25 April Thursday

നിപാ വൈറസ്: ജാഗ്രത വേണം മുൻകരുതൽ എന്തെല്ലാം

വെബ് ഡെസ്‌ക്‌Updated: Monday Jun 3, 2019

കൊച്ചി> കേരളത്തിന്റ ആരോഗ്യമേഖലയെ നടുക്കിയ നിപാ വൈറസ് ബാധയെ അതിജീവിച്ച് ഒരുവർഷം പൂർത്തിയാകുമ്പോൾ ഇപ്പോഴിതാ വീണ്ടും നിപ്പാ ആശങ്കയിലേക്ക്  എത്തുകയാണ് കേരളം. കഴിഞ്ഞ വർഷം കോഴിക്കോട് ജില്ലയിൽ ആയിരുന്നെങ്കിൽ ഇത്തവണ എറണാകുളം ജില്ലയിലാണ് നിപാ ബാധയുടെ സൂചന ലഭിച്ചിരിക്കുന്നത്. നിപാ വൈറസിന്റെ സംക്രമണ സമയമാണ് ഡിസംബർമുതൽ ജൂൺവരെ ആയതിനാല്‍  നിപയെ തടയാൻ എന്തെല്ലാം മുൻകരുതലാണ് നമ്മളെടുക്കേണ്ടതെന്നു നോക്കാം.

നിപാ വൈറസ്‌ ബാധിതർക്ക്‌ 40 ശതമാനംമുതൽ 75ശതമാനംവരെയാണ്‌ മരണനിരക്ക്‌ എന്നതും നിപാവൈറസ്‌ ബാധയ്‌ക്ക്‌ പ്രത്യേക ചികിത്സയോ,  വരാതിരിക്കാൻ പ്രതിരോധ വാക്‌സിനുകളോ ഇല്ല എന്നതിനാൽ വൈറസ്‌ ബാധ തടയുക എന്നതാണ്‌ അത്യുത്തമം. അതിനാൽ നിപയെ തടയാൻ നാം ഓരോരുത്തരും ശ്രദ്ധിച്ചേ മതിയാകൂ.

എന്താണ് നിപാ
പാരാമിക്‌സോവിരിഡേ കുടുംബത്തിൽപ്പെട്ട വൈറസാണ്‌ നിപാ. വവ്വാലുകളിലാണ്‌ ഇത്‌ കണ്ടുവരുന്നത്‌.  വവ്വാലുകളിൽനിന്ന്‌ പന്നികളിലേക്കും അവയിൽനിന്ന്‌ മനുഷ്യരിലേക്കും പകരാം. മനുഷ്യർ  വവ്വാലുകളിൽനിന്നും പന്നികളിൽനിന്നും വൈറസ്‌ ബാധയേൽക്കാതെ നോക്കണം. രോഗംബാധിച്ച മൃഗങ്ങളുടെ സ്രവങ്ങൾവഴിയും രോഗബാധയുള്ള സ്ഥലങ്ങളിൽ പഴങ്ങളിൽ വവ്വാലുകളുടെ സ്രവം കലർന്നും    രോഗംബാധിച്ച മനുഷ്യരിൽനിന്ന്‌ സ്രവങ്ങളിലൂടെയും സ്‌പർശനത്തിലൂടെയും മറ്റും മനുഷ്യർക്ക്‌ രോഗം വരാം. അതുപോലെ കെട്ടിക്കിടക്കുന്ന വെള്ളത്തിലും ചപ്പുചവറുകളിലും വവ്വാലുകളുടെ സ്രവങ്ങളും വിസർജ്യവസ്‌തുക്കളും കലർന്നും രോഗസാധ്യതയുണ്ട്‌.  രോഗിയുടെ  തുപ്പൽ, മലമൂത്രാദികൾ എന്നിവയിലൂടെ വൈറസ്‌ പകരാം.

ലക്ഷണങ്ങൾ
നാലുമുതൽ 14വരെ ദിവസമാണ്‌ വൈറസിന്റെ ഇൻകുബേഷൻ പിരിയഡ്‌. ഈ വൈറസ്‌ ശരീരത്തിൽ കടന്നാൽ നാലുമുതൽ 14 ദിവസത്തിനുള്ളിൽ രോഗലക്ഷണം കണ്ടുതുടങ്ങാം. സാധാരണയായി പനി, തലവേദന, ശരീരവേദന, തൊണ്ടവേദന, ഛർദി തുടങ്ങിയ ലക്ഷണങ്ങളാണ്‌ കണ്ടുവരുന്നത്‌. ഇതിനെത്തുടർന്ന്‌ തലകറക്കം, മയക്കം, ശ്വാസതടസ്സം തുടങ്ങിയവയും കണ്ടേക്കാം. അതീവ ഗുരുതരാവസ്ഥയിൽ ഫിറ്റ്‌സും ബോധക്ഷയവും വരാനിടയുണ്ട്‌.

എങ്ങനെ കണ്ടെത്താം?
മുകളിലുള്ള രോഗലക്ഷണങ്ങൾ  ഉള്ളവരിൽ നിപാ രോഗം സംശയിക്കണം. ശരീരസ്രവങ്ങളിൽ നിന്നുള്ള റിയൽടൈം പോളിമെറേസ്‌ ചെയിൻ റിയാക്ഷൻ വഴിയും എലൈസ ടെസ്‌റ്റിലൂടെ ആന്റിബോഡി കണ്ടെത്തുക വഴിയും സെൽ കൾച്ചറിലൂടെ വൈറസിനെ കണ്ടെത്തുകവഴിയും നിപാബാധ സ്ഥിരീകരിക്കാം.

ചികിത്സ
നിപാ വൈറസ്‌ ബാധയ്‌ക്ക്‌ പ്രത്യേക ചികിത്സയോ പ്രതിരോധ വാക്‌സിനുകളോ കണ്ടെത്തിയിട്ടില്ല. എല്ലാ വൈറസ്‌ ബാധകൾക്കുമുള്ളതുപോലെ ലക്ഷണങ്ങൾക്കനുസരിച്ചുള്ള സപ്പോർട്ടീവ്‌ ചികിത്സ മാത്രമേയുള്ളൂ.

മുൻകരുതൽ
പനിവന്നാൽ സ്വയംചികിത്സ ഒഴിവാക്കുക. ലക്ഷണങ്ങൾ പ്രകടിപ്പിച്ചുതുടങ്ങിയാൽ അതിവേഗം രോഗം മൂർഛിക്കുന്നതുകൊണ്ട്‌ പനിയുടെ തുടക്കത്തിൽത്തന്നെ വിദഗ്‌ധചികിത്സ തേടുക. സാധാരണ പനിയല്ലെന്നു തോന്നിയാൽ രോഗിയിൽനിന്നുള്ള സാമ്പിളുകൾ വിദഗ്‌ധ പരിശോധനയ‌്ക്കയക്കാൻ  എല്ലാ സംവിധാനവും സംസ്ഥാന ആരോഗ്യവകുപ്പ്‌ ഏർപ്പെടുത്തിയിട്ടുണ്ട്‌. പഴങ്ങൾ എപ്പോഴും നന്നായി കഴുകി ഉപയോഗിക്കുക. രോഗബാധയുള്ള സ്ഥലങ്ങളിൽ വവ്വാലുകൾ ചപ്പിയതോ അതിനു സാധ്യതയുള്ളതോ ആയ വാഴക്കൂമ്പും  പഴങ്ങളും മറ്റും ഭക്ഷിക്കാതിരിക്കുക.

രോഗബാധയുള്ളിടത്ത്‌ മൃഗങ്ങളുമായി ഇടപഴുകേണ്ടിവരുന്നവർ മാസ്‌കും കൈയുറകളും ഉപയോഗിക്കുക. രോഗബാധിതരായ വവ്വാലുകളുടെ അവശിഷ്‌ടങ്ങൾ കലരാനിടയുള്ളതുകൊണ്ട്‌ വെള്ളക്കെട്ട്‌ തടയുക. ചപ്പുചവറുകൾ നശിപ്പിക്കുക.

രോഗലക്ഷണം കാണിക്കുന്നവരെ പ്രത്യേക മുറികളിൽ കിടത്തി ചികിത്സിക്കുക, രോഗം ബാധിച്ചവരുമായുള്ള സമ്പർക്കം ഒഴിവാക്കുക എന്നിവയാണ്‌ പ്രധാന മുൻകരുതൽ. പരിചരിക്കുന്നവർ മാസ്‌കും കൈയുറകളും ഗൗണും ഉപയോഗിക്കുക. സോപ്പ്‌ ഉപയോഗിച്ച്‌ കൈകാലുകൾ കഴുകുക. രോഗി ഉപയോഗിക്കുന്ന പാത്രങ്ങളും വസ്‌ത്രവും അണുനാശിനി ഉപയോഗിച്ച്‌ വൃത്തിയാക്കുക.

(വിവരങ്ങള്‍ക്ക് കടപ്പാട് : ഡോ. ഷീജ ശ്രീനിവാസ്‌ ഇടമന)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top