കോഴിക്കോട്
നാലാം തവണയും കേരളത്തിൽ നിപാ റിപ്പോർട്ട്ചെയ്‌ത പശ്ചാത്തലത്തിൽ വവ്വാലിൽനിന്ന് വൈറസ് മനുഷ്യരിലെത്തുന്നതെങ്ങനെയെന്ന് കണ്ടെത്താൻ സമഗ്ര പഠനം നടത്തും. തിരുവനന്തപുരം തോന്നയ്‌ക്കലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജി നേതൃത്വത്തിലാണ് പഠനം. ആദ്യ രോഗിയിലേക്ക് ഏത് രീതിയിലാണ് വൈറസ് എത്തിയതെന്ന കണ്ടെത്തൽ രോഗപ്രതിരോധത്തിൽ നിർണായകമാവും. ഇതുവരെയുള്ള നിപാ രോഗബാധയിൽ ഇത് കണ്ടെത്താനായിട്ടില്ല. ഇപ്പോഴത്തെ നിപാ ബാധ നിയന്ത്രണ വിധേയമാകുന്നതോടെ പഠനം ആരംഭിക്കും.
മൃഗസംരക്ഷണം, വനം, പൊതുജനാരോഗ്യം എന്നീ വകുപ്പുകളെ സംയോജിപ്പിച്ചുള്ള പഠനം ജീവികളിൽനിന്നും മനുഷ്യരിലേക്കുള്ള വൈറസ് ബാധ എങ്ങനെയെന്നാണ് പ്രധാനമായും പഠിക്കുക. പഠനത്തിന്റെ പ്രാഥമിക രൂപരേഖ തയ്യാറായി. രോഗബാധയുണ്ടായ പ്രദേശങ്ങളിൽനിന്ന് ജീവികളിലേയും മനുഷ്യരിലേയും സാമ്പിളുകൾ ശേഖരിച്ച് തുടർച്ചയായ നിരീക്ഷണവും പരിശോധനയും നടത്തും. പ്രദേശത്തെ ജീവിവർഗങ്ങളും പരിസ്ഥിതിയുമായുള്ള ഇടപെടൽ, ഫലവർഗ സസ്യങ്ങൾ, കാലാവസ്ഥ തുടങ്ങിയ കാര്യങ്ങളും ഗവേഷണത്തിൽ ഉൾപ്പെടുത്തും. മൂന്ന് വർഷത്തിനകം പഠനം പൂർത്തിയാകും.
നിപാ ആവർത്തിക്കുന്നതെന്തുകൊണ്ട്
‘ജീവികളിൽനിന്ന് വൈറസ് മനുഷ്യരിലെത്തുന്ന രീതി കണ്ടെത്തുക എന്ന ലക്ഷ്യത്തിലാണ് പഠനം. കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ വവ്വാലുകളിൽ വൈറസ് സാന്നിധ്യം ഐസിഎംആർ കണ്ടെത്തിയതാണ്. അത് സ്വാഭാവിക പ്രതിഭാസമാണ്. വൈറസ് സാന്നിധ്യം നിർമാർജനം ചെയ്യാനാകില്ല. അതേസമയം എന്തുകൊണ്ടാണ് നിപാ ബാധ കേരളത്തിൽ ആവർത്തിക്കുന്നു എന്നതിന് ഉത്തരം കണ്ടെത്തിയിട്ടില്ല. പഠനവും നടന്നിട്ടില്ല. വൈറസ് ഏത് രീതിയിലാണ് മനുഷ്യരിലെത്തുന്നത് എന്ന് കണ്ടെത്തിയാലേ രോഗബാധയുടെ ആവർത്തനം തടയാനാവൂ. അതിനാണ് തുടക്കമിടുന്നത്’.
ഡോ. ഇ ശ്രീകുമാർ
(ഡയറക്ടർ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജി)
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..