കോഴിക്കോട്
കോഴിക്കോട്ട് വീണ്ടും നിപാ രോഗബാധ സ്ഥിരീകരിച്ചു. രണ്ടു പേർ രോഗം ബാധിച്ച് മരിച്ചതായാണ് ആരോഗ്യ വകുപ്പിന്റെ നിഗമനം. കുറ്റ്യാടി മരുതോങ്കര കള്ളാട് സ്വദേശി എടവലത്ത് മുഹമ്മദ് (49), ആയഞ്ചേരി മംഗലാട് മമ്പളിക്കുനി ഹാരിസ് (41) എന്നിവരാണ് മരിച്ചത്. ഇതിൽ ഹാരിസിന്റെയും ചികിത്സയിൽ കഴിയുന്ന നാലുപേരുടെയും സാമ്പിളുകളാണ് പുണെ ദേശീയ വൈറോളജി ഇൻസ്‌റ്റിറ്റ്യൂട്ടിൽ പരിശോധനയ്‌ക്ക് അയച്ചത്. ഹാരിസിനും ചികിത്സയിൽ കഴിയുന്ന രണ്ടു പേർക്കും രോഗം സ്ഥിരീകരിച്ചു. ഇതിനുപുറമേ രോഗലക്ഷണങ്ങളോടെ ചികിത്സതേടിയ മൂന്നുപേരുടെ സാമ്പിളുകൾകൂടി ചൊവ്വാഴ്‌ച പരിശോധനയ്‌ക്ക് അയച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലയിൽ ഇത് മൂന്നാംവട്ടമാണ് നിപാ ബാധയുണ്ടാവുന്നത്.
കോഴിക്കോട് നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന മുഹമ്മദ് ആഗസ്‌ത് 30നാണ് മരിച്ചത്. ഇതേ കാലയളവിൽ ഈ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിഞ്ഞ ഉപ്പയെ പരിചരിക്കാനെത്തിയപ്പോഴാണ് ഹാരിസിന് രോഗം പകർന്ന് കിട്ടിയതെന്ന് കരുതുന്നു. ഹാരിസ് തിങ്കളാഴ്‌ച മരിച്ചു. മരിച്ചവരുടെ ബന്ധുക്കൾ ഉൾപ്പെടെ ഏഴു പേർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുണ്ട്. ഇതിൽ മുഹമ്മദിന്റെ ഒമ്പതുവയസ്സുള്ള മകന്റെ നില അതീവ ഗുരുതരമാണ്. കുട്ടി വെന്റിലേറ്ററിലാണ്.
168 പേരുടെ സമ്പർക്ക പട്ടിക തയ്യാറാക്കി. ഇതിൽ 127 ഉം വിവിധ ആശുപത്രികളിലെ ആരോഗ്യ പ്രവർത്തകരാണ്. ജില്ലയിൽ ആരോഗ്യ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ആരോഗ്യമന്ത്രി വീണാ ജോർജ് ചൊവ്വ പുലർച്ചെ കോഴിക്കോട്ടെത്തി പ്രതിരോധ പ്രവർത്തനങ്ങളുടെ നേതൃത്വം ഏറ്റെടുത്തു. കലക്ടറേറ്റിൽ അടിയന്തരയോഗം ചേർന്നു. കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രത്യേക ഐസിയു തുറന്നു. ഇവിടെ 75 ഐസൊലേഷൻ കിടക്കകൾ, ആറ് ഐസിയു, നാല് വെന്റിലേറ്റർ എന്നിവ സജ്ജീകരിച്ചു. കുഞ്ഞുങ്ങൾക്ക് ഐസൊലേഷൻ ആവശ്യമെങ്കിൽ അതിനും സൗകര്യമൊരുക്കും. ആയഞ്ചേരിയിൽ മംഗലാട്ട്, പൊയിൽപ്പാറ, കീരിയങ്ങാടി, അഞ്ചുകണ്ടം വാർഡുകൾ അടച്ചിട്ടു.
വവ്വാലുകളുടെ ആവാസകേന്ദ്രം കണ്ടെത്താൻ മൃഗസംരക്ഷണ വകുപ്പും വനംവകുപ്പും സംയുക്ത പരിശോധന നടത്തും. നിരീക്ഷണത്തിൽ കഴിയുന്നവരുടെ സാമ്പിൾ പരിശോധനയ്‌ക്കായി പുണെ വൈറോളജി ഇൻസ്‌റ്റിറ്റ്യൂട്ടിന്റെ മൊബൈൽ ലാബ് കോഴിക്കോട്ട് എത്തും. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) സംഘവും ചെന്നൈയിൽനിന്നുള്ള ഐസിഎംആർ എപ്പിഡമിയോളജി സംഘവും ബുധനാഴ്‌ച കേരളത്തിലെത്തും.
മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിൽ കുറ്റ്യാടിയിൽ എംഎൽഎമാരും പഞ്ചായത്ത് പ്രസിഡന്റുമാരും സെക്രട്ടറിമാരും പങ്കെടുത്ത അവലോകന യോഗം ചേർന്നു. ആരോഗ്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ കോഴിക്കോട്ട് ക്യാമ്പ് ചെയ്യുന്നുണ്ട്.
ഹാരിസിന്റെ ബാപ്പ: പരേതനായ മൊയ്തീൻ കുട്ടി ഹാജി. ഉമ്മ: ഹലീമ ഹജ്ജുമ്മ. ഭാര്യ: അസ്മ (താനക്കോട്ടൂർ). മക്കൾ: യാഫിസ് സഹ്റാൻ, മുഹമ്മദ് സാമിൽ സഹറാൻ. സഹോദരങ്ങൾ: നാസർ, ഗഫൂർ, അഹമ്മദ്, കുഞ്ഞാമി.
പ്രതിരോധ കോട്ടകെട്ടി ആരോഗ്യരംഗം
മരിച്ച രണ്ടുപേരും രണ്ട് പഞ്ചായത്തിലുള്ളവർ. ഒരാൾ ന്യുമോണിയ ബാധിച്ച് മരിച്ചുവെന്നായിരുന്നു സ്വകാര്യ ആശുപത്രിയുടെ നിഗമനം. രണ്ടാമത്തെ ആൾ ആശുപത്രിയിലെത്തുമ്പോഴേക്കും മരിച്ചിരുന്നു. ആദ്യം മരിച്ച ആളുടെ ബന്ധുക്കൾ ഒരുമിച്ച് ഒരേ ലക്ഷണങ്ങളോടെ ആശുപത്രിയിൽ എത്തിയതാണ് ആരോഗ്യ മേഖലയെ ജാഗ്രതപ്പെടുത്തിയത്. ഞൊടിയിടയിൽ സംവിധാനമാകെ ഉണർന്നു. ഇതുവഴി നിപായെന്ന മഹാവിപത്തിന്റെ ആദ്യസൂചന തെളിഞ്ഞു. ഡോക്ടർമാരും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും നടത്തിയ സമയോചിത ഇടപെടലാണ് രോഗ നിയന്ത്രണത്തിലേക്ക് അതിവേഗം കടക്കാൻ ഇടയാക്കിയത്.
മരുതോങ്കര സ്വദേശി മുഹമ്മദ് ആഗസ്‌ത് 30നാണ് നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പനി മൂർച്ഛിച്ച് മരിച്ചത്. ന്യുമോണിയയാണെന്നായിരുന്നു നിഗമനം. എന്നാൽ, കഴിഞ്ഞ ഒമ്പതിന് ഇയാളുടെ രണ്ടു മക്കൾ പനി ബാധിച്ച് മറ്റൊരുസ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. തൊട്ടടുത്ത ദിവസം സഹോദരിയുടെ ഭർത്താവും മറ്റൊരു സഹോദരിയുടെ മകളും എത്തി. രോഗ ലക്ഷണങ്ങളിൽ അപകടം മണത്ത ജില്ലാ ആരോഗ്യ വിഭാഗം സാമ്പിളുകൾ പരിശോധനയ്‌ക്ക് നിർദേശിച്ചു.
ഇതിനിടയിലാണ് വടകരയിലെ മറ്റൊരാശുപത്രിയിൽ അതീവഗുരുതരാവസ്ഥയിലായിരുന്ന ഹാരിസിനെ, മുഹമ്മദിന്റെ ബന്ധുക്കളെ പ്രവേശിപ്പിച്ച കോഴിക്കോട് നഗരത്തിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുവരുന്നതും വരുംവഴി മരിക്കുന്നതും. കേസ് ചരിത്രം പരിശോധിച്ചപ്പോൾ മുഹമ്മദ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ നാളുകളിൽ ഉപ്പയെ പരിചരിക്കാൻ ഹാരിസ് അവിടെ ഉണ്ടായിരുന്നതായി കണ്ടെത്തി. തുടർന്ന് ഹാരിസിന്റെ മൃതദേഹത്തിൽനിന്നും സാമ്പിൾ ശേഖരിച്ചു. മെഡിക്കൽ കോളേജ് മൈക്രോളജി ലാബിൽ നടത്തിയ ട്രൂനാറ്റ് പരിശോധനയിൽ ഫലം പോസിറ്റീവായി.
തിങ്കൾ അർധരാത്രി എൻഎച്ച്‌എമ്മിന്റെ വാഹനത്തിൽ നാലു മണിക്കൂർ കൊണ്ട് അഞ്ച് സാമ്പിളുകളും നെടുമ്പാശേരി വിമാനത്താവളത്തിലും അവിടെനിന്നും വിമാനമാർഗം മുംബൈയിലും പിന്നീട് പുണെ വൈറോളജി ഇൻസ്‌റ്റിറ്റ്യൂട്ടിലും എത്തിച്ചു. പരിശോധന തുടങ്ങി മണിക്കൂറുകൾക്കുള്ളിൽ കേന്ദ്ര ആരോഗ്യമന്ത്രി ഡൽഹിയിൽ നിപ ബാധ സ്ഥിരീകരിച്ചതായി അറിയിച്ചു. മരിച്ച രണ്ടു പേർക്കും നിപ സ്ഥിരീകരിച്ചതായാണ് കേന്ദ്ര മന്ത്രിയുടെ പ്രഖ്യാപനം വന്നത്. എന്നാൽ, മരിച്ച ഒരാളുടെ സാമ്പിൾ മാത്രമാണ് പരിശോധനക്ക് അയച്ചത്. ചൊവ്വ രാത്രി ഒമ്പതോടെയാണ് സംസ്ഥാന ആരോഗ്യ വകുപ്പിന് നിപ സ്ഥിരീകരിച്ചതായി അറിയിപ്പ് ലഭിച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..