04 June Sunday
തുടർച്ചയായി ഏഴാം ദിവസവും 
സഭ തടസ്സപ്പെടുത്തി

സഭ മുടക്കി ; കലാപം തുടർന്ന്‌ പ്രതിപക്ഷം , ജനകീയപ്രശ്‌നങ്ങൾ ചർച്ചചെയ്യാൻ അനുവദിച്ചില്ല

വെബ് ഡെസ്‌ക്‌Updated: Tuesday Mar 21, 2023


തിരുവനന്തപുരം
സഭാ നടപടികൾ  മുന്നോട്ട്‌കൊണ്ടുപോകാൻ അനുവദിക്കാതെ, രാഷ്‌ട്രീയലാഭത്തിനായി പ്രതിപക്ഷം നിയമസഭയെ തുടർച്ചയായി  കലാപഭൂമിയാക്കിയതോടെ ബജറ്റ്‌ സമ്മേളനം വെട്ടിച്ചുരുക്കി. ജനങ്ങളുടെ പ്രശ്‌നങ്ങൾ ചർച്ചചെയ്യേണ്ട സഭ തുടർച്ചയായി ഏഴാം ദിവസവും പ്രതിപക്ഷം തടസ്സപ്പെടുത്തിയതോടെ 30 വരെ നിശ്ചയിച്ചിരുന്ന  സമ്മേളനം ചൊവ്വാഴ്‌ച  അനിശ്ചിതകാലത്തേക്ക്‌ പിരിയുകയായിരുന്നു.
പ്രതിപക്ഷ പ്രകോപനം തുടർന്നതോടെ  ധനബില്ലും ധന വിനിയോഗ ബില്ലുകളും പൊതുജനാരോഗ്യ ബില്ലടക്കം നാല്‌ ബില്ലും ചർച്ചയില്ലാതെ പാസാക്കേണ്ടിവന്നു.  സമ്മേളനം വെട്ടിച്ചുരുക്കി ധനാഭ്യർഥനകൾ ചൊവ്വാഴ്‌ച പരിഗണിക്കണമെന്ന്‌ മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയത്തിൽ ആവശ്യപ്പെട്ടു.

എല്ലാ അടിയന്തരപ്രമേയ നോട്ടീസിലും അവതരണാനുമതി നൽകുന്നില്ലെന്ന്‌ ആരോപിച്ച്‌ സഭാതലം കലുഷിതമാക്കാനാരംഭിച്ച പ്രതിപക്ഷം ചൊവ്വാഴ്‌ച  നിയമസഭയ്‌ക്കുള്ളിൽ അനിശ്ചിതകാല സത്യഗ്രഹം പ്രഖ്യാപിച്ചു. അൻവർ സാദത്ത്‌, എ കെ എം അഷ്‌റഫ്‌, കുറുക്കോളി മൊയ്‌തീൻ, ടി ജെ വിനോദ്‌, ഉമ തോമസ്‌ എന്നിവരെയാണ്‌ പ്രതിപക്ഷം അനിശ്ചിതകാല സത്യഗ്രഹത്തിനിറക്കിയത്‌. മുതിർന്ന അംഗങ്ങളുൾപ്പെടെ നടുത്തളത്തിൽ കുത്തിയിരുന്ന്‌ മുദ്രാവാക്യം വിളിച്ചതോടെ സഭാനടപടികൾ പ്രതിസന്ധിയിലായി. ചോദ്യോത്തരവേളയിലും പ്രതിപക്ഷം നിരന്തരം ബഹളമുണ്ടാക്കി. സഭാനടത്തിപ്പുമായി സഹകരിക്കണമെന്ന്‌ സ്പീക്കർ എ എൻ ഷംസീർ തുടർച്ചയായി ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. 

പ്രതിപക്ഷത്തിന്റേത്‌ ശരിയായ നടപടിയല്ലെന്ന്‌ സ്പീക്കർ സഭയിൽ പറഞ്ഞു.   ഇത്തരം നടപടികൾ തുടർന്നാൽ കടുത്ത നടപടികളിലേക്ക്‌ കടക്കേണ്ടി വരുമെന്നും സ്പീക്കർ മുന്നറിയിപ്പ്‌ നൽകി. സ്പീക്കറുടെ റൂളിങ്ങിനെ പ്രതിപക്ഷം വെല്ലുവിളിക്കുകയാണെന്ന്‌ മന്ത്രി എം ബി രാജേഷ്‌ പറഞ്ഞു. സഭയെയും സ്പീക്കറെയും അവഹേളിച്ച്‌ റൂളിങ്ങിന്റെ നഗ്നമായ ലംഘനമാണ്‌ പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തിൽ നടക്കുന്നതെന്നും മന്ത്രി പറഞ്ഞു.


എന്തിന്‌, സഭയിലെ കലാപം ; മറുപടിയില്ലാതെ പ്രതിപക്ഷം
ബജറ്റ്‌ സമ്മേളനം പുനരാരംഭിച്ചതുമുതൽ നിയമസഭയിൽ പ്രതിപക്ഷനേതാവ്‌ വി ഡി സതീശന്റെ നേതൃത്വത്തിൽ കലാപാന്തരീക്ഷമുണ്ടാക്കിയത്‌ വ്യക്തമായ കാരണങ്ങളില്ലാതെ. സഭാസമ്മേളനം വെട്ടിച്ചുരുക്കുംവിധം കുഴപ്പമുണ്ടാക്കിയത്‌ എന്തിനെന്ന ചോദ്യത്തിന്‌ ഉത്തരമില്ല. ചരിത്രത്തിലാദ്യമായി ചട്ടവിരുദ്ധമായി സമാന്തരസഭ ചേർന്നത്‌ ആദ്യം ബഹളമുണ്ടാക്കിയതിനല്ല, അക്കാരണത്തിലായിരുന്നില്ല സ്പീക്കറെ തടഞ്ഞത്‌. സത്യഗ്രഹമിരുന്നതാകട്ടെ മറ്റൊരു‘കാര്യ’ത്തിന്‌. എൽഡിഎഫ്‌ ഭരണംതുടരുന്നതിലെ അസഹിഷ്ണുതയാണ്‌ ചിലമാധ്യമങ്ങളെ കൂട്ടുപിടിച്ച്‌ പ്രതിപക്ഷം പ്രകടിപ്പിക്കുന്നതെന്നും വ്യക്തം.

മുൻപ്രതിപക്ഷ നേതാക്കളും സഭാനടപടികൾ തടസ്സപ്പെടുത്തിയിരുന്നെങ്കിലും അവയ്‌ക്ക്‌ കൃത്യമായ കാരണമുണ്ടായിരുന്നു. തനിക്ക്‌ കീഴടങ്ങിയില്ലെങ്കിൽ നിയമസഭ മൊബൈലിൽ ചിത്രീകരിച്ച്‌ നൽകുമെന്നും ചൊവ്വാഴ്‌ച സതീശൻ വെല്ലുവിളിച്ചു. പൊതുജനാരോഗ്യബില്ലെങ്കിലും ചർച്ചചെയ്ത്‌ പാസാക്കിക്കൂടെ എന്ന അഭ്യർഥനയും  സതീശൻ ചെവിക്കൊണ്ടില്ല.

ഇന്ധന സെസ്‌ വിഷയത്തിൽ ചാവേർസമരത്തിന്‌ ഇറങ്ങിയവർക്കെതിരായ കേസ്‌  പിൻവലിക്കണമെന്നതായിരുന്നു ഫെബ്രുവരി 27ലെ  ബഹളം, സമരം എവിടെയെത്തിയെന്ന്‌ ആർക്കുമറിയില്ല. ലൈഫ്‌ വിഷയം വരുമ്പോൾ സർക്കാർ ഒളിച്ചോടുന്നു, ലൈഫിൽ ചോദ്യമുള്ളതുകൊണ്ട്‌ സഭ പിരിച്ചുവിടുമെന്നും പ്രചരിപ്പിച്ചു.  പച്ചനുണ പറഞ്ഞ്‌ മാത്യു കുഴൽനാടൻ ലൈഫിൽ അടിയന്തര പ്രമേയ നോട്ടീസ്‌ അവതരിപ്പിച്ചതിന്‌ മുഖ്യമന്ത്രി അക്കമിട്ട്‌ മറുപടി പറഞ്ഞു.  ഇപ്പോൾ സത്യഗ്രഹമിരുന്നവരടക്കം ലൈഫ്‌ വിഷയത്തിൽ ചോദ്യം ഉന്നയിച്ചെങ്കിലും ചോദ്യോത്തരവേള തടസ്സപ്പെടുത്തി. ഒരു ചോദ്യത്തിലും ഒളിച്ചോടാതെ കൃത്യമായ മറുപടി  മന്ത്രി എം ബി രാജേഷ്‌ നൽകി.  

എന്നാൽ,  14ന്‌ സമാന്തര സഭചേർന്ന്‌ ചട്ടങ്ങളെ കാറ്റിൽപ്പറത്തുകയായിരുന്നു പ്രതിപക്ഷം. നടപടിയെടുക്കാനും പുറത്താക്കാനും വകുപ്പുണ്ടായിട്ടും സമവായത്തിന്റെയും ചർച്ചയുടെയും വഴിയാണ്‌ സർക്കാർ സ്വീകരിച്ചത്‌. കക്ഷി നേതാക്കളുടെ യോഗം ചേർന്ന്‌ പ്രതിപക്ഷത്തെ കേട്ടു. ആവശ്യങ്ങൾ കൂടി ഉൾക്കൊണ്ട്‌ സ്പീക്കർ റൂളിങ്‌ നടത്താമെന്ന്‌ തീരുമാനിച്ചു. സഹകരിക്കണമെന്ന്‌ പാർലമെന്ററികാര്യ മന്ത്രി കെ രാധാകൃഷ്ണൻ അഭ്യർഥിച്ചിട്ടും കടുത്ത നിഷേധാത്മക നിലപാടാണ്‌  പ്രതിപക്ഷ നേതാവ്‌ കൈക്കൊണ്ടത്‌.

പാർടിയിൽ പട, പ്രതികാരം സഭയോട്‌
കോൺഗ്രസിലും യുഡിഎഫിലെ ഘടകകക്ഷികൾ തമ്മിലും നടക്കുന്ന അതിരൂക്ഷ ഏറ്റുമുട്ടലുകൾ  മറച്ചുവയ്ക്കാൻ നിയമസഭയെ കരുവാക്കി പ്രതിപക്ഷനേതാവ്‌ വി ഡി സതീശൻ. കെപിസിസി പ്രസിഡന്റ്‌ കെ സുധാകരനെതിരായും വി ഡി സതീശനെതിരായും വൻനീക്കമാണ്‌ കോൺഗ്രസിൽ. ലീഗിൽ കുഞ്ഞാലിക്കുട്ടി–- മുനീർ വിഭാഗങ്ങൾ തമ്മിലുള്ള പോര്‌ പരസ്യ ഏറ്റുമുട്ടലിലെത്തി. മറ്റൊരു ഘടകകക്ഷിയായ ആർഎസ്‌പി വാർത്താസമ്മേളനം നടത്തിയാണ്‌ സതീശനെതിരെ പ്രതിഷേധിച്ചത്‌.

നേരത്തെ നാലുപേരുടെ പിന്തുണമാത്രം ഉണ്ടായിരുന്ന സതീശൻ, ഹൈക്കമാൻഡിനെ തെറ്റിദ്ധരിപ്പിച്ചാണ്‌ ഭൂരിപക്ഷ പിന്തുണയുണ്ടായിരുന്ന ചെന്നിത്തലയെ മറികടന്ന്‌ പ്രതിപക്ഷനേതാവായത്‌. ചെന്നിത്തലയോ ഉമ്മൻചാണ്ടിയോ ഇത്ര മോശം പ്രകടനം ഒരു സമ്മേളനകാലത്തും നടത്തിയിട്ടില്ലെന്ന്‌ കോൺഗ്രസ്‌ എംഎൽഎമാർതന്നെ പറയുന്നു. 

രാഷ്‌ട്രീയവിഷയത്തിൽ നിയമസഭയിൽ മേൽക്കൈ നേടാനാകാത്ത സതീശൻ ഒരു ജനകീയവിഷയംപോലും ഉന്നയിച്ചിട്ടുമില്ല. പൊലീസ്‌ സ്വമേധയാ കേസെടുത്ത്‌ പ്രതികളെ അറസ്റ്റ്‌ ചെയ്തിരുന്നതിനാൽ പോത്തൻകോട്‌ കേസിന്‌ അടിയന്തരപ്രാധാന്യം ഉണ്ടായിരുന്നില്ല. നാളിതുവരെയുള്ള കണക്ക്‌ പുറത്തുവന്നതോടെ അടിയന്തരപ്രമേയത്തിൽ അവഗണിച്ചെന്ന സതീശന്റെ ആക്ഷേപവും പാഴായി. ഏഴുവർഷത്തിനിടെ 254 നോട്ടീസിൽ 239ഉം അനുവദിച്ചു. പത്തെണ്ണം സഭ നിർത്തിവച്ച്‌ ചർച്ചചെയ്തു.

യുഡിഎഫിലെ ‘കലാപ’ത്തിന്റെ നാണക്കേട്‌ മറയ്ക്കാൻ സതീശന്‌ കൂട്ട്‌ ചില മാധ്യമങ്ങളാണ്‌. വ്യാജ വീഡിയോ നിർമിക്കുന്ന ചാനലിന്റെ റിപ്പോർട്ടറാണ്‌ ‘പരിക്ക്‌’അഭിനയിച്ച്‌ മുതലെടുക്കാൻ ഉപദേശിച്ചത്‌. തിരുവഞ്ചൂരിനെ കൈയേറ്റം ചെയ്തുവെന്നും കെ കെ രമയുടെ എല്ല്‌ പൊട്ടിയെന്നുമുള്ള ഇവരുടെ ബ്രേക്കിങ്ങും പൊളിഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top