26 April Friday

ചോദ്യോത്തരവേളയിൽ പ്രതിപക്ഷബഹളം; നിയമസഭ നിര്‍ത്തിവെച്ചു

വെബ് ഡെസ്‌ക്‌Updated: Monday Jun 27, 2022

തിരുവനന്തപുരം> പതിനഞ്ചാം നിയമസഭയുടെ അഞ്ചാം സമ്മേളനത്തിന് ബഹളത്തോടെ തുടക്കം.ചോദ്യോത്തര വേള ആരംഭിച്ചപ്പോള്‍ തന്നെ പ്രതിപക്ഷം ബാനറുകളും പ്ലക്കാര്‍ഡുകളും ഉയര്‍ത്തുകയും പ്രതിപക്ഷ എംഎല്‍എമാര്‍ മുദ്രാവാക്യം വിളി ആരംഭിക്കുകയും ചെയ്തു.  കറുപ്പ് വസ്ത്രം അണിഞ്ഞാണ് പ്രതിപക്ഷ അംഗങ്ങളില്‍ പലരും സഭയില്‍ എത്തിയത്.  സ്പീക്കര്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും ബഹളം തുടര്‍ന്നതിനാല്‍ സഭ തല്‍ക്കാലത്തേക്ക് നിര്‍ത്തിവെച്ചു.

അതേസമയം, രാഹുല്‍ ഗാന്ധിയുടെ ഓഫീസിന് നേരെ നടന്ന ആക്രമണം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് അടിയന്തര പ്രമേയത്തിന് പ്രതിപക്ഷം നോട്ടീസ് നല്‍കി. ടി. സിദ്ദിഖാണ് അടിയന്തര പ്രമേയത്തിന് അനുമതി തേടി നോട്ടീസ് നല്‍കിയത്. അടിയന്തര പ്രമേയ നോട്ടീസ് പരിഗണനയിലാണെന്ന് സ്പീക്കര്‍ തുടക്കത്തില്‍ വ്യക്തമാക്കി. അഞ്ച് മിനിറ്റ് മാത്രമാണ് സഭ നടന്നത്.

സില്‍വര്‍ലൈന്‍ പദ്ധതി, ബഫര്‍ സോണ്‍ വിഷയം എന്നിവയിലെ സര്‍ക്കാരിന്റെ നിലപാട് എന്തായിരിക്കുമെന്നും ഈ നിയമസഭ സമ്മേളനം ഉറ്റുനോക്കുന്നു .  ഈ സാമ്പത്തിക വര്‍ഷത്തെ ധനാഭ്യര്‍ത്ഥനകള്‍ ചര്‍ച്ച ചെയ്ത് പാസാക്കും. സഭ സമ്മേളിക്കുന്ന 23 ദിവസങ്ങളില്‍ 13 ദിവസം ധനാഭ്യര്‍ത്ഥന ചര്‍ച്ചക്കാണ് നീക്കിവച്ചത്. നാല് ദിവസം അനൗദ്യോഗികാംഗങ്ങളുടെ കാര്യങ്ങള്‍ക്കായും, ധനകാര്യബില്‍ ഉള്‍പ്പെടെയുള്ള ബില്ലുകളുടെ പരിഗണനക്കായി നാല് ദിവസവും ഉപധനാഭ്യാര്‍ത്ഥനക്കും ധനവിനിയോഗ ബില്ലുകള്‍ക്കുമായി രണ്ട് ദിവസവും നീക്കിവച്ചിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം മെയ് 24ന് ആദ്യ സമ്മേളനം ചേര്‍ന്ന പതിനഞ്ചാം കേരള നിയമസഭ ഇപ്പോള്‍ ഒരു വര്‍ഷം പൂര്‍ത്തീകരിച്ചിരിക്കുകയാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടക്ക് നാലു സമ്മേളനങ്ങളിലായി മൊത്തം 61 ദിനങ്ങളാണ് സഭ സമ്മേളിച്ചത്. കൊവിഡ് പശ്ചാത്തലത്തിലും ഇത്രയും ദിവസങ്ങള്‍ സമ്മേളനം നടന്നു എന്നത് മറ്റ് സംസ്ഥാന നിയമസഭകളുമായി താരതമ്യം ചെയ്യുമ്പോള്‍ മെച്ചപ്പെട്ട പ്രകടനമാണ്.


ജൂണ്‍ 27 മുതല്‍ 23 ദിവസത്തേക്കാണ് സഭ സമ്മേളിക്കുക.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top