കോഴിക്കോട്
നിപാ വ്യാപനം നിയന്ത്രണവിധേയമാകുന്നതിന്റെ ശുഭസൂചന നൽകി പരിശോധനാഫലം. ഞായറാഴ്‌ച 42 പേരുടെ ഫലംകൂടി നെഗറ്റീവായി. ആദ്യരോഗി മരിച്ച് 17 ദിവസം പിന്നിടുമ്പോഴുള്ള ഫലം ആശ്വാസകരമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. നിപാ ബാധിതനായ ഒമ്പതു വയസ്സുകാരന്റെ ആരോഗ്യനിലയിൽ ആശാവഹമായ പുരോഗതിയുണ്ട്. വെന്റിലേറ്റർ സഹായം ഒഴിവാക്കി. ഓക്‌സിജൻ സഹായം തുടരും.
ആഗസ്‌ത് 30നാണ് ആദ്യരോഗി മരിച്ചത്. ഇദ്ദേഹമാണ് രോഗത്തിന്റെ ഉറവിടമെന്ന് സ്ഥിരീകരിച്ചിരുന്നു. ആദ്യ രോഗിയിൽനിന്ന് രോഗവ്യാപന സാധ്യത കൂടുതലാണ്. എന്നാൽ, മരിച്ച രണ്ടുപേർക്ക് ഉൾപ്പെടെ ആറുപേർക്കാണ് നിലവിൽ രോഗം സ്ഥിരീകരിച്ചത്. ചികിത്സയിലുള്ള എല്ലാവരുടെയും ആരോഗ്യനില തൃപ്‌തികരവുമാണ്. പരമാവധി 21 ദിവസമാണ് രോഗവ്യാപന കാലാവധി. നാലുദിവസംകൂടി നിർണായകമാണ്. ഈ കാലയളവിൽ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടില്ലെങ്കിൽ രോഗം നിയന്ത്രണ വിധേയമായതായി കണക്കാക്കാനാകും. പുതിയ രോഗികൾ ഇല്ലെങ്കിലും 42 ദിവസം ജാഗ്രത തുടരും. ആദ്യത്തെ കേസിൽനിന്നാണ് എല്ലാവർക്കും രോഗം ബാധിച്ചത്. രണ്ടാം തരംഗം ഉണ്ടായിട്ടില്ല. വൈറസിന്റെ ജീനോമിക് സീക്വൻസിങ് നടത്തി ഇത് ശാസ്ത്രീയമായി ഉറപ്പുവരുത്തും. നിലവിൽ 352 പേർ തീവ്ര സമ്പർക്കപട്ടികയിലുണ്ട്. അതിൽ 129 പേർ ആരോഗ്യ പ്രവർത്തകരാണ്.ഞായറാഴ്‌ച നെഗറ്റീവായ 42 ൽ 23 എണ്ണം തീവ്രസമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടവരായിരുന്നു. ഇവരിൽ പലരും രോഗലക്ഷണം പ്രകടിപ്പിച്ചവരാണ്. ഫലം നെഗറ്റീവായത് ആശ്വാസമായി.
നിലവിൽ 1,233 പേരാണ് സമ്പർക്ക പട്ടികയിലുള്ളത്. ഇതിൽ 44 പേർ പുതിയതാണ്. നിയന്ത്രിതമേഖലയിലുൾപ്പെടെ 34,167 വീടുകൾ ആരോഗ്യ പ്രവർത്തകർ സന്ദർശിച്ചു. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി സെന്റർ കേരള യൂണിറ്റിലെ ശാസ്ത്രജ്ഞൻ ഡോ. ബാലസുബ്രഹ്മണ്യത്തിന്റെ നേതൃത്വത്തിലുള്ള കേന്ദ്ര വവ്വാൽ സർവേ ടീം 36 വവ്വാലുകളെ പിടികൂടി. ഇവയുടെ സാമ്പിളുകൾ പുണെ വൈറോളജി ഇൻസ്‌റ്റിറ്റ്യൂട്ടിൽ പരിശോധനയ്‌ക്കയക്കും. കേന്ദ്രസംഘങ്ങൾ ഞായറാഴ്‌ചയും വിവിധ സ്ഥലങ്ങൾ സന്ദർശിച്ചു. 2018 ൽ നിപാ സ്ഥിരീകരിച്ച പ്രദേശങ്ങളിൽ പാരിസ്ഥിതിക മാറ്റം വന്നിട്ടുണ്ടോ എന്നും പരിശോധിക്കും.
രോഗബാധിതർക്ക് അടിയന്തര ഘട്ടത്തിൽ നൽകേണ്ട മോണോ ക്ലോണൽ ആന്റി ബോഡി നിലവിൽ ലഭ്യമാണ്. കൂടുതൽ ഫലപ്രാപ്‌തിയുള്ള ആന്റിബോഡി എത്തിക്കാൻ ശ്രമിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് പനി ലക്ഷണങ്ങളുമായി നിരീക്ഷണത്തിൽ കഴിഞ്ഞ വയോധികയുടെയും മെഡിക്കൽ വിദ്യാർഥിയുടെയും നിപാ പരിശോധനാഫലവും നെഗറ്റീവാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..