കോഴിക്കോട്
മരണപ്പെട്ട മരുതോങ്കര സ്വദേശിയെ സ്വകാര്യ ആശുപത്രിയിൽ ചികിത്സിച്ച 24കാരനായ നഴ്‌സിനും നിപാ സ്ഥിരീകരിച്ചു. കർണാടക സ്വദേശിയായ ഇയാൾ ആശുപത്രിയിലാണ്. ഇതോടെ നിപാ ബാധിച്ചവരുടെ എണ്ണം അഞ്ചായി. മരിച്ച രണ്ടുപേർക്കു പുറമെ ഒമ്പത് വയസ്സുള്ള കുഞ്ഞിനും യുവാവിനും നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു. ഒമ്പത് വയസ്സുള്ള കുഞ്ഞ് വെന്റിലേറ്ററിൽ തുടരുകയാണ്. യുവാവിന്റെ ആരോഗ്യ നിലയിൽ പുരോഗതിയുണ്ട്.
മരിച്ചയാളെ ചികിത്സിച്ച 10 ആരോഗ്യ പ്രവർത്തകരിൽ രോഗ ലക്ഷണമുണ്ടായ രണ്ട് പേരുടെ സ്രവസാമ്പിൾ ബുധൻ പുലർച്ചെയാണ് പരിശോധനയ്‌ക്കയച്ചത്. ഇതിനുപുറമെ 11 പേരുടെ ഫലംകൂടി വരാനുണ്ട്. മരിച്ച മരുതോങ്കര സ്വദേശിയുമായി അടുത്ത സമ്പർക്കമുള്ള മൂന്നുപേരും ഇതിൽപ്പെടും. രോഗലക്ഷണമുള്ള ഇവർ വീട്ടിൽ നിരീക്ഷണത്തിലാണ്. മരണമടഞ്ഞ രണ്ടുപേരുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു. 47 വാർഡുകളിൽ നിയന്ത്രണം ഏർപ്പെടുത്തി.
മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ മരുതോങ്കര, ആയഞ്ചേരി മേഖലകളിൽ നിന്നുള്ള 13 പേരെ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവർ ഉൾപ്പെടെ 20പേർ ആശുപത്രിയിൽ നിരീക്ഷണത്തിലുണ്ട്. ഐസിഎംആറിന്റെ ചെന്നൈയിലുള്ള എപ്പിഡമോളജി സംഘം ജില്ലയിലെത്തി. ബുധനാഴ്‌ച വൈകിട്ട് ചേർന്ന ഓൺലൈൻയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ സ്ഥിതി വിലയിരുത്തി. രോഗബാധിത മേഖലകളിലെ 313 വീടുകളിൽ നിന്ന് മെഡിക്കൽ സംഘം വിവരങ്ങളെടുത്തു.
സ്വകാര്യ ആശുപത്രി പ്രതിനിധികളുടെ യോഗം ചേർന്ന് അടിയന്തര സാഹചര്യം നേരിടാനുള്ള നിർദേശം നൽകി. ചികിത്സയ്ക്കുള്ള എല്ലാ മരുന്നുകളും ആശുപത്രിയിൽ ശേഖരിച്ചിട്ടുണ്ട്. മലപ്പുറം മഞ്ചേരി മെഡിക്കൽ കോളേജിൽ വയോധികയും തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഡെന്റൽ വിദ്യാർഥിയും രോഗലക്ഷണങ്ങളോടെ നിരീക്ഷണത്തിലാണ്.
മഞ്ചേരിയിൽ ഒരാൾ നിരീക്ഷണത്തിൽ
നിപാ ലക്ഷണങ്ങളോടെ വയോധികയെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അരീക്കോട് എളയൂർ സ്വദേശിനിയാണ്. ഇവരെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റി.
കടുത്ത പനിയും അപസ്മാരവുമായാണ് ഇവർ ആശുപത്രിയിൽ എത്തിയത്. നിപാ ലക്ഷണം കണ്ടതിനാൽ രക്തം, സ്രവം എന്നിവയുടെ സാമ്പിൾ ശേഖരിച്ച് കൂടുതൽ പരിശോധനയ്‌ക്കായി അയച്ചു. ഇവർക്ക് നിലവിൽ രോഗബാധിതരുമായി സമ്പർക്കമില്ല. പ്രാഥമിക പരിശോധനാഫലം വന്നശേഷം തുടർനടപടി സ്വീകരിക്കുമെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. കലക്ടർ വി ആർ പ്രേംകുമാറിന്റെ നേതൃത്വത്തിൽ വിവിധ വകുപ്പ് ജില്ലാ മേധാവികളുടെ യോഗം ചേർന്ന് സാഹചര്യം വിലയിരുത്തി കർമപദ്ധതി തയ്യാറാക്കി. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രിൻസിപ്പൽ ഡോ. എൻ ഗീതയുടെ നേതൃത്വത്തിലും ഉന്നതതല യോഗം ചേർന്നു.
ഐസൊലേഷനിലുള്ളവർക്ക്
സഹായത്തിന് സന്നദ്ധസേന
നിപാ പ്രതിരോധത്തിന്റെ ഭാഗമായി കോഴിക്കോട് ജില്ലയിലെ കണ്ടെയ്‌ൻമെന്റ് സോണുകളിൽ ഐസൊലേഷനിലുള്ളവരെ സഹായിക്കാനായി സന്നദ്ധപ്രവർത്തകരുടെ സേവനം ലഭ്യമാക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിൽ തീരുമാനം. ഈ വളന്റിയർമാർക്ക് തദ്ദേശസ്ഥാപനം ബാഡ്ജ് നൽകും.
കണ്ടെയ്‌ൻമെന്റ് സോണിൽ രണ്ട് പ്രഭവകേന്ദ്രമാണ് കണ്ടെത്തിയത്. ഇതിന്റെ അഞ്ച് കിലോമീറ്റർ ചുറ്റളവിലുള്ള വാർഡുകളിലാണ് പ്രാദേശിക സന്നദ്ധ പ്രവർത്തകരുടെ സേവനം ഉണ്ടാകുക. ഐസൊലേഷനിൽ കഴിയുന്നവർക്ക് മരുന്ന്, ഭക്ഷണം എന്നിവ ഉറപ്പാക്കും. സമ്പർക്കപ്പട്ടികയിലുള്ളവരുടെ എണ്ണം കൂടാൻ സാധ്യതയുണ്ട്. ഇത് കണക്കിലെടുത്ത് തദ്ദേശസ്ഥാപനതലത്തിൽ ഐസൊലേഷൻ സൗകര്യം ഒരുക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
നിലവിൽ 789 പേരാണ് സമ്പർക്കപ്പട്ടികയിലുള്ളത്. ഇതിൽ 77 പേർ ഹൈറിസ്‌ക് വിഭാഗത്തിലാണ്.153 പേർ ആരോഗ്യ പ്രവർത്തകരാണ്. കോഴിക്കോടെത്തിയ കേന്ദ്രവിദഗ്ധ സംഘത്തിന്റെ സേവനം വ്യാഴംമുതൽ സംസ്ഥാനത്തിന് ലഭ്യമാകും. 24 വരെ ജില്ലയിൽ വലിയ ആൾക്കൂട്ടം ഒഴിവാക്കാൻ കലക്ടറെ ചുമതലപ്പെടുത്തി.
ആരോഗ്യവകുപ്പ് നിർദേശപ്രകാരം രൂപീകരിച്ച 19 കമ്മിറ്റിയുടെ പ്രവർത്തനം യോഗം വിലയിരുത്തി. രോഗബാധിതനായ ഒമ്പത്‌വയസ്സുകാരന്റെ ചികിത്സയ്ക്കായി മോണോക്ലോണൽ ആന്റിബോഡി ഐസിഎംആറിനോട് ആവശ്യപ്പെട്ടിരുന്നു. ഇത് ബുധൻ രാത്രിയോടെ എത്തും. ആഗസ്‌ത് 30ന് മരിച്ച വ്യക്തി തന്നെയാണ് ആദ്യരോഗിയെന്നാണ് നിഗമനം. അദ്ദേഹം കാവിലുംപാറ പഞ്ചായത്തിലുള്ള തന്റെ കൃഷിയിടത്തിൽ പോയതായി ബന്ധുക്കളും സുഹൃത്തുക്കളും അറിയിച്ചിട്ടുണ്ട്. ജാനകിക്കാടിന് അഞ്ച് കിലോമീറ്ററിനുള്ളിലാണ് അദ്ദേഹത്തിന്റെ വീട്–-ഇതിലേതെങ്കിലുമാവാം രോഗബാധയ്ക്ക് കാരണമായതെന്ന നിഗമനത്തിലാണ് ആരോഗ്യവകുപ്പെന്നും മന്ത്രി പറഞ്ഞു.
യോഗത്തിൽ മന്ത്രിമാരായ എം ബി രാജേഷ്, പി എ മുഹമ്മദ് റിയാസ്, കെ രാജൻ, എ കെ ശശീന്ദ്രൻ, അഹമ്മദ് ദേവർ കോവിൽ, ചീഫ് സെക്രട്ടറി വി വേണു, കോഴിക്കാട് ജില്ലാ കലക്ടർ എ ഗീത എന്നിവരും റവന്യു, പൊലീസ്, ആരോഗ്യ വകുപ്പ് അധികൃതരും പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..