18 April Thursday

സ്വർണക്കടത്ത്‌ : ശിവശങ്കറിനെ ഇന്നും ചോദ്യം ചെയ്യും

വെബ് ഡെസ്‌ക്‌Updated: Tuesday Jul 28, 2020


കൊച്ചി
സ്വർണക്കടത്ത്‌ കേസന്വേഷണത്തിന്റെ ഭാഗമായി മുൻ ഐടി സെക്രട്ടറി എം ശിവശങ്കറിനെ എൻഐഎ ചോദ്യം ചെയ്‌തു.  കൊച്ചിയിലായിരുന്നു ഒമ്പതുമണിക്കൂർനീണ്ട ചോദ്യം ചെയ്യൽ. രാവിലെ പത്തിനാരംഭിച്ച ചോദ്യം ചെയ്യലിൽ എൻഐഎയുടെ ദക്ഷിണേന്ത്യൻ മേധാവി കെ ബി വന്ദന ഉൾപ്പെടെയുള്ള ഉയർന്ന ഉദ്യോഗസ്ഥരുമുണ്ടായി. ചൊവ്വാഴ്‌ചയും തുടരും.

തിങ്കളാഴ്‌ച രാവിലെ ഒമ്പതരയോടെയാണ്‌ ശിവശങ്കർ തിരുവനന്തപുരത്തുനിന്ന്‌ കൊച്ചിയിലെത്തിയത്‌.  എൻഐഎ ഓഫീസിനുമുന്നിൽ കാത്തുനിന്ന മാധ്യമപ്രവർത്തകരോട്‌ പ്രതികരിച്ചില്ല.  കേസിൽ ശിവശങ്കറിനെതിരെ ഉയർന്ന ആരോപണങ്ങളിൽ അന്വേഷണസംഘം വ്യക്തത തേടി. തുടർന്ന്‌ പ്രസ്‌താവന എഴുതി വാങ്ങി. ഇത്‌ പരിശോധിച്ചശേഷം കൂടുതൽ വ്യക്തതവരുത്താനാണ്‌ ചോദ്യം ചെയ്യൽ തുടരുക. ഉച്ചയോടെ കസ്‌റ്റംസ്‌ സംഘവും എൻഐഎ കേന്ദ്രത്തിലെത്തി. രാത്രി ഏഴോടെ ചോദ്യം ചെയ്യൽ അവസാനിപ്പിച്ചു. 

വെള്ളിയാഴ്‌ച എൻഐഎ അഞ്ച്‌‌ മണിക്കൂറിലേറെ ശിവശങ്കറെ തിരുവനന്തപുരത്ത്‌ ചോദ്യം ചെയ്‌തിരുന്നു. ശിവശങ്കറെ കേസിൽ പ്രതിചേർക്കാനാവശ്യമായ ഒരു തെളിവും എൻഐഎക്ക്‌ ലഭിച്ചിട്ടില്ലെന്ന്‌ അദ്ദേഹത്തിന്റെ അഭിഭാഷകൻ എസ്‌ രാജീവ്‌  മാധ്യമങ്ങളോട്‌ പ്രതികരിച്ചു. വളരെ ആത്മവിശ്വാസത്തോടെയാണ്‌ ചോദ്യം ചെയ്യലിന്‌ ഹാജരായതെന്നും കള്ളക്കടത്തിൽ ശിവശങ്കറിന്‌  പങ്കില്ലെന്നും അഭിഭാഷകൻ പറഞ്ഞു.

പ്രതികളായ സ്വപ്‌നയും സരിത്തുമായി ഇക്കാര്യത്തിൽ ബന്ധപ്പെട്ടിട്ടില്ല. എൻഐഎയുടെ അന്വേഷണത്തിൽ പൂർണവിശ്വാസമുണ്ട്‌. ചോദ്യം ചെയ്യലിനോട്‌ പൂർണമായി സഹകരിക്കും. വീണ്ടും ചോദ്യം ചെയ്യുന്നതിൽ അസ്വാഭാവികമായി ഒന്നുമില്ലെന്നും അഭിഭാഷകൻ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top