കോഴിക്കോട്
മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിപാ ഐസൊലേഷൻ വാർഡുകൾ തുറന്നു. സാവിത്രി സാബു അർബുദാശുപത്രിക്കു സമീപമുള്ള കെഎച്ച്ആർഡബ്ലിയുഎസിന്റെ പേവാർഡുകളാണ് ഐസൊലേഷൻ വാർഡുകളാക്കിയത്. ഇവിടെ 75 മുറികളാണുള്ളത്. 25 എണ്ണത്തിൽ എട്ട് വെന്റിലേറ്റർ സജ്ജീകരിച്ചിട്ടുണ്ട്. ബാക്കി 50ലും സജ്ജീകരണങ്ങൾ ഒരുക്കുന്നണ്ട്. അർബുദാശുപത്രിയുടെ മുറ്റത്ത് പനിബാധിതർക്കായി ട്രയാജൻ ഒരുക്കുന്നുണ്ട്.
രോഗലക്ഷണമുള്ളവരെ ഇവിടെനിന്ന് ഐസൊലേഷൻ വാർഡിലേക്ക് മാറ്റും. അത്യാഹിതവിഭാഗത്തിലേക്ക് സമാന ലക്ഷണമുള്ളവർ എത്തുന്നത് ഇതുവഴി തടയാനാവും. ആശുപത്രിയിൽ സന്ദർശക നിയന്ത്രണവും ഏർപ്പെടുത്തി.
15 ആരോഗ്യ പ്രവർത്തകർക്ക് സമ്പർക്കവിലക്ക്
നിപാ ബാധിച്ച് മരിച്ച ആയഞ്ചേരി മംഗലാട് സ്വദേശിയുമായി സമ്പർക്കം പുലർത്തിയ പതിനഞ്ചോളം ആരോഗ്യ പ്രവർത്തകർ സമ്പർക്ക വിലക്കിൽ. വടകര സഹകരണ ആശുപത്രിയിയിലെ ഡോക്ടർമാരടക്കമുള്ള 13 പേരും വടകര ഗവ. ജില്ലാ ആശുപത്രിയിലെ ഒരു ഡോക്ടറും ഒരു നഴ്‌സുമാണ് വീടുകളിലും ആശുപത്രികളിലുമായി സമ്പർക്ക വിലക്കിലുള്ളത്.
ഞായർ രാവിലെ 11.15നും 11.45നും ഇടയിലാണ് ആയഞ്ചേരി മംഗലാട് സ്വദേശി ശക്തമായ പനിയെ തുടർന്ന് വടകര ഗവ. ജില്ലാ ആശുപത്രിയിൽ എത്തിയത്. അത്യാഹിത വിഭാഗത്തിൽ എത്തിയ രോഗിയെ പരിശോധിച്ച ഡോക്ടറും നഴ്സുമാണ് സമ്പർക്ക വിലക്കിലായത്. തിങ്കളാഴ്ചയാണ് സഹകരണ ആശുപത്രിയിലെ ഫിസിഷ്യനെ കാണാൻ രോഗി എത്തിയത്. എന്നാൽ രക്ത പരിശോധനയടക്കം നടത്തേണ്ടതിനാൽ ആശുപത്രിയിൽനിന്ന് കോഴിക്കോട് അശ്വനി ലാബിലേക്കും പരിശോധനക്കായി ഇയാൾ പോയിരുന്നു.
സഹകരണ ആശുപത്രിയിൽ നടത്തിയ രക്ത പരിശോധനയിൽ ഡോക്ടർക്ക് സംശയമുണ്ടായതിനെ തുടർന്നാണ് വിദഗ്‌ധ പരിശോധനക്കായി കോഴിക്കോട് ലാബിലേക്ക് പറഞ്ഞയച്ചത്. ഇതിനു പുറമെ വെള്ളിയാഴ്ച ആയഞ്ചേരി ആരോഗ്യ കേന്ദ്രത്തിലും അടുത്ത ദിവസം വില്ല്യാപ്പള്ളി ആരോഗ്യ കേന്ദ്രത്തിലും ഇയാൾ പരിശോധന്‌ക്ക് എത്തിയിരുന്നു.
വൈറസ് വന്ന വഴിയേത്;
പഠിക്കാൻ വിദഗ്‌ധ സംഘമെത്തും
ജില്ലയിൽ രണ്ടുപേർ മരിച്ചത് നിപാ മൂലമാണെന്ന് സ്ഥിരീകരിച്ചതോടെ വൈറസ് വന്നതിനെക്കുറിച്ചുള്ള ഗൗരവമായ പഠനത്തിലേക്ക് ആരോഗ്യ വകുപ്പ് കടക്കുന്നു. മരിച്ച രണ്ടുപേരും രണ്ടു മാസത്തെ ഇടവേളകളിൽ ഗൾഫിൽനിന്ന് നാട്ടിൽ വന്നവരാണ്. എന്നാൽ, വൈറസ് ബാധ വിദേശത്തു നിന്നാകാമെന്ന് ആരോഗ്യ വകുപ്പിന് ഉറപ്പില്ല.
ആദ്യം മരിച്ച മരുതോങ്കര സ്വദേശി മുഹമ്മദിന് സ്വന്തമായി തോട്ടമുണ്ട്. ഇവിടെ കൃഷിയും നടത്തുന്നുണ്ട്. ഇദ്ദേഹം പാട്ടത്തിനു നൽകിയ ഭൂമിയിലും കൃഷിയുണ്ട്. ഇവിടം വവ്വാലിന്റെ ആവാസ കേന്ദ്രമാണോ എന്നാണ് പ്രധാനമായും അന്വേഷിക്കുക. സംസ്ഥാന വനം വകുപ്പും മൃഗ സംരക്ഷണ വകുപ്പും ബുധനാഴ്‌ച പഠനം ആരംഭിക്കും. കേന്ദ്രത്തിൽ നിന്ന് ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ചിന്റെ പക്ഷി സർവേ വിഭാഗവും പുണെ വൈറോജി ഇൻസ്‌റ്റിറ്റ്യൂട്ടിൽനിന്ന് ഡോ. ബാലസുബ്രഹ്‌മണ്യത്തിന്റെ നേതൃത്വത്തിൽ വിദഗ്‌ധ സംഘവും പഠനത്തിനായി കേരളത്തിൽ എത്തുന്നുണ്ട്.
ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ചിന്റെ ചെന്നൈയിൽ നിന്നുള്ള സാംക്രമികരോഗ പഠന സംഘവും എത്തും. ശാസ്‌ത്രീയ പഠനങ്ങളിലൂടെ വൈറസ് ബാധയുടെ ഉറവിടം കണ്ടെത്താനാകുമെന്നാണ് കരുതുന്നത്. മുമ്പും നിപാ ബാധ സ്ഥിരീകരിച്ച ഘട്ടങ്ങളിൽ നടത്തിയ പരിശോധനകളിൽ ജില്ലയുടെ വടക്കു കിഴക്കൻ മേഖലകളിൽ വവ്വാലിന്റെ ആവാസവ്യവസ്ഥ കണ്ടെത്തിയിരുന്നു. ഇത് നിപാ വൈറസിന്റെ പ്രഭവ കേന്ദ്രമാണോ എന്നതിൽ സ്ഥിരീകരണം ആവശ്യമാണ്.
പ്രതിരോധമാണ് പ്രധാനം:
മന്ത്രി വീണാ ജോർജ്
സംസ്ഥാനത്ത് വീണ്ടും നിപാ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. പ്രതിരോധമാണ് പ്രധാനം.
നിപായെപ്പറ്റിയുള്ള അടിസ്ഥാന വിവരങ്ങളും മനസ്സിലാക്കണം. നിപാ വായുവിലൂടെ സാമാന്യം ദൂരത്ത് നിൽക്കുന്നവരിലേക്ക് പകരില്ല, ലക്ഷണമുള്ളവരുമായി അടുത്ത സമ്പർക്കം ഉള്ളവരിലേക്ക് മാത്രമേ പകരൂ. രോഗിയുമായി അടുത്ത് സമ്പർക്കത്തിൽ വരേണ്ടി വന്നാലും എൻ 95 മാസ്‌കുകളും മറ്റ് സംരക്ഷണ ഉപാധികളും ഉപയോഗിച്ച് അണുബാധ ഒഴിവാക്കാമെന്നും മന്ത്രി പറഞ്ഞു.
ആശങ്കവേണ്ട:
മന്ത്രി മുഹമ്മദ് റിയാസ്
പ്രതിരോധ പ്രവർത്തനത്തിന് സർക്കാർ എല്ലാ രീതിയിലും സജ്ജമാണെന്നും ആശങ്കവേണ്ടെന്നും മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. കുറ്റ്യാടിയിൽ എംഎൽഎമാരും പഞ്ചായത്ത് പ്രസിഡന്റുമാരും പങ്കെടുത്ത അവലോകന യോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. നിലവിൽ ഇവിടെ ആശങ്കപ്പെടാൻ ഒന്നുമില്ല. പരിശോധന ഫലം വരുന്നതിനുമുമ്പ് തന്നെ ചെയ്യേണ്ടതെല്ലാം എംഎൽഎമാർ ഉൾപ്പെട്ട ജനപ്രതിനിധികളുടെ സംഘം കൃത്യമായി ചെയ്തിട്ടുണ്ട്. പ്രാദേശിക തലത്തിൽ സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ച് യോഗത്തിൽ തീരുമാനമെടുത്തു. എംഎൽഎമാരായ കെ പി കുഞ്ഞമ്മദ്കുട്ടി, ഇ കെ വിജയൻ, കുറ്റ്യാടി, കുന്നുമ്മൽ, വേളം, മരുതോങ്കര, കായക്കൊടി, നരിപ്പറ്റ, കാവിലുംപാറ, ആയഞ്ചേരി, തിരുവള്ളൂർ പഞ്ചായത്ത് പ്രസിഡന്റുമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
മഹാമാരിയല്ല : ഡോ. ബി ഇക്‌ബാൽ
നിപാ വൈറസ് മഹാമാരിയല്ല, വേഗത്തിൽ നിയന്ത്രണവിധേയമാക്കാൻ കഴിയുന്ന പകർച്ചവ്യാധിയാണ്. ഇപ്പോൾ കോഴിക്കോട് വീണ്ടും നിപാ മരണം സ്ഥിരീകരിക്കപ്പെട്ട സാഹചര്യത്തിൽ കേരളത്തിൽ ആവർത്തിച്ച് വൈറസ് പ്രത്യക്ഷപ്പെടുന്നതിന്റെ കാരണം കണ്ടെത്താനുള്ള സൂക്ഷ്മ പഠനം നടത്തേണ്ടിയിരിക്കുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..