29 March Friday

ശിവശങ്കറിന്റെ ചോദ്യംചെയ്യൽ പൂർത്തിയായി

വെബ് ഡെസ്‌ക്‌Updated: Wednesday Jul 29, 2020


കൊച്ചി
സ്വർണക്കടത്ത്‌ കേസന്വേഷണത്തിന്റെ ഭാഗമായി മുൻ ഐടി സെക്രട്ടറി എം ശിവശങ്കറിന്റെ ചോദ്യംചെയ്യൽ എൻഐഎ ആസ്ഥാനത്ത്‌ പൂർത്തിയായി. കേസിൽ ശിവശങ്കറിനെതിരെ ഉയർന്ന ആരോപണങ്ങൾക്കെല്ലാം  വ്യക്തത വരുത്തിയാണ്‌ രണ്ട്‌ ദിവസങ്ങളിലായി 20 മണിക്കൂർ നീണ്ട ചോദ്യംചെയ്യൽ അവസാനിപ്പിച്ചത്‌. ചൊവ്വാഴ്‌ച രാവിലെ പത്തിന്‌ ആരംഭിച്ച ചോദ്യംചെയ്യൽ പത്തുമണിക്കൂറിലേറെ നീണ്ടു. എൻഐഎ ഡിഐജി കെ ബി വന്ദന ഉൾപ്പെടെയുള്ള ഉയർന്ന ഉദ്യോഗസ്ഥരാണ്‌ ചോദ്യംചെയ്‌തത്‌. മൊഴി വായിച്ചുകേട്ട്‌ ഒപ്പിട്ടുനൽകി.‌ അദ്ദേഹം തിരുവനന്തപുരത്തേക്ക്‌ മടങ്ങി.

ശിവശങ്കറിന്റെ  സൗഹൃദം കേസിലെ രണ്ടാംപ്രതി സ്വപ്ന സുരേഷും കൂട്ടരും കള്ളക്കടത്തിന്‌ ദുരുപയോഗം ചെയ്തിട്ടുണ്ടോ എന്നതായിരുന്നു എൻഐഎ കണ്ടെത്താൻ ശ്രമിച്ചത്‌. കേസിൽ ഇതുവരെ ശേഖരിച്ച തെളിവുകളും ശാസ്ത്രീയ നിഗമനങ്ങളും  ചോദ്യംചെയ്യലിൽ ഉപയോഗിച്ചതായാണ്‌ വിവരം. ആവശ്യമെങ്കിൽ വീണ്ടും വിളിപ്പിക്കുമെന്ന്‌ സൂചന നൽകിയാണ്‌ ചൊവ്വാഴ്ച രാത്രി എട്ടരയോടെ  ശിവശങ്കറിനെ വിട്ടയച്ചത്‌. സെക്രട്ടറിയറ്റിൽ നിന്നുള്ള ദൃശ്യങ്ങൾ പരിശോധിച്ചശേഷമാകും ഇത്‌. 

നേരത്തെ തിരുവനന്തപുരത്ത്‌ അഞ്ചര മണിക്കുർ‌ ചോദ്യംചെയ്തിരുന്നു.  ശിവശങ്കറിനെ സ്വർണക്കള്ളക്കടത്തുമായി ബന്ധിപ്പിക്കാനുള്ള തെളിവ്‌ ഇതുവരെ കിട്ടിയിട്ടില്ലെന്ന്‌ കസ്‌റ്റംസ്‌ നേരത്തെ വ്യക്തമാക്കിയിരുന്നു. അതേസമയം കേസിലെ പ്രതികളിൽ ചിലരുമായുണ്ടായ സൗഹൃദം വ്യക്തിപരമായ വീഴ്‌ചയാണെന്ന്‌ ശിവശങ്കർ സമ്മതിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top