന സമീപനത്തെ ചെറുവാക്കുകൊണ്ടുപോലും വിമർശിക്കാൻ തയ്യാറായില്ല.

കേരളത്തിലെ ജനങ്ങൾക്കും സർക്കാരിനുമെതിരെ നിഴൽയുദ്ധം നടത്തുന്ന കേന്ദ്രത്തിനെതിരായ ചെറുത്തുനിൽപ്പാണ്‌ ബജറ്റിൽ പ്രകടമായതെന്ന്‌ ചർച്ചയ്‌ക്ക്‌ തുടക്കം കുറിച്ച ഡെപ്യൂട്ടി സ്‌പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. സൂര്യന്റെ നേർക്ക്‌ കാട്ടുന്ന ക്ഷൗരക്കത്തി തിളങ്ങുന്നത്‌ സൂര്യന്റെ പ്രകാശംകൊണ്ടാണന്നെങ്കിലും തിരിച്ചറിയണമെന്നും അദ്ദേഹം പ്രതിപക്ഷത്തെ പരിഹസിച്ചു. 

നേർക്കാഴ്‌ച പദ്ധതി പ്രഖ്യാപിച്ച ധനമന്ത്രി പ്രതിപക്ഷത്തിന്‌ നേർക്കാഴ്‌ച കാണാൻ പ്രത്യേക കണ്ണാടി നൽകാൻ തയ്യാറാകണമെന്ന്‌ പി നന്ദകുമാർ പറഞ്ഞു. 60 ലക്ഷത്തിലധികം പേർക്ക്‌ ലഭിക്കുന്ന ക്ഷേമപെൻഷൻ മുടക്കുക എന്നതാണ്‌ സെസ്‌ വർധിപ്പിച്ച നടപടിയെ എതിർക്കുന്നതിലൂടെ പ്രതിപക്ഷം ലക്ഷ്യമിടുന്നതെന്ന്‌ കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. കേരള ജനതയെ പീഡിപ്പിക്കുകയും പിഴിയുകയുമാണ്‌ കേന്ദ്രം ചെയ്യുന്നതെന്നും കടമെടുത്തുപോലും ജീവിക്കാൻ സമ്മതിക്കുന്നില്ലെന്നും കെ ബി ഗണേഷ്‌കുമാർ പറഞ്ഞു.

ചീഫ്‌ വിപ്പ്‌  ഡോ. എൻ ജയരാജ്‌, രമേശ്‌ ചെന്നിത്തല, മഞ്ഞളാംകുഴി അലി, മോൻസ്‌ ജോസഫ്‌, കെ പ്രേംകുമാർ, എം വിജിൻ, പി വി അൻവർ, സജീവ്‌ ജോസഫ്‌, കെ ജെ മാക്‌സി, സേവ്യർ ചിറ്റിലപ്പിള്ളി, ഐ ബി സതീഷ്‌, എം എസ്‌ അരുൺകുമാർ, ആബിദ്‌ ഹുസൈൻ തങ്ങൾ, ജി എസ്‌ ജയലാൽ, പി സി വിഷ്‌ണുനാഥ്‌ എന്നിവരും ചർച്ചയിൽ പങ്കെടുത്തു. ചർച്ച ചൊവ്വാഴ്‌ചയും തുടരും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top