29 November Wednesday

അഭിനയം പോരാട്ടമാണ് 
, അരങ്ങിലാണ് ജീവിതം , ആ പോരാട്ടം മരണംവരെ തുടരും ; എൺപത്തിയെട്ടിന്റെ നിറവിൽ നിലമ്പൂർ ആയിഷ

എം സനോജ്Updated: Sunday Sep 17, 2023


നിലമ്പൂർ
‘അഭിനയം എനിക്ക് പോരാട്ടമാണ്. അരങ്ങിലാണ് എന്റെ ജീവിതം. ആ പോരാട്ടം മരണംവരെ തുടരും.  കലയോടുള്ള മൊഹബത്ത് എനിക്ക്‌ ഇപ്പോഴുമുണ്ട്. ഇനിയും അഭിനയിക്കാൻ കരുത്തുമുണ്ട് ’ –- എൺപത്തിയെട്ടിന്റെ നിറവിൽ നിൽക്കുമ്പോഴും നിലമ്പൂർ ആയിഷയുടെ വാക്കുകൾ ജ്വലിച്ചു. യാഥാസ്ഥിതികത്വത്തിന്റെ ആക്രോശങ്ങൾക്കുമുമ്പിൽ പകച്ചുനിൽക്കാതെ അരങ്ങിൽ തിളങ്ങിയ നിലമ്പൂർ ആയിഷയുടെ  88–-ാം പിറന്നാളാണ്‌ തിങ്കളാഴ്‌ച.

മൂത്തേടത്ത് അഹമ്മദ്കുട്ടിയുടെയും എരഞ്ഞിക്കൽ കുഞ്ഞാച്ചുമ്മയുടെയും മകളായി 1935 സെപ്തംബർ 18ന് ജനനം. വീട്ടിലെ കലാഭിരുചി ചെറുപ്പത്തിലേ ആയിഷയിലെ കലാകാരിയെ ഉണർത്തി. ബാപ്പയുടെ അലക്കുകാരനായിരുന്ന വീരുമുത്തു എന്ന തമിഴനിലൂടെ രാജാപാർട്ട് നാടകങ്ങൾ സ്വായത്തമാക്കി. സിനിമ-–-നാടക അഭിനയ രംഗത്ത് തന്റേതായ കൈയൊപ്പ് ചാർത്തിയ നിലമ്പൂർ ആയിഷ മുസ്ലിം യാഥാസ്ഥിതികത്വത്തിന്റെ കടുത്ത എതിർപ്പ് മറികടന്നാണ് കലാരംഗത്തെത്തിയത്. 15-ാം വയസിൽ നിലമ്പൂർ യുവജന കലാസമിതിയുടെ "ജ്ജ് നല്ലൊരു മന്സനാകാൻ നോക്ക്' എന്ന നാടകത്തിലൂടെയാണ് അരങ്ങേറ്റം. 1961 ൽ കണ്ടംബെച്ച കോട്ടിലൂടെ മലയാള ചലച്ചിത്രരം​ഗത്ത് എത്തിയ ആദ്യ മുസ്ലിം നടിയായി.

വിവാഹശേഷം കുഞ്ഞിന് ഒന്നര വയസ്സുള്ളപ്പോഴാണ് നാടകത്തിൽ സജീവമാകുന്നത്. ഫറോക്കിലെ വേദിയിലാണ്‌ ആദ്യമായി അരങ്ങിലെത്തിയത്.
മുസ്ലിം സ്ത്രീ നാടകത്തിൽ അഭിനയിക്കുന്നതറിഞ്ഞ് യാഥാസ്ഥിതിക വാദികൾ രം​ഗത്തെത്തി. കമ്യൂണിസ്റ്റ് പാർടി വളന്റിയർമാരുടെ കാവലിൽ നാടകം അരങ്ങേറി. പിന്നെ തിരിഞ്ഞുനോക്കിയിട്ടില്ല. 1600ലേറേ വേദികൾ. യാഥാസ്ഥിതികർ കുപ്രചാരണങ്ങളും ഭീഷണിയുമായെത്തി. കേരള നൂർജഹാൻ എന്ന വിശേഷണവും ആദരവും ഒരുഭാ​ഗത്ത്, ആ സ്ത്രീയെ കൊല്ലുക എന്ന അട്ടഹാസം മറുവശത്തും. മഞ്ചേരി മേലാക്കത്ത് നാടകത്തിനിടെ എയർ​ഗൺ ഉപയോ​ഗിച്ച് വെടിവച്ചു. തലനാരിഴക്കാണ് രക്ഷപ്പെട്ടത്. ഏറനാട്ടിലെ കമ്യൂണിസ്റ്റ് പാർടി പ്രവർത്തകർ പിന്തുണയുമായെത്തി. കെ കുഞ്ഞാലിയും അഴീക്കോടനും ഉൾപ്പെടെയുള്ള നേതാക്കൾ ധൈര്യം നൽകി. ആ കരുത്തിൽ അഭിനയത്തിന്റെ പുതിയ ആകാശങ്ങളിലേക്ക് പറന്നു. തീക്കനലിൽ അഭിനയിച്ചതിന് കെ ടി മുഹമ്മദ് നൽകിയ 30 രൂപ ആദ്യ പ്രതിഫലം.

അഭിനയരംഗത്തുനിന്ന് പിന്മാറി 1983ൽ റിയാദിലെത്തി. 18 വർഷത്തെ പ്രവാസ ജീവിതത്തിനുശേഷം ഒന്നും സമ്പാദിക്കാതെ മടങ്ങി. വീണ്ടും അരങ്ങിലെത്തി. ഇബ്രാഹിം വെങ്ങരയുടെ "ഉള്ളതുപറഞ്ഞാൽ' നാടകത്തിലൂടെ.  എൺപതിലധികം സിനിമകളിലും വേഷമിട്ടു. മികച്ച നടിക്കുള്ള കേരള സംഗീതനാടക അക്കാദമി അവാർഡിന്‌ രണ്ട് തവണ അർഹയായി. മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരം 2011ൽ ലഭിച്ചു. കേരള സം​ഗീത നാടക അക്കാദമി ഉപാധ്യക്ഷയായിരുന്നു. നിലമ്പൂർ വല്ലപ്പുഴയിൽ മകളുടെ മകൻ സുനിൽ ബാബുവിനും കുടുംബത്തിനുമൊപ്പമാണ് താമസം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top