24 April Wednesday

വിവാദത്തിനല്ല വികസനത്തിനാണ്‌ 
കേരളത്തെ വളർത്താനാകുക: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Monday Feb 22, 2021


തിരുവനന്തപുരം
വിവാദങ്ങൾക്കല്ല വികസനത്തിനാണ്‌ സംസ്ഥാനത്തെ വളർത്താൻ കഴിയുകയെന്ന സന്ദേശമാണ്‌ സർക്കാർ നൽകുന്നതെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കോവിഡ്‌ പ്രതിരോധത്തിനൊപ്പം വികസന, ക്ഷേമ പ്രവർത്തനങ്ങളിൽ വീഴ്‌ച വരുത്തിയില്ല.

മഹാമാരിയുടെ വെല്ലുവിളികളേയും അതിജീവിച്ച ജനതയാണ്‌ നാമെന്ന്‌ ലോകത്തിന്‌ അഭിമാനപൂർവം കാട്ടിക്കൊടുക്കാൻ കഴിയുംവിധമാണ്‌ പ്രവർത്തനം. കേരളത്തിന്‌ പ്രതീക്ഷയേകുന്ന  ഈ പ്രവർത്തനങ്ങളിൽ തദ്ദേശ സ്ഥാപനങ്ങൾ അവരുടെ കടമ നിർവഹിക്കണം. പുതിയ കേരളം കെട്ടിപ്പടുക്കാൻ സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു. തെരുവ്‌ വിളക്കുകൾ എൽഇഡിയിലേക്ക്‌ മാറ്റുന്ന ‘നിലാവ്‌’ പദ്ധതി ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. 

സംസ്ഥാനത്തെ സാമ്പത്തിക വളർച്ചയ്‌ക്ക്‌ കോവിഡ്‌ വലിയ തിരിച്ചടിയുണ്ടാക്കി.   ഇത്‌ മറികടക്കൽ‌ പ്രധാന വെല്ലുവിളിയാണ്‌. അതിനാണ്‌ വികേന്ദ്രീകരണത്തിൽ അടിസ്ഥാനമായ വികസനം വിപുലീകരിക്കാൻ ശ്രമിക്കുന്നത്‌. നാടിന്റെ വിഭവശേഷി പൂർണമായി വിനിയോഗിക്കണം. അതിനനുസൃതമായ പ്രവർത്തനങ്ങൾ  തദ്ദേശസ്ഥാപനങ്ങളിൽ നടപ്പാക്കണം.
 പ്രാദേശിക സർക്കാരെന്നനിലയിൽ തദ്ദേശസ്ഥാപനങ്ങൾക്ക്‌ തൊഴിലില്ലായ്‌മ പരിഹരിക്കാനുള്ള ഉത്തരവാദിത്തമുണ്ട്‌.

ഇതിന്‌ പ്രാദേശിക പദ്ധതി ആവിഷ്‌കരിക്കണം. സുഭിക്ഷ കേരളം വിപുലീകരിക്കണം. കുടുംബശ്രീയെ ശക്തിപ്പെടുത്തണം. 1000ൽ അഞ്ച്‌ പേർക്ക്‌ പുതിയ തൊഴിലവസരം നൽകാനാണ്‌ സർക്കാർ ലക്ഷ്യമിട്ടിരിക്കുന്നത്‌. അതിനനുസരിച്ച്‌ പദ്ധതികൾ ആസൂത്രണം ചെയ്യണം. സാമൂഹ്യ സന്നദ്ധ സേനയെ നല്ലരീതിയിൽ വാർത്തെടുക്കണം. ഊർജ സംരക്ഷണവും പരിസ്ഥിതി ആഘാത ലഘൂകരണവും ലക്ഷ്യമിട്ടാണ്‌ ‘നിലാവ്‌’ ആവിഷ്‌കരിച്ചത്‌. ഇതുവഴി ഊർജ വിതരണത്തിലെ നഷ്ടവും തദ്ദേശ സ്ഥാപനങ്ങളുടെ വൈദ്യുതി ബില്ലിനത്തിലെ അധിക ചെലവും ഒഴിവാക്കാനാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top